ADVERTISEMENT

കൊല്ലം ∙ കടുത്ത ചൂടിൽ എസി ഉപയോഗം കൂടിയതോടെ അപ്രതീക്ഷിതമായാണ് എസി പൊട്ടിത്തെറിച്ചു വീടിന് തീപിടിച്ച സംഭവം ജില്ലയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ശാസ്താംകോട്ട പോരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളത്തി ഭാഗത്തെ വീട്ടിലാണ് എസി പൊട്ടിത്തെറിച്ചു തീപിടിച്ചത്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ നാം പുലർത്തേണ്ട ജാഗ്രതയെ ആണ് സംഭവം തുറന്നു കാണിക്കുന്നത്.

സംഭവം എസിയിൽ നിന്നുള്ള ഗ്യാസ് ചോർന്നത് മൂലം ഇടിമിന്നലിൽ സംഭവിച്ചതാണെന്നും ഷോർട്ട് സർക്യൂട്ടാണെന്നും വാദമുണ്ട്. എസിയിൽ നിന്നു വീണ തീപ്പൊരികൾ മുറിയാകെ തീ പടർത്തുകയും മുറിയിലെ കതക്, ജനാലകൾ, കട്ടിൽ, കിടക്ക എന്നിവയെല്ലാം കത്തിനശിക്കുകയുമാണ് ഉണ്ടായത്. കഴിഞ്ഞ ശനി രാത്രി ഒൻപതിനായിരുന്നു സംഭവം. വീട്ടിൽ ആളില്ലാതിരുന്നതാണ് അപകടത്തിന്റെ തോത് കുറച്ചത്.ആളിപ്പടർന്ന തീ നാട്ടുകാരും ശാസ്താംകോട്ട അഗ്നിരക്ഷാ സേനയും ചേർന്ന് അണയ്ക്കുകയായിരുന്നു.

എസി വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണനിലവാരമുള്ള ഉപകരണങ്ങൾ വാങ്ങുന്നതും ശ്രദ്ധയോടെ ഉപയോഗിക്കുന്നതും അപകട സാധ്യത കുറയ്ക്കും. ഇടിമിന്നൽ സമയങ്ങളിൽ അത്യാവശ്യമല്ലാത്ത വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യുന്നത് ഏറെ നല്ലതാണ്. 

∙ എസി യൂണിറ്റുകൾ കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തി പ്രവർത്തനക്ഷമത ഉറപ്പു വരുത്തുക
∙ എസി സർക്യൂട്ടിൽ കപ്പാസിറ്റിക്കു അനുയോജ്യമായ റേറ്റിങ്ങുള്ള എൻസിബിയും കേബിളും നൽകുക
∙ എസിയുടെ പവർ സപ്ലേ പ്രത്യേക പവർ സർക്യൂട്ട് വഴി നൽകുക
∙ എസി പ്രവർത്തിപ്പിക്കുമ്പോൾ ജനാലകളും വാതിലും മറ്റു ദ്വാരങ്ങളും പരമാവധി അടച്ചിടുക
∙ കൃത്യമായ ഇടവേളകളിൽ എസി ഫിൽറ്ററുകൾ ശുചിയാക്കി പൊടിപടലങ്ങൾ അടിഞ്ഞു കൂടിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. 
∙ എസിയുടെ ഔട്ട്ഡോർ യൂണിറ്റ് കൃത്യമായ വായുസഞ്ചാരമുള്ള ഇടത്തു തന്നെ സ്ഥാപിക്കുക
∙ ഉപയോഗം കഴിഞ്ഞാൽ എസി ഓഫ് ചെയ്യുക. വീട് പൂട്ടി പുറത്തു പോകുമ്പോൾ എസി ഓഫ് ആണെന്ന് ഉറപ്പു വരുത്തുക.
∙ എസി പ്രവർത്തിപ്പിച്ചിട്ടും തണുപ്പ് ലഭിക്കുന്നില്ലെങ്കിൽ പെട്ടെന്നു തന്നെ സർവീസ് സഹായം തേടുക
∙ മുറിയുടെ വിസ്തീർണത്തിന് അനുസരിച്ചുള്ള കപ്പാസിറ്റിയുള്ള എസി  സ്ഥാപിക്കുക
∙ കുറെക്കാലം ഉപയോഗിക്കാതെ ഉപയോഗിക്കുമ്പോൾ വാതിലും ജനാലയും തുറന്നിട്ടു പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഉപയോഗിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com