നീരാവിൽ കുഴീക്കട ഭാഗത്തെ റോഡ് വശം ഇടിഞ്ഞിട്ട് മാസങ്ങൾ; അപകടം കൺമുന്നിൽ
Mail This Article
അഞ്ചാലുംമൂട് ∙ പൊതുമരാമത്ത് റോഡിന്റെ വശം താഴ്ചയിലേക്ക് ഇടിഞ്ഞു വീണ് അപകട നിലയിലായിട്ടു മാസങ്ങൾ കഴിഞ്ഞു. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു അധികൃതർ മുങ്ങിയെന്നു പരാതി. കോർപറേഷൻ പരിധിയിലെ നീരാവിൽ കുരീപ്പുഴ റോഡിൽ നീരാവിൽ കുഴീക്കട ഭാഗത്തെ റോഡാണ് അപകടാവസ്ഥയിലായത്.
വർഷങ്ങൾക്കു മുൻപു സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞ് അപകടമുണ്ടായ ഭാഗമാണിത്. മാസങ്ങൾക്ക് മുൻപ് റോഡിന്റെ ഒരു വശം താഴ്ചയിലേക്ക് ഇടിഞ്ഞു. സ്വകാര്യ ബസുകളും വലിയ വാഹനങ്ങളും കടന്നു പോകുന്ന റോഡിന്റെ വശത്ത് അടിയന്തരമായി കോൺക്രീറ്റ് ചെയ്തു സംരക്ഷണ ഭിത്തി നിർമിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.
അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുള്ള ഭാഗത്തു ഇപ്പോൾ മാലിന്യം തള്ളുന്നതും പതിവായി. നീരാവിൽ കുഴീക്കട ഭാഗത്തെ റോഡിന്റെ വശത്തുസംരക്ഷണ ഭിത്തി നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നു നീരാവിൽ തണലിടം റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികൾ എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകി.