കിണർ ശുചീകരണം മുൻകരുതലില്ലാതെ; ഒരു മാസത്തിനിടെ 10 അപകടം, 2 മരണം
Mail This Article
ശാസ്താംകോട്ട ∙ ആഴമുള്ളതും വായു സഞ്ചാരമില്ലാത്തതുമായ കിണറുകളിൽ മുൻകരുതലില്ലാതെ ശുചീകരണത്തിനിറങ്ങുന്ന തൊഴിലാളികൾ അപകടത്തിപ്പെടുന്നതു പതിവാകുന്നു. കുന്നത്തൂർ താലൂക്കിൽ ഒരു മാസത്തിനിടെ പത്തോളം സ്ഥലത്ത് അപകടമുണ്ടായി. രണ്ടു പേർ മരിച്ചു. വേനൽ രൂക്ഷമായതോടെ ഭൂരിഭാഗം കിണറുകളും വറ്റി. മിക്ക മേഖലകളിലും കനാൽ ജലവും കാര്യമായി എത്തിയിരുന്നില്ല. ഇതോടെ കിണറുകൾ ആഴം കൂട്ടാനുള്ള പണികൾ തകൃതിയായി. കപ്പിയും കയറും ഉപയോഗിക്കാത്തതും മോട്ടർ ഘടിപ്പിച്ച് വെള്ളം പമ്പു ചെയ്യുന്നതുമായ കിണറുകളിൽ വായുസഞ്ചാരം ഉറപ്പാക്കാതെയാണ് മിക്കവരും ഇറങ്ങുന്നത്.
പകുതി എത്തുമ്പോഴേക്കും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിലാകും. തിരിച്ചു കയറാൻ ശ്രമിക്കുന്നതിനിടെ വീണുപോകും. ശൂരനാട് വടക്ക് പുലിക്കുളം, പാറക്കടവ്, ആനയടി കോട്ടപ്പുറം, ശാസ്താംകോട്ട മനക്കര, പടിഞ്ഞാറേകല്ലട ആദിക്കാട് ജംക്‌ഷൻ, ശൂരനാട് തെക്ക് പതാരം എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ഭൂരിഭാഗം സാഹചര്യങ്ങളിലും അഗ്നിരക്ഷാസേന എത്തിയാണ് തൊഴിലാളികളെ രക്ഷിച്ച് ആശുപത്രിയിലേക്കു മാറ്റിയത്.
എന്നാൽ ശൂരനാട് മേഖലയിൽ വ്യത്യസ്ത ദിവസങ്ങളിലായി 2 പേർ മരിച്ചത് