ADVERTISEMENT

കൊല്ലം ∙ ആനച്ചന്തവും മേളപ്പെരുക്കവും. ആനപ്പുറത്തുയർന്ന ദൃശ്യ വിസ്മയങ്ങൾക്ക് വിശറിയായി ആലവട്ടവും വെഞ്ചാമരവും. സാന്ധ്യ ശോഭയിലെ ഈ ‘കണിയൊരുക്കിൽ’ കൊല്ലത്തിന്റെ ഇല്ലം നിറഞ്ഞു; തിങ്ങിനിറഞ്ഞ പുരുഷാരത്തിന്റെ മനവും. ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കൊല്ലം പൂരത്തിൽ അലിഞ്ഞ ജനസഹസ്രങ്ങൾക്ക് ആനന്ദ നിർവൃതി. ക്ഷേത്രത്തിനു മുന്നിലും ആശ്രാമം മൈതാനത്തും ആയിരുന്നു കുടമാറ്റം. ക്ഷേത്രമുറ്റത്ത് 7 ആനകൾ വീതവും ആശ്രാമം മൈതാനത്ത് 11 ആനകൾ വീതവും ആയിരുന്നു കുടമാറ്റത്തിന് അണിനിരന്നത്.

പൂരം, പുരുഷാരം  കൊല്ലം ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടത്തിയ കൊല്ലം പൂരത്തിൽ ആശ്രാമം മൈതാനത്ത് കുടമാറ്റത്തിനായി പുതിയകാവ് ഭഗവതിയും താമരക്കുളം മഹാഗണപതിയും മുഖാമുഖം അണിനിരന്നപ്പോൾ. ചിത്രം : അരവിന്ദ് ബാല∙മനോരമ
പൂരം, പുരുഷാരം കൊല്ലം ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടത്തിയ കൊല്ലം പൂരത്തിൽ ആശ്രാമം മൈതാനത്ത് കുടമാറ്റത്തിനായി പുതിയകാവ് ഭഗവതിയും താമരക്കുളം മഹാഗണപതിയും മുഖാമുഖം അണിനിരന്നപ്പോൾ. ചിത്രം : അരവിന്ദ് ബാല∙മനോരമ

ആറാട്ടിനു പുറപ്പെടാനായി തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു എഴുന്നള്ളി നിന്നപ്പോഴാണ് ക്ഷേത്രമുറ്റത്ത് കുടമാറ്റം. ഉച്ചകഴിഞ്ഞ് തിരുമുന്നിൽ മേളം തുടങ്ങിയതോടെയാണ് പൂരം കൊട്ടിക്കയറാൻ തുടങ്ങിയത്.  പിന്നാലെ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ  താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും എഴുന്നള്ളിയെത്തി. തുടർന്ന് കെട്ടുകാഴ്ചകളും എത്തി. തുടർന്നു കൊടിയിറക്കിയ ശേഷമാണ് ആറാട്ട് പുറപ്പാടിനായി എഴുന്നള്ളി നിന്നത്. മൈതാനത്ത് കുടമാറ്റത്തിന് കൊടിയേറിയപ്പോൾ ജനസഹസ്രങ്ങൾ മാത്രമല്ല, ആകാശത്ത് ചന്ദ്രനും കാഴ്ചക്കാരനായി എത്തി.


ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന കുടമാറ്റം.  

.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന കുടമാറ്റം. .

പുതിയകാവ് ഭഗവതിയുടെ തിടമ്പേറ്റിയ പുത്തൻകുളം അനന്തപത്മനാഭന്റെയും താമരക്കുളം ഗണപതിയുടെ തിടമ്പേറ്റിയ ചിറക്കര ശ്രീറാമിന്റെയും ഇരുവശങ്ങളിൽ 5 വീതം ആനകൾ നിരന്നു.  ഇരുപക്ഷവും ആനപ്പുറത്ത് കൊടിമരം സ്ഥാപിച്ച് കൊടിയേറ്റിയാണ് കുടമാറ്റത്തിന് തുടക്കമിട്ടത്. തുടർന്നു പുതിയകാവ് ക്ഷേത്രം തട്ടുകുടകൾ, എടുപ്പു കുതിര, ശ്രീരാമൻ, മയിൽ, കഥകളി, ശിവലിംഗം, താമരയിലെ ലക്ഷ്മി തുടങ്ങി ഐഎസ്ആർഒയുടെ ചാന്ദ്രയാൻ വരെ കുടമാറ്റത്തിൽ ആനപ്പുറത്ത് കുടകൾക്കൊപ്പം കയറി. പൂക്കാവടി, കൽവിളക്ക്, കന്യക വിളക്ക്, ശ്രീരാമൻ,  24 അടി ഉയരമുള്ള ഗുളികൻ തെയ്യം,  അക്ഷരം തെയ്യം,  എടുപ്പു കുതിര, ഗണപതി തിടമ്പ്,  വാൽകണ്ണാടി, ശിവലിംഗം, കുരുത്തോലക്കുട എന്നിവ കൊണ്ടാണ് താമരക്കുളം പ്രത്യഭിവാദ്യം ചെയ്തത്.

