വേനൽ കടുത്തു, ദാഹിച്ച് നാട്: ശുദ്ധജല ക്ഷാമം രൂക്ഷം; നാട്ടുകാർ ദുരിതത്തിൽ
Mail This Article
അറയ്ക്കൽ ∙ ഇടമുളയ്ക്കൽ പഞ്ചായത്തിലെ അറയ്ക്കൽ വില്ലേജിൽ ഉൾപ്പെട്ട ഭാഗങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമായതു പ്രദേശവാസികളെ ദുരിതത്തിലാക്കുന്നതായി പരാതി. ദൈനംദിന ആവശ്യങ്ങൾക്കു പോലും ദൂരെ സ്ഥലങ്ങളിൽ നിന്നും തലച്ചുമടായി ശുദ്ധജലം കൊണ്ടു വരേണ്ട സ്ഥിതിയാണ്. തടിക്കാട്. കൈതക്കെട്ട്. ഇടയം, പൊടിയാട്ടുവിള, അറയ്ക്കൽ ഭാഗങ്ങളിലാണ് ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. കിണറുകൾ വരണ്ടുണങ്ങിയതോടെ പൈപ്പ് ലൈനിലൂടെ ലഭിക്കുന്ന ശുദ്ധജലമായിരുന്നു പ്രധാന ആശ്രയം.
എന്നാൽ വേനൽ കടുത്തതോടെ പൈപ്പിലൂടെ ലഭിക്കുന്ന ശുദ്ധജലത്തിൽ കുറവുണ്ടായതായി പറയുന്നു. കൂടാതെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് പഞ്ചായത്തിൽ നിന്നും വാഹനങ്ങളിലെത്തിക്കുന്ന ശുദ്ധജലം ലഭിക്കുന്നത്. ഇതു അപര്യാപ്തമാണെന്നു പ്രദേശവാസികൾ പറയുന്നു. വലിയ വാഹനങ്ങളിൽ ശുദ്ധജലം കൊണ്ടു വരുന്നതിനാൽ ഇവയ്ക്കു ഇട റോഡുകളിലൂടെ കയറി പോകാൻ കഴിയില്ല. ഇതുമൂലം ഓരോ വാർഡുകളിലേയും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്കു വാഹനങ്ങളിൽ എത്തിക്കുന്ന ശുദ്ധജലം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
ചില ഭാഗങ്ങളിലുള്ളവർ പാത്രങ്ങളുമായി പ്രധാന റോഡിൽ എത്തിയാണ് വാഹനങ്ങളിൽ കൊണ്ടു വരുന്ന ശുദ്ധജലം ശേഖരിക്കുന്നത്. ചെറുവാഹനങ്ങളിൽ കൂടി ശുദ്ധജല വിതരണം ആരംഭിച്ചാൽ ഉൾപ്രദേശങ്ങളിൽ കൂടി ശുദ്ധജലം എത്തിക്കാൻ സാധിക്കും. ഇതിനു വേണ്ട നടപടി പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണു ആവശ്യം. അറയ്ക്കൽ വില്ലേജിന്റെ ഉൾപ്രദേശങ്ങളിൽ ജൽ ജീവൻ മിഷന്റെ പൈപ്പ് ലൈൻ എത്താത്തതും ശുദ്ധജല ക്ഷാമത്തിന്റെ തീവ്രത കൂട്ടുന്നു.
കന്നുകാലികളെ കുളിപ്പിക്കുന്നതിനും മറ്റുമായി ലഭിക്കുന്ന ശുദ്ധജലത്തിന്റെ അളവ് അപര്യാപ്തമാണെന്നു ക്ഷീര കർഷകരും പറയുന്നു. ജലക്ഷാമം കൂടുതലുള്ള ഭാഗങ്ങളിൽ ഇവ പരിഹരിക്കാൻ ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും ഇല്ലെങ്കിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി സമര പരിപാടികൾ ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തൗഫീഖ് തടിക്കാട്, ഭാരവാഹികളായ ഷുഹൈബ്, ആർ,ബിബിൻ സാം, മിഥുൻ മാത്യു, യാസീൻ, ഷംനാദ് തടിക്കാട് എന്നിവർ പറഞ്ഞു.