ബോംബെന്നു കരുതിയതു പടക്കം; ആശ്വസിച്ച് നാട്ടുകാർ
Mail This Article
കൊല്ലം∙ കടയ്ക്കു സമീപം ബോംബ് കണ്ടെന്ന വാർത്ത പരന്നതോടെ നെടുമ്പന നല്ലില കിഴങ്ങുവിള ജംക്‌ഷനിലെ നാട്ടുകാർ പരിഭ്രാന്തരായി. ഒടുവിൽ പൊലീസും ബോംബ് സ്ക്വാഡും എത്തി നടത്തിയ പരിശോധനയിലാണു ബോംബല്ല, ഉത്സവത്തിന് ഉപയോഗിക്കുന്ന പടക്കമാണെന്നു സ്ഥിരീകരിച്ചത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കു വിരാമമായി.
സിപിഎം നെടുമ്പന നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവ് ശിവദാസിന്റെ കടയ്ക്കു സമീപമാണ് ഇന്നലെ രാവിലെ 8നു സജീവിന്റെ അമ്മ ബോംബിന്റെ ആകൃതിയിലുള്ള ഐസ്ക്രീം ബോൾ കണ്ടത്. ചാര നിറത്തിലായിരുന്ന ബോളിന്റെ അടിഭാഗത്തു തിരിയും വെടിമരുന്നും കണ്ടതോടയാണു സംശശയം തോന്നിയത്. കണ്ണനല്ലൂർ പൊലീസ് പൊലീസ് എത്തി പടക്കം നിർവീര്യമാക്കി.
കൊല്ലത്തു നിന്നു ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി നടത്തിയ പരിശോധനയിലാണ് ഉത്സവങ്ങൾക്കു കമ്പക്കാർ ഉപയോഗിക്കുന്ന വെടിമരുന്ന് നിറച്ച ബോളാണെന്നു സ്ഥിരീകരിച്ചത്. ബോംബ് സ്ക്വാഡ് എസ്ഐ കൃഷ്ണകുമാർ, ജിഎഎഎസ്ഐമാരായ സന്തോഷ്, ബിനു, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാർ എന്നിവർ എത്തിയാണു പരിശോധന നടത്തിയത്. പടക്കം ഇവിടെ എങ്ങനെ വന്നു എന്നതിനെപ്പറ്റി അന്വേഷിക്കുമെന്നു കണ്ണനല്ലൂർ പൊലീസ് പറഞ്ഞു.