ADVERTISEMENT

ഓയൂർ ∙ അപകടം പതിയിരിക്കുന്ന കൊടുംവളവുകൾ വീട്ടുകാരുടെ ഉറക്കം കെടുത്തുന്നതായി പരാതി. ആദിച്ചനല്ലൂർ കട്ടച്ചൽ നാൽക്കവല റോഡിൽ കട്ടച്ചൽ എംഐഎംയുപി സ്കൂളിനു സമീപത്തെ കൊടും വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നതായി നാട്ടുകാർ.  ഇന്നലെ വൈകിട്ട് 4നു നാൽക്കവല ഭാഗത്തുനിന്ന് മിനിലോറിയിൽ കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രം വളവു തിരിയുന്നതിനിടെ തെറിച്ച് താഴെ പതിച്ച് അടുത്തുള്ള വീടിന്റെ ചുറ്റുമതിൽ തകർന്നു.

വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനും കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചു. മുറ്റത്ത് ആളുകളാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഒരു വർഷം മുൻപ് സമാനമായ രീതിയിൽ പാറകയറ്റി വന്ന ടിപ്പർ ലോറി വീടിന്റെ ചുറ്റുമതിൽ തകർത്ത് കിണറ്റിലേക്ക് ഇറങ്ങിയിരുന്നു.

2 വർഷം മുൻപ് കാർ മതിൽ ഇടിച്ചു തകർത്ത് ഉള്ളിൽ കയറിയിരുന്നു. കാർ യാത്രികർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മിക്ക ദിവസങ്ങളിലും രാത്രികാലങ്ങളിൽ ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുകയും പരുക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കേണ്ട ജോലി വീട്ടുകാർ ഏറ്റെടുക്കേണ്ടിവരികയും ചെയ്യുന്ന സ്ഥിതിയുണ്ട്. കൊടുംവളവിലെ റോഡിന്റെ ഒരു ഭാഗത്തെ ചെരിവു കൂടിയതാണ് അപകടങ്ങളുണ്ടാകാനുള്ള പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്.

ഇതുവഴി നൂറു കണക്കിനു കാൽനടയാത്രികരാണു കടന്നുപോകുന്നത്. വളവു നിവർത്തുകയോ ശാസ്ത്രീയമായ രീതിയിൽ റോഡ് പുനർനിർമിക്കുകയോ ചെയ്താൽ അപകടങ്ങൾ ഒഴിവാകും. മരാമത്ത് വകുപ്പും പൂയപ്പള്ളി, ആദിച്ചനല്ലൂർ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ട മറ്റ് വകുപ്പ് അധികൃതരും അടിയന്തിരമായി ഇടപെട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com