അടുക്കള ജനൽ തുറന്നു നോക്കിയപ്പോൾ രക്തക്കറ; ഇരട്ടക്കൊലപാതകത്തിൽ നടുങ്ങി നാട്
Mail This Article
പരവൂർ ∙ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്തു കൊലപ്പെടുത്തി, കൈഞരമ്പു മുറിച്ചു ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിതാവിന്റെ ആക്രമണത്തിൽ കഴുത്തിന് മുറിവേറ്റ മകൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൂതക്കുളം വടക്കേവീട് ക്ഷേത്രത്തിന് സമീപം ഇടവട്ടം തെങ്ങിൽ വീട്ടിൽ ശ്രീജുവിന്റെ (50) ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (13) എന്നിവരാണു കൊല്ലപ്പെട്ടത്.
ശ്രീജുവിന്റെ മൂത്ത മകൻ ശ്രീരാഗാണ് (18) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാവിലെ 7 മണിയോടെ വീടിനു പുറത്ത് ആരെയും കാണാത്തതിനെ തുടർന്ന് പ്രീതയുടെ സഹോദരൻ പ്രമോദ് അടുക്കള ഭാഗത്തെ ജനൽ തുറന്നു നോക്കിയപ്പോൾ രക്തക്കറ കണ്ടു. തുടർന്ന് അടുക്കള വാതിൽ തകർത്ത് അകത്തു കയറി നോക്കിയപ്പോഴാണ് സ്വീകരണ മുറിയിലും കിടപ്പുമുറിയിലുമായി പ്രീതയും മക്കളും കിടക്കുന്നത് കണ്ടത്.
ശ്രീജു ഇവർക്ക് സമീപം കൈ ഞരമ്പ് മുറിച്ച നിലയിൽ നിലത്തിരിക്കുകയായിരുന്നു. ഉടൻ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രീതയും മകളും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ശ്രീജു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശ്രീരാഗ് അപകടനില തരണം ചെയ്തു. വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും ചാത്തന്നൂർ എസിപി വിജു വി.നായരും സ്ഥലത്തെത്തി പരിശോധന നടത്തി.
പരവൂർ പൊലീസ് ശ്രീജുവിനെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തു. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന്.സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്കും ജീവനൊടുക്കാനുള്ള ശ്രമത്തിനും പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റു സാധ്യതകളും അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ഭാര്യയുടെയും മക്കളുടെയും കഴുത്തു മുറിക്കാനുപയോഗിച്ച കത്തി പൊലീസ് വീട്ടിൽ നിന്നു കണ്ടെടുത്തു. രാത്രി പത്തരയ്ക്കും രാവിലെ ഏഴിനും ഇടയിലാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. ശ്രീജുവിനും കുടുംബത്തിനും പുറമേ പ്രീതയുടെ അച്ഛൻ മോഹനൻപിള്ളയും ഇതേ വീടിനോടു ചേർന്നുള്ള മുറിയിലാണ് താമസിച്ചിരുന്നത്.
പുലർച്ചെ 5 മണിയോടെ മോഹനൻപിള്ള പുറത്തു കടയിലേക്കു പോയതിനു ശേഷമാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് സൂചന. തൊട്ടുതൊട്ട് വീടുകളുള്ള പ്രദേശത്ത് അലർച്ചയോ, കരച്ചിലോ കേട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. മൂവരെയും ബോധരഹിതരാക്കിയ ശേഷമാകാം ശ്രീജു കഴുത്തറുത്തതെന്നാണ് പൊലീസിന്റെ സംശയം.ശ്രീരാഗ് പൂതക്കുളം ജിഎച്ച്എസ്എസ്സിൽ പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്.
നാളെ ഫലമെത്തും. ഇന്ന് ശ്രീരാഗിന്റെ ജന്മദിനം കൂടിയാണ്. ശ്രീനന്ദ പൂതക്കുളം സ്കൂളിൽ 7-ാം ക്ലാസ് വിദ്യാർഥിയാണ്. പൂതക്കുളം സഹകരണ ബാങ്കിലെ കലക‍്ഷൻ ഏജന്റായിരുന്ന പ്രീത വീടിനു സമീപത്തെ വാടക കെട്ടിടത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ചില്ലറ വ്യാപാരശാലയും നടത്തിയിരുന്നു. കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്തിരുന്ന ശ്രീജു കെട്ടിട നിർമാണ തൊഴിലാളിയാണ്.