ADVERTISEMENT

കൊല്ലം∙ രണ്ടാഴ്ച മുൻപ് ആഞ്ഞടിച്ച കടലാക്രമണത്തിന്റെ കെടുതികളിൽ നിന്നു മോചിതരാവാതെ മുണ്ടയ്ക്കൽ വെടിക്കുന്ന് നിവാസികൾ. കടൽ കവർന്ന 4 വീടുകളിലെ കുടുംബങ്ങൾ റോഡരികിൽ അന്തിയുറങ്ങുന്നു. ഈ കൊടുംചൂടിലും രാത്രിമഴയിലും. റോഡരികിൽ കെട്ടിയ താൽക്കാലിക ഷെഡിലാണു ഫ്രാൻസിസ്–ലൈല, അമ്മിണി, രഞ്ജിനി, അനൂപ് എന്നിവരുടെ കുടുംബങ്ങൾ അന്തിയുറങ്ങുന്നത്. കട്ടിലുകളും പാത്രങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാ സാധനങ്ങളും പ്ലാസ്റ്റിക് കവർ കൊണ്ടു മറച്ചുവച്ചിരിക്കുകയാണ്. പോകാൻ മറ്റു സ്ഥലങ്ങൾ ഇല്ലാത്തവരും വാടകവീടെടുത്ത് പോകാൻ കഴിയാത്തവരുമാണു റോഡരികിൽ താമസമാക്കിയത്. മുൻപു ദുരിതാശ്വാസ ക്യാംപിൽ പോയവരുടെ ദുരനുഭവം തങ്ങൾക്ക് ഉണ്ടാകുമെന്നുള്ള ആശങ്കയാണ് ക്യാംപിലേക്ക് മാറ്റാമെന്ന അധികൃതരുടെ വാഗ്ദാനം ഇവർ നിരസിക്കാൻ കാരണം.

വെടിക്കുന്നു ഭാഗത്ത് തിരയെടുത്ത് അടിസ്ഥാനം തകർന്ന വീട്.
വെടിക്കുന്നു ഭാഗത്ത് തിരയെടുത്ത് അടിസ്ഥാനം തകർന്ന വീട്.

മുണ്ടയ്ക്കൽ ഭാഗത്തെ 24 വീടുകളാണു കഴിഞ്ഞ കടലാക്രമണത്തിൽ കടലെടുത്തു തകർന്നത്. പുതിയ വീടുകളടക്കം തകർന്നതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണു പ്രദേശവാസികൾക്ക് ഉണ്ടായത്. വീട് നഷ്ടപ്പെട്ടവരിൽ ചിലർ ബന്ധുവീടുകളിലേക്കും മറ്റു ചിലർ വാടക വീടുകളിലേക്കും മാറുകയായിരുന്നു. ഇനിയും ഒട്ടേറെ വീടുകൾ കടലെടുക്കുമെന്ന സ്ഥിതിയാണ്. ശക്തമായ തിരമാലകൾ ചില സമയങ്ങളിൽ ഇപ്പോഴും ആഞ്ഞടിക്കുന്നുണ്ട്. മഴയെത്തിയാൽ സാഹചര്യം ഇനിയും ഗുരുതരമാകും.റോഡരികിൽ കഴിയുന്ന കുടുംബങ്ങളും മഴക്കാലത്ത് എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ തീരത്തു വൻപ്രതിഷേധമുണ്ട്. കടലാക്രമണം ഉണ്ടാകുമെന്നു മാസങ്ങൾക്കു മുൻപു തന്നെ നാട്ടുകാർ അധികൃതരെ അറിയിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണു പരാതി.

പരവൂർ മുതൽ കൊല്ലം ബീച്ച് ആരംഭിക്കുന്ന വെടിക്കുന്ന് ഭാഗം വരെ ചെറുതും വലുതുമായ പുലിമുട്ടുകൾ സ്ഥാപിക്കണമെന്ന ആവശ്യം യഥാസമയം പരിഗണിക്കാത്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. കടലാക്രമണത്തെ തുടർന്നു ജനം തെരുവിൽ ഇറങ്ങിയതോടെയാണ് ഇരവിപുരം,കാക്കത്തോപ്പ് ഭാഗത്തു വരെ പുലിമുട്ട് നിർമിച്ചത്.എന്നാൽ വെടിക്കുന്ന് ഭാഗത്തെ നിർമാണം എവിടെയുമെത്തിയില്ല. കടലാക്രമണത്തെ തുടർന്നു പ്രദേശവാസികൾ റോഡ് ഉപരോധമടക്കമുള്ള സമരങ്ങൾ നടത്തിയതോടെയാണു വെടിക്കുന്ന് ഭാഗത്തു പുലിമുട്ട് നിർമിക്കാനുള്ള നടപടികൾക്കു വേഗമേറിയത്.എത്രയും പെട്ടെന്ന് പുലിമുട്ടുകൾ സ്ഥാപിച്ചില്ലെങ്കിൽ കാലവർഷത്തിൽ അവശേഷിക്കുന്ന തീരവും വീടുകളും കടലെടുക്കുമെന്ന ആശങ്കയിലാണ് ഇപ്പോൾ ജനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com