ADVERTISEMENT

അമേരിക്കൻ പൗരൻ ജെബി മാതാ അമൃതാനന്ദമയി മഠത്തിൽ വന്നതാണ്. നടക്കാനിറങ്ങി വള്ളിക്കാവ് ജംക്‌ഷനിലെത്തിയപ്പോൾ അവിടെ നട്ടുച്ചയ്ക്ക് ഉത്സവം. തിരുവാതിരയും ഓട്ടൻതുള്ളലും ബാൻഡ് മേളവും നാടൻപാട്ടും കലാജാഥയുമൊക്കെ അരങ്ങു തകർക്കുന്നു. നാട്ടുകാർക്കൊപ്പം നൃത്തം വച്ച് ജെബിയും രംഗം കൊഴുപ്പിച്ചു.  എഐസിസി ജനറൽ സെക്രട്ടറി കൂടിയായ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെസി വേണുഗോപാലിന്റെ സ്വീകരണ പര്യടനം ഓരോ കേന്ദ്രങ്ങളിലും ഉത്സവമേളമാണ്.

ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ കെ.സി എത്താത്ത ഗ്രാമങ്ങളില്ല, പട്ടണങ്ങളില്ല. അതുകൊണ്ടാണ്, വള്ളിക്കാവ് ജംക്‌ഷനിൽ കെ.സി യെ സ്വീകരിക്കാൻ എത്തിയവർ പ്രിയ സ്ഥാനാർഥിയെ കണ്ട് ആവേശം മൂത്ത് വിളിച്ചു പറഞ്ഞത്: ‘ ഞങ്ങളുടെ ഹൃദയത്തിലാണ് കെ.സി...’ ക്ലാപ്പന മണ്ഡലം പിന്നിട്ട് നിശ്ചയിച്ചതിലും 3 മണിക്കൂറിലേറെ വൈകിയാണ് സ്ഥാനാർഥിയും സംഘവും വള്ളിക്കാവ് ജംക്‌ഷനിലെത്തിയത്. കെസി യെ കാണാനെത്തിയവർ അത്രയും നേരം മുഷിപ്പില്ലാതെ കാത്തു നിന്നു.

വാഹനവ്യൂഹം ജംക്‌ഷനിലേക്ക് അടുത്തപ്പോഴേക്കും ആവേശം ഉച്ചസ്ഥായിയിലായി. ബാൻഡ് മേളം അത് ഇരട്ടിപ്പിച്ചു. പേപ്പർ പോപ്പർ യന്ത്രത്തിൽ നിന്ന് വർണക്കടലാസുകൾ അന്തരീക്ഷം നിറച്ചു. മാലപ്പടക്കം കാതടപ്പിച്ചു.  സ്റ്റേജിലേക്ക് കയറിയ സ്ഥാനാർഥിയെ ഹാരമണിയിക്കാൻ സ്ത്രീകളും കുട്ടികളും മത്സ്യത്തൊഴിലാളികളും മറ്റും അടങ്ങുന്ന വൻനിര കാത്തുനിന്നു.

ഓരോരുത്തരെയും സ്നേഹത്തോടെ അഭിവാദ്യം ചെയ്ത് കെ.സി യുടെ ചെറുപ്രസംഗം: ‘ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളും ജനാധിപത്യവും ഭരണഘടനയുമെല്ലാം അതീവഗുരുതര ഭീഷണി നേരിടുന്ന കാലമാണ്. ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്നു പോലും ആശങ്കയുണ്ട്. മുൻപ് മത്സരിച്ചപ്പോൾ എനിക്ക് സ്നേഹം ആവോളം വാരിക്കോരി തന്ന നാടാണ്, ഈ നാടും കരുനാഗപ്പള്ളിയും.

ആ സ്നേഹം എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല. ആ സ്നേഹം അതേ അളവിൽ തിരിച്ചു തരും. നിങ്ങളുടെ സുഖദുഃഖങ്ങളിൽ സഹോദരനായി, മകനായി എക്കാലവും ഈ വേണുഗോപാൽ ഉണ്ടാകും...’ കെ.സി യുടെ വാക്കുകൾ നാട് ഏറ്റെടുത്തു. രാവിലെ ഓച്ചിറയിൽ നിന്നാരംഭിച്ച സ്വീകരണം കരുനാഗപ്പള്ളി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും കൂടി കടന്നുപോകുമ്പോൾ, സ്ഥാനാർഥിയെ സ്നേഹത്തോടെ ഹാരമണിയിക്കാൻ നാട്ടുകാർ തടിച്ചുകൂടി.

രാഹുൽ ഗാന്ധിക്കൊപ്പം കോഴിക്കോട് കോൺഗ്രസിന്റെ മഹാറാലിയിൽ പങ്കെടുത്ത് ഓടിയെത്തിയതാണ് കെസി ഓച്ചിറയിൽ. തുറന്ന ജീപ്പിൽ സി.ആർ മഹേഷ് എംഎൽഎയ്ക്കൊപ്പം കൈ വീശി യാത്ര തുടരുമ്പോൾ കരുനാഗപ്പള്ളിയോടുള്ള സ്നേഹം കെ.സി തുറന്നു പറഞ്ഞു. സൂനാമി ദുരന്തം ഉണ്ടാകുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നു. വേണുഗോപാൽ ടൂറിസം– ദേവസ്വം മന്ത്രി. അന്ന് കരുനാഗപ്പള്ളിയിൽ ഓടിയെത്തിയ കെസി ദിവസങ്ങളോളം അവിടെ ക്യാംപ് ചെയ്തു.

ഉമ്മൻചാണ്ടിക്കൊപ്പം പണിക്കർകടവ് പാലം മുതൽ ചെറിയഴീക്കൽ വഴി ശ്രായിക്കാട് വരെ നടന്നു ദുരന്തത്തിന്റെ ആഘാതം വിലയിരുത്തിയ കഥയും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിയായിരുന്നപ്പോഴും കേന്ദ്രമന്ത്രിയായിരുന്നപ്പോഴും കരുനാഗപ്പള്ളിക്കു വേണ്ടി ചെയ്ത കാര്യങ്ങൾ പൂരിപ്പിച്ചത് ഒപ്പമുണ്ടായിരുന്ന ചീഫ് ഇലക്‌ഷൻ ഏജന്റ് കെ.ജി രവിയാണ്. അഴീക്കൽ– അമൃതപുരി– പണിക്കർകടവ് തീരദേശ റോഡിന് 13.5 കോടി രൂപ അനുവദിപ്പിച്ചത് കെസിയാണ്. അഴീക്കൽ, പറയകടവ്, ആലപ്പാട് എന്നിവിടങ്ങളിൽ നബാർഡ് സഹായത്തോടെ 18 കോടി രൂപ ചെലവിൽ പുലിമുട്ടുകൾ നിർമിച്ചു. അഴീക്കൽ ബീച്ച് നവീകരണത്തിന് ഒരു കോടി നൽകി... പട്ടിക നീണ്ടു. 

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗങ്ങളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയുമാണ് ഓരോ കേന്ദ്രങ്ങളിലും പ്രസംഗം കൊഴുപ്പിക്കുന്നത്. നേതാക്കളായ കെ.സി രാജൻ, ആർ. രാജശേഖരൻ, എം. അൻസാർ, ബിന്ദു ജയൻ, വി.എസ് വിനോദ്, അഡ്വ. ജവാദ്, എൽ. ശ്രീദേവി, കബീർ തീപ്പുര, സന്തോഷ് തൂപ്പാശ്ശേരി, ഷിബു എസ്. തൊടിയൂർ തുടങ്ങിയവരെല്ലാം ഓരോ കേന്ദ്രങ്ങളിലും ഓടി നടക്കുന്നു. ഓരോ സ്വീകരണം കഴിയുമ്പോഴും കുറെയേറെ ദൂരം പ്രവർത്തകർക്കൊപ്പം കെ.സി നടക്കും. പിന്നീട് തുറന്ന ജീപ്പിൽ ഗ്രാമവഴികളിലൂടെ...

‘ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ പട്ടണം കെട്ടിയടയ്ക്കും വിധം എലിവേറ്റഡ് ഹൈവേ വരുന്നതിനെതിരെ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ രംഗത്തിറങ്ങിയപ്പോൾ ‘രൂപരേഖ മാറ്റുന്നത് നടക്കാനേ പോകുന്നില്ല’ എന്നാണ് ചിലർ പറഞ്ഞത്. വ്യാപാരികൾ കെസിയെ കണ്ടു. കെസി വേണുഗോപാൽ കേന്ദ്ര ഗതാഗതമന്ത്രിയെ നേരിട്ടു കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഓപ്പൺ പില്ലർ ഫ്ലൈ ഓവർ ആയി രൂപരേഖ മാറ്റിയെഴുതി... അതാണ് കെ.സി...’ ചങ്ങൻകുളങ്ങര ആർസിപിഎം ജംക്‌ഷനിൽ പ്രസംഗിക്കവേ ഷാനിമോൾ ഉസ്മാൻ പറഞ്ഞ വാക്കുകൾക്ക് കയ്യടിക്കാൻ മുൻനിരയിൽ വ്യാപാരികളുടെ നിര കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com