ക്ഷേത്രമുറ്റത്ത്  ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും തൃക്കടവൂർ അഖിലിന്റെയും നേതൃത്വത്തിൽ നടന്ന മേളം.
ക്ഷേത്രമുറ്റത്ത് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും തൃക്കടവൂർ അഖിലിന്റെയും നേതൃത്വത്തിൽ നടന്ന മേളം.

ഒന്നര മണിക്കൂറോളം നീണ്ട കുടമാറ്റം കൊടിയിറക്കി ഉപചാരം ചൊല്ലി പിരിഞ്ഞു.  രാവിലെ മുതൽ നഗരവീഥികളിൽ കണ്ടതു ചെറുപൂരങ്ങളുടെ വരവ് ആയിരുന്നു. നഗരത്തിലെ 13 ക്ഷേത്രങ്ങളിൽ നിന്ന് വാദ്യമേളങ്ങളും ഗജവീരന്മാരും ചെറുപൂരങ്ങളായി ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ക്ഷേത്രത്തിൽ എത്തിയ ശേഷം ആനകളുടെ നീരാട്ട്.  ആനയൂട്ടും നടന്നതിന് ശേഷമാണ് പൂരത്തിന്റെ കടന്നത്. ഒന്നര മണിക്കൂറോളം കുടമാറ്റം നീണ്ടു. ഇനി അടുത്ത പൂരത്തിന് കാണാം.


ആനകളുടെ നീരാട്ട്
ആനകളുടെ നീരാട്ട്

നീരാട്ടിനു ശേഷം ആനയൂട്ട്;  ആവേശത്തോടെ ജനക്കൂട്ടം
കൊല്ലം ∙ ഗജവീരൻമാരെ പരിചയപ്പെടുത്തിയും സമൃദ്ധമായ വിഭവങ്ങളോടെ ഊട്ടിയും കൊല്ലം പൂരത്തിലെ ആനയൂട്ട്. ആന നീരാട്ടിന് ശേഷം ക്ഷേത്രം ചുറ്റിയാണ് ആനകൾ ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മൈതാനത്തേക്ക് ആനയൂട്ടിനായി അണിനിരന്നത്. ഓരോ ആനകളെയും പരിചയപ്പെടുത്തി ദേശിംഗനാടിന്റെ പൂരമണ്ണിലേക്ക് അവതാരകൻ ആനകളെയും സാരഥികളെയും സ്വാഗതം ചെയ്തു. 

ആറാട്ട് പുറപ്പെടാനായി ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിൽ 
തൃക്കടവൂർ ശിവരാജു തിടമ്പേറ്റി നിൽക്കുന്നു
ആറാട്ട് പുറപ്പെടാനായി ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിൽ തൃക്കടവൂർ ശിവരാജു തിടമ്പേറ്റി നിൽക്കുന്നു

അമ്പാടി മാധവൻകുട്ടിയാണ് ആദ്യം പടിക്കെട്ടിറങ്ങി മൈതാനത്ത് പ്രവേശിച്ചത്.പടിക്കെട്ടിലെത്തി ചുറ്റും കൂടിയിരിക്കുന്ന പൂരപ്രേമികളെ മുഴുവൻ അഭിവാദ്യം ചെയ്താണ് ഓരോ ആനയും ആനയൂട്ടിനായി രംഗപ്രവേശം ചെയ്തത്. ആവേശം മൊബൈൽഫോണിൽ പകർത്താൻ‍ മത്സരിച്ച് ആളുകൾ ആരവം മുഴക്കി. 

