ADVERTISEMENT

കൊല്ലം ∙ കല്ലുപാലത്തിനു സമീപത്തെ കെട്ടിടം ഭാഗികമായി തകർന്നു. സമീപത്തെ പൂക്കട ചരിഞ്ഞു താഴ്ന്നതിനു പുറമെയാണു സമീപത്തെ ഇരുനിലകെട്ടിടത്തിന്റെ കൊല്ലം തോടിനോടു ചേർന്നുള്ള മധ്യഭാഗം തകർന്നത്. ഇന്നലെ വൈകിട്ട് വലിയ ശബ്ദത്തോടെയാണു കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നത്. കഴിഞ്ഞ ദിവസം രാത്രി ഇവിടെ മണ്ണിടിഞ്ഞു കെട്ടിടം അപകടാവസ്ഥയിലെത്തിയിരുന്നു. ഇനി ഏതു സമയവും നിലം പൊത്താവുന്ന സാഹചര്യത്തിലാണു കെട്ടിടം നിൽക്കുന്നത്.  കൊല്ലം തോടിനു സംരക്ഷണ ഭിത്തി നിർമിക്കുന്നതുമായി ബന്ധപ്പെട്ടു സമീപത്തെ കടമുറിയുടെയും കെട്ടിടത്തിനും താഴെ വലിയ തോതിൽ മണ്ണെടുത്തു നിർമാണം പുരോഗമിക്കുകയാണ്.

കല്ലുപാലത്തിനോടു ചേർന്നു 45 മീറ്റർ നീളത്തിലാണു സംരക്ഷണഭിത്തി കെട്ടുന്നത്. ഇതിനോടൊപ്പം കൊല്ലം തോടിന് ആഴം കൂട്ടുന്ന പ്രവൃത്തികൾ കൂടി നടത്തിയതാണ് പെട്ടെന്നു സമീപത്തെ കെട്ടിടം അപകടാവസ്ഥയിൽ ആവാൻ കാരണമെന്നാണു വിലയിരുത്തുന്നത്. ഇത്രയും ആഴത്തിൽ എന്തിനാണ് മണ്ണെടുക്കുന്നതെന്നോ എന്തൊക്കെ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നോ ഉള്ള വ്യക്തത ഇനിയും ഇവിടത്തെ കച്ചവടക്കാർക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തന്നെ പ്രശ്നം രൂക്ഷമായിട്ടും അധികൃതർ സന്ദർശിക്കുകയോ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്. 

കടമുറിയുടെ തൊട്ടു സമീപത്തുള്ള ഇരുനില കെട്ടിടം ഇപ്പോൾ ഏതു സമയത്തും നിലം പൊത്താവുന്ന നിലയിലാണ്. ഇന്നലെ വലിയ ശബ്ദത്തോടെ ഒരു ഭാഗം തകർന്നപ്പോൾ കെട്ടിടത്തിലെ മറ്റു ഭാഗത്തെ കച്ചവടക്കാരും ഭീതിയോടെ പുറത്തേക്കിറങ്ങി ഓടി. വാടകയ്ക്കും സ്വന്തമായും കെട്ടിടത്തിൽ കച്ചവടം നടത്തുന്നവർ ഇനിയും ഈ കെട്ടിടത്തിലുണ്ട്. പൂർണമായും അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് ഇപ്പോൾ ആരും കച്ചവടമോ സ്ഥാപനമോ നടത്തുന്നില്ല. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണെങ്കിലും ബലം ശക്തമാണെന്നും അശാസ്ത്രീയമായ നിർമാണങ്ങളാണ് ഈ അപകടം ക്ഷണിച്ചു വരുത്തുന്നതെന്നും കച്ചവടക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com