ADVERTISEMENT

ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഉച്ചയ്ക്കു ശേഷം മഴ ലഭിക്കും. ഉച്ചവരെ കനത്ത ചൂട് തുടരും. ചൂടിനെത്തുടർന്ന് ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ്:  അവസാനവട്ട തയാറെടുപ്പിൽ അധികൃതർ
കൊല്ലം∙ തിരഞ്ഞെടുപ്പിന്റെ അവസാന തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നു കലക്ടർ എൻ. ദേവിദാസ് അറിയിച്ചു. വോട്ടിങ്ങിനു മുൻപ് നടത്തേണ്ട പ്രവർത്തനങ്ങൾ കലക്ടർ ചേംബറിൽ ചേർന്ന യോഗത്തിൽ വിശദീകരിച്ചു. 25 മുതൽ നടത്തേണ്ട പ്രവർത്തനങ്ങളുടെ സൂക്ഷ്മ വിശകലനവും നടത്തി. സ്‌ട്രോങ് റൂമുകളിൽനിന്ന് വോട്ടിങ് മെഷീനുകൾ പുറത്തെടുക്കുന്ന ഘട്ടം മുതൽ അതീവ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വോട്ടിങ് സാമഗ്രികളുടെ വിതരണം സമയബന്ധിതമായി പൂർത്തീകരിക്കും. പ്രശ്‌നബാധിത ബൂത്തുകളിൽ സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സൗകര്യവും ഉറപ്പാക്കും. കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്.

വോട്ടെടുപ്പ് പ്രക്രിയ മുഴുവൻ സമയവും കൃത്യമായ നിരീക്ഷണത്തിന് വിധേയമാക്കും. പോളിങ് സ്റ്റേഷനുകളിലെ  പ്രവർത്തനങ്ങളെല്ലാം ഓരോ മണിക്കൂറിലും വിലയിരുത്തുന്നതിന് ‘പോൾ മാനേജർ’ മൊബൈൽ ആപ്ലിക്കേഷനാണ് ഉപയോഗിക്കുക. അതിലൂടെ പോളിങ് ശതമാനം കൃത്യമായി രേഖപ്പെടുത്താനാകും. പോളിങ് സംഘം വിതരണകേന്ദ്രത്തിൽനിന്ന് പുറപ്പെടുന്നതു മുതൽ വോട്ടിങ് പ്രക്രിയ അവസാനിക്കുന്നതു വരെയുള്ള വിവരങ്ങളെല്ലാം തത്സമയം ആപ്പിലേക്ക് രേഖപ്പെടുത്തും. പോളിങ് ദിനത്തിൽ എൻകോർ പോർട്ടലിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തും. തൽസമയ വിവരങ്ങൾ https://www.eci.gov.in/voter-turnout-app ലിങ്കിലൂടെ വിവരങ്ങൾ ലഭിക്കും. 

ഇവിഎം കമ്മിഷനിങ്  പൂർത്തിയായി
കൊല്ലം∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) കമ്മിഷനിങ് പൂർത്തിയായി. ലോക്‌സഭാ മണ്ഡല പരിധിയിൽ ഉൾപ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളിലാണ് നടപടികൾ പൂർത്തിയാക്കിയത്. സ്ഥാനാർഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ്‌ ലേബൽ ബാലറ്റ്‌ യൂണിറ്റിലേക്ക്‌ ചേർത്ത് സീൽ ചെയ്ത ശേഷം മോക് പോൾ നടത്തി പ്രവർത്തന ക്ഷമത ഉറപ്പുവരുത്തി. പൊതു നിരീക്ഷകന്റെയും റിട്ടേണിങ് ഓഫിസറായ കലക്ടറുടെയും മേൽനോട്ടത്തിൽ നിയമസഭാ മണ്ഡല അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരുടെ നേതൃത്വത്തിലായിരുന്നു കമ്മിഷനിങ്. സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇവിഎമ്മുകളുടെ പ്രവർത്തനക്ഷമതയും ഉറപ്പുവരുത്തി. കമ്മിഷൻ ചെയ്ത യന്ത്രങ്ങൾ സീൽചെയ്ത സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. മൂന്നാം ഘട്ട റാൻഡമൈസേഷന് ശേഷം യൂണിറ്റുകൾ പോളിങ് ഉദ്യോഗസ്ഥർക്കു കൈമാറും.

 ക്വിസ് മത്സരം

നല്ലില ∙ സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 28ന് ഉച്ചയ്ക്ക് 1.30ന് ഇടവകയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ മെമ്മോറിയൽ എക്യുമെനിക്കൽ ക്വിസ് മത്സരം സംഘടിപ്പിക്കും.  9074180121. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com