സുഹൃത്തിനെ മർദിച്ച കേസിലെ പ്രതി കീഴടങ്ങി
Mail This Article
കൊല്ലം ∙ സുഹൃത്തിനെ ക്രൂരമായി മർദിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. പോർട്ട് കൊല്ലം ഹാർബർ ശാലേം നഗർ നിവാസി ഡെന്നീസ് ക്ലീറ്റസ് ആണു കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ മാർച്ച് 31ന് ആണു സംഭവം. ഡെന്നീസിന്റെ സുഹൃത്ത് ഷാബു സേവ്യറും കൂട്ടുകാരും ചേർന്നു ചീട്ടുകളിക്കുന്നതിനിടെ തർക്കമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റി.
ഇതിന്റെ വിരോധത്തിൽ രാത്രിയിൽ വീട്ടിൽ ഉറങ്ങി കിടന്ന ഷാബുവിനെ വിളിച്ചുണർത്തി തടി കഷണം ഉപയോഗിച്ചു ഡെന്നീസ് തലയ്ക്കും വാരിയെല്ലിലും സാരമായി മർദിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. തുടർന്ന്, ഒളിവിൽ പോയ ഡെന്നീസ് ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ താമസിക്കുകയും ജില്ലാ കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ഇയാൾ കഴിഞ്ഞ ദിവസം കീഴ്ക്കോടതിയിൽ ഹാജരാകുകയായിരുന്നു.