സുഹൃത്തിന്റെ വ്യാജ ഒപ്പിട്ട് വാഹന വായ്പ എടുത്ത ശേഷം മുങ്ങിയ ആൾ പിടിയിൽ
Mail This Article
കൊല്ലം ∙ കോളജ് അധ്യാപകനായ സുഹൃത്തിന്റെ വ്യാജ ഒപ്പിട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വാഹന വായ്പ എടുത്ത ശേഷം മുങ്ങിയ ആൾ വർഷങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. ചാത്തന്നൂർ ചിറക്കര ഉളിയനാട് തേമ്പ്ര പുത്തൻവീട്ടിൽ പ്രസാദ് കുറുപ്പ് ( 61) ആണ് പിടിയിലായത്. 2008 ലാണ് കേസിനാസ്പദമായ സംഭവം.
കോളജ് അധ്യാപകനും ചാത്തന്നൂർ സ്വദേശിയുമായ സുഹൃത്തിനെ സഹവായ്പക്കാരനാക്കി ഇയാളുടെ വ്യാജ ഒപ്പിട്ട് 5 ലക്ഷത്തിലേറെ രൂപ വായ്പയെടുത്തെന്നാണ് കേസ്. 2008 ൽ ചാത്തന്നൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് 2022 ൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കർണാടകയിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാളെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
ക്രൈം ബ്രാഞ്ച് എസ്പിഃ എൻ. രാജന്റെ നേതൃത്വത്തിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ജി. ഷാജി, എ. മനു എന്നിവർ ചേർന്ന് മൂകാംബികയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവിടെ ടിപ്പർ ലോറി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.