കൊല്ലം പൂരത്തിനോടനുബന്ധിച്ചു നടന്ന ആനയൂട്ട്
കൊല്ലം പൂരത്തിനോടനുബന്ധിച്ചു നടന്ന ആനയൂട്ട്

ഒടുവിൽ തൃക്കടവൂർ ശിവരാജു കടന്നുവന്നപ്പോൾ ഉച്ചഭാഷിണിയിലെ ശബ്ദം പോലും ജനത്തിന്റെ ആർപ്പുവിളിയിൽ അലിഞ്ഞില്ലാതായി.  ക്ഷേത്രത്തിന് മുൻപിൽ ഒരു വരിയായും മൈതാനത്തിന്റെ വലതു ഭാഗത്തായി പരസ്പരം അഭിമുഖമായി 2 നിരയുമായാണ് ആനകൾ അണിനിരന്നത്. തുടർന്നു ശ്രീജ സുരേഷ് ദീപം തെളിച്ചു. ആശ്രാമം ക്ഷേത്രത്തിലെ ആന ഗോപാലകൃഷ്ണന് ഊട്ട് സമർപ്പിച്ചാണ് ആനയൂട്ടിന് തുടക്കമായത്.

തുടർന്നു തയാറാക്കി വച്ച താലത്തിൽ ഓരോ ആനകൾക്കായി വിഭവങ്ങൾ നൽകി. തണ്ണിമത്തൻ, കരിമ്പ്, പഴം, അവിൽ, വെള്ളരി തുടങ്ങി ഒട്ടേറെ വിഭവങ്ങൾ കൊണ്ടു സമ്പന്നമായിരുന്നു ആനയൂട്ട്. കരിവീരൻമാർ ഓരോരുത്തരായി ആനയൂട്ട് നടത്തിയ ശേഷം  മൈതാനം വിട്ടു. തുടർന്നു പൂരസദ്യയുമുണ്ടായി.

‘ഓരോ വർഷവും കൂടുതൽ മികവ്’
കൊല്ലം ∙ കൊല്ലത്ത് ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായി കൊല്ലം പൂരം മാറിയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കൊല്ലം പൂരത്തിന്റെ ഭാഗമായി കുടമാറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര ഭൂപടത്തിൽ കൊല്ലം പൂരം ഇടംപിടിച്ചിട്ടുണ്ട്. വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ‍ ഓരോ വർഷവും കൂടുതൽ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ വർഷം ഉന്നയിച്ച പരാതിക്കു പരിഹാരമായി ഇത്തവണ  കൂടുതൽ തുക പൂരത്തിന് അനുവദിച്ചതായി  മന്ത്രി പറഞ്ഞു. 

എൻ.കെ.പ്രേമചന്ദ്രൻ എംപി. എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ ചേർന്നു ഭദ്രദീപം തെളിച്ചു. പൂരം വൈസ് ചെയർമാൻ  ആർ.പ്രകാശൻ പിള്ള അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ, ഉപദേശക സമിതി കൺവീനർ മംഗലത്ത് ഹരികുമാർ, കൗൺസിലർ സജിതാനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു. 

മേളപ്പെരുക്കം
കൊല്ലം ∙ക്ഷേത്രമുറ്റത്തും ആശ്രാമം മൈതാനത്തും ആയിരുന്നു 140 അംഗ സംഘത്തിന്റെ പഞ്ചാരിയും പാണ്ടിമേളവും. മേളപ്രമാണിമാരായ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെയും തൃക്കടവൂർ അഖിലിന്റെയും നേതൃത്വത്തിൽ ആയിരുന്നു മേളം. ക്ഷേത്രമുറ്റത്ത് പഞ്ചാരി കൊട്ടിക്കയറിയത് 2 മേളപ്രമാണിമാരുടെയും സംഘം ഒരുമിച്ചു നിന്നായിരുന്നു. ആശ്രാമം മൈതാനത്ത് പുതിയകാവ് ഭഗവതിയുടെ മുന്നിൽ തൃക്കടവൂർ അഖിലിന്റെ സംഘവും താമരക്കുളം ഭാഗത്ത് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ സംഘവും കൊട്ടിക്കയറി. മൈതാനത്ത് പാണ്ടിമേളമാണ് കൊട്ടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com