ശുദ്ധജലക്ഷാമം രൂക്ഷം: പ്രതിഷേധം
Mail This Article
ശൂരനാട് ∙ ശുദ്ധജലക്ഷാമം രൂക്ഷമായ ശൂരനാട് തെക്ക് പതാരം മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും എതിരെ പ്രതിഷേധം ശക്തമാകുന്നു. കത്തുന്ന വേനലിൽ ജനങ്ങൾക്ക് ആശ്വാസമാകുമെന്നു കരുതിയ കല്ലട പദ്ധതി കനാൽ ശൃംഖലയിൽ ഇതുവരെ വെള്ളം എത്തിക്കാനായില്ല. കനാലിന്റെ വശങ്ങളിലെ ചോർച്ച പരിഹരിച്ച് ജലവിതരണം ഉറപ്പാക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും അർഹമായ ഇടപെടൽ ഉണ്ടായില്ല. ശുദ്ധജല പദ്ധതികളുടെ ടാപ്പുകളിലും വെള്ളം കിട്ടുന്നില്ല. മേഖലയിലെ കിണറുകളെല്ലാം വറ്റിയതോടെ ജലത്തിനായി നെട്ടോട്ടത്തിലാണ് ജനങ്ങൾ. ശുദ്ധജലക്ഷാമത്തിനു അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യുഡിഎഫ് മണ്ഡലം കമ്മിറ്റി ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തിയ ശേഷം സെക്രട്ടറിക്കു നിവേദനം നൽകി.
പഞ്ചായത്തിന്റെ നിരുത്തരവാദപരമായ സമീപനത്തിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നു നേതാക്കൾ പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി നായർ ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ജി.വിജയൻ പിള്ള അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി.പ്രകാശ്, ആർഎസ്പി ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ബഷീർ, തുളസീധരൻ പിള്ള, എസ്.വേണുഗോപാൽ, കോൺഗ്രസ് നേതാക്കളായ ആദിക്കാട്ട് രവീന്ദ്രൻ പിള്ള, എ.വി.ശശിധരക്കുറുപ്പ്, കെ.ആനന്ദൻ, ത്രിതല പഞ്ചായത്തംഗങ്ങളായ ശശികല, മായ വേണുഗോപാൽ, കെഎസ്‍യു ജില്ലാ സെക്രട്ടറി ഗൗരി, കുഞ്ഞിരാമൻ പിള്ള, ബാബു രാജൻ, നിർമലൻ, സീനായ് ബാബു, ശ്യാം കുമാർ, വിജയൻ പിള്ള, മായ, ബിന്ദു സേനൻ എന്നിവർ പ്രസംഗിച്ചു