ADVERTISEMENT

ചാത്തന്നൂർ ∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോളിങ് സമയം കഴിഞ്ഞ ശേഷവും  വോട്ട് ചെയ്യാൻ ബൂത്തുകളിൽ നീണ്ട നിര.  പാരിപ്പള്ളി എഴിപ്പുറം ദേവസ്വം ബോർഡ് സ്കൂളിലെ 153-ാം നമ്പർ ബൂത്ത്,  കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിലെ 140 നമ്പർ ബൂത്ത്, കല്ലുവാതുക്കൽ യുപി സ്കൂളിലെ 130 നമ്പർ ബൂത്ത് എന്നിവിടങ്ങളിൽ വോട്ടെടുപ്പ് സമയത്തിനു ശേഷവും വോട്ടർമാർ ക്യൂ നിന്നു വോട്ട് ചെയ്തത്.

വോട്ടെടുപ്പ് സമയം അവസാനിക്കുമ്പോൾ വരിയിൽ ഉണ്ടായിരുന്ന എല്ലാവർക്കും സ്ലിപ് നൽകി. എഴിപ്പുറം ദേവസ്വം ബോർഡ് സ്കൂളിൽ 67 പേർക്കു സ്ലിപ് നൽകി. രാത്രി ഏഴിനാണ് വോട്ടെടുപ്പ് പൂർത്തിയായത്. കല്ലുവാതുക്കൽ യുപിഎസിൽ 6.40നു വോട്ടിങ് അവസാനിച്ചു.  കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിലെ ബൂത്തിൽ പോളിങ് സമയത്തിനു ശേഷം നൂറിലേറെ പേർ വോട്ട് ചെയ്യാൻ ഉണ്ടായിരുന്നു. ഇവിടെ 7.15നാണ് വോട്ടിങ് പൂർത്തിയായത്.

പ്രകൃതി സംരക്ഷണ ബോധവൽക്കരണം നടത്തി ഹരിത കർമ സേന
പരവൂർ∙ ലോക്സഭ തിരഞ്ഞെടുപ്പ് പോളിങ് ബൂത്തുകളിൽ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണം നടത്തിയും ഹരിത ചട്ടം പാലിക്കാൻ നേതൃത്വം നൽകിയും പരവൂരിലെ ഹരിത കർമ സേനാംഗങ്ങൾ. മണിയംകുളം പരവൂർ യുപിഎസ് കവാടത്തിൽ ഓല മെടഞ്ഞുണ്ടാക്കിയ ഹരിത കവാടം നിർമിച്ചും മാലിന്യം ശേഖരിക്കാൻ ഓല ഉപയോഗിച്ചു നിർമിച്ച കൂടകൾ ഉപയോഗിച്ചുമാണ് ബോധവൽക്കരണം നടത്തിയത്. 

ഇലക‍്ഷനിൽ ജയിക്കാം പ്രകൃതിയെ തോൽപിക്കാതെ’ എന്ന മുദ്രാവാക്യമാണ് 50 ഓളം വരുന്ന ഹരിതകർമ സേനാംഗങ്ങൾ ഉയർത്തിയത്. വോട്ടർമാർക്ക് കുടിവെള്ളം വിതരണം ചെയ്യാൻ ചില്ല് ഗ്ലാസ് ഏർപ്പാടാക്കിയതു മുതൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിച്ച കവറുകൾ നീക്കം ചെയ്യുന്നതു വരെ നീളുന്നു തിരഞ്ഞെടുപ്പ് ദിനത്തിലെ ഹരിതകർമ സേനാംഗങ്ങളുടെ സേവനം. ഒരു ബൂത്തിൽ 2 ഹരിത കർമ സേനാംഗങ്ങളുടെ സേവനമാണ് ലഭ്യമാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പോളിങ് കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ തരംതിരിച്ചു നഗരസഭ വാഹനങ്ങളിൽ കയറ്റി വിട്ടതിനു ശേഷമാണ് ഇവർ പോളിങ് സ്റ്റേഷനുകളിൽ നിന്ന് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com