ADVERTISEMENT

കൊല്ലം ∙ മക്കളുടെ മുന്നിൽ വച്ചു ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പിഴ ഒടുക്കിയില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. പാലക്കാട് ആലത്തൂർ കുഴൽമന്ദം പുൽപാറമന്നം വീട്ടിൽ സുനിൽ കുമാറിന് (40) ആണ് കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദ് ശിക്ഷ വിധിച്ചത്.

ചിതറ ചോഴിയക്കോട് കൊച്ചുകലുങ്ക് ചരുവിള വീട്ടിൽ സ്മിത (36) ആണു കൊല്ലപ്പെട്ടത്. 2023 ഫെബ്രുവരി 20നായിരുന്നു സംഭവം. സമൂഹ മാധ്യമം വഴി പരിചയപ്പെട്ടാണ് ഇവർ വിവാഹിതരായത്. വിവാഹത്തിനു ശേഷം ചിതറയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്നു.  സംഭവ ദിവസം രാത്രി 8നു സ്മിത 2 മക്കളുമായി തൊട്ടടുത്തുള്ള അമ്മയുടെ വീട്ടിൽ പോയി മടങ്ങിവന്നപ്പോൾ സുനിൽകുമാർ ഇവരെ മർദിച്ച ശേഷം അടുക്കളയിൽ നിന്നു മണ്ണെണ്ണ എടുത്ത് സ്മിതയുടെ ദേഹത്ത് ഒഴിച്ചു. പുറത്തേക്കോടിയ സ്മിതയുടെ പിന്നാലെ എത്തി ലൈറ്റർ ഉപയോഗിച്ചു തീ കൊളുത്തുകയായിരുന്നു.

പൊള്ളലേറ്റ സ്മിത തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ സ്വയം മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി എന്നാണു പറഞ്ഞത്.സംഭവം നടന്നയുടൻ 15 വയസ്സുള്ള മകൾ പൊലീസിനു നൽകിയ മൊഴിയും കോടതി മുൻപാകെ 2 പെൺമക്കൾ നൽകിയ മൊഴിയും പരിഗണിച്ചാണു പ്രതി കുറ്റക്കാരൻ ആണെന്നു കണ്ടെത്തിയത്. 

പ്രതി പിഴ ഒടുക്കുകയാണെങ്കിൽ അതു സ്മിതയുടെ അനന്തരാവകാശികൾക്കു നൽകാനും മൈനർ ആയ പെൺകുട്ടികളുടെ പുനരധിവാസത്തിന് ആവശ്യമായ നഷ്ടപരിഹാരം നൽകാനും ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ എ.െക.മനോജ്, സിസിൻ ജി.മുണ്ടയ്ക്കൽ എന്നിവർ കോടതിയിൽ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com