ഹയർ സെക്കൻഡറി പരീക്ഷാ ഫലം: ജില്ലയിൽ വിജയം 78.10 %
Mail This Article
കൊല്ലം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 78.10 % വിജയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിജയശതമാനത്തിൽ 5.81 ശതമാനത്തിന്റെ വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷത്തെ വിജയശതമാനം 83.91 % ആയിരുന്നു. ജില്ലയിൽ 134 സ്കൂളുകളിൽ നിന്നായി 26,791 പേരാണ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നത്.
ഇതിൽ പരീക്ഷ എഴുതിയ 26,573 വിദ്യാർഥികളിൽ 20,754 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാർഥികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ ഈ വർഷം 97 പേരുടെ കുറവാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ 1,529 വിദ്യാർഥികൾ ഇത്തവണ പരാജയപ്പെട്ടു. 3,353 വിദ്യാർഥികൾ ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി.
വിജയശതമാനം കുറഞ്ഞെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ 396 പേർ ഇത്തവണ കൂടുതലായി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. പരീക്ഷയിലെ മുഴുവൻ മാർക്കും (1200ൽ 1200) സ്വന്തമാക്കിയത് ജില്ലയിൽ 12 പേരാണ്.
കഴിഞ്ഞ വർഷം ഇത് 5 പേർ മാത്രമായിരുന്നു. അതേസമയം 100 ശതമാനം വിജയം ജില്ലയിൽ ഒരൊറ്റ സ്കൂളിലേക്കു മാത്രമായി ചുരുങ്ങി. അൺ എയ്ഡഡ് മേഖലയിലെ അഞ്ചൽ ശബരിഗിരി എച്ച്എസ്എസ് സ്കൂളാണ് പരീക്ഷയെഴുതിയ 32 പേരെയും വിജയിപ്പിച്ചു 100 % വിജയം സ്വന്തമാക്കിയത്.
36.11 % വിജയം നേടിയ കെഎസ്എം വിഎച്ച്എസ്എസ് ഇടവട്ടം സ്കൂളിലാണ് ജില്ലയിൽ ഏറ്റവും കുറവ് വിജയശതമാനമുള്ളത്. കഴിഞ്ഞ വർഷം ജില്ലയിൽ വിഎച്ച്എസ്‌സി അടക്കം 8 സ്കൂളുകൾ 100 % വിജയം നേടിയിരുന്നു.
ഓപ്പൺ സ്കൂൾ വിഭാഗത്തിൽ ജില്ലയിലെ വിജയശതമാനം 47 ആണ്. പരീക്ഷ എഴുതിയ 902 വിദ്യാർഥികളിൽ 427 പേർ വിജയിച്ചു. 10 പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസ് സ്വന്തമാക്കി. തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് കണ്ടിന്യുവസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിങ് (എൻഎസ്ക്യുഎഫ്) സ്കീമിൽ ജില്ലയിൽ പരീക്ഷ എഴുതിയ 3,870 പേരിൽ 2,901 വിദ്യാർഥികൾ വിജയിച്ചു– 74.96 %.
ജില്ലയിൽ മികച്ച വിജയം സ്വന്തമാക്കിയ സ്കൂളുകൾ (സ്കൂൾ, എഴുതിയ കുട്ടികൾ, വിജയിച്ച കുട്ടികൾ, വിജയശതമാനം)
∙ ശബരിഗിരി എച്ച്എസ്എസ്
അഞ്ചൽ –32 –32– 100
∙ ഗവ. വിഎച്ച്എസ്എസ്
കരുനാഗപ്പള്ളി– 62– 61– 98.39
∙ ഗവ. വിഎച്ച്എസ്എസ്
പുന്നല–60– 59– 98.33
∙ ഗവ. വിഎച്ച്എസ്എസ്
കടയ്ക്കൽ– 57– 56– 98.25
∙ എസ്‌വിഎംഎം വിഎച്ച്എസ്എസ്
വെണ്ടാർ– 101– 98– 97.03
∙ എസ്കെ വിഎച്ച്എസ്എസ്
തൃക്കണ്ണമംഗൽ കൊട്ടാരക്കര– 48– 46– 95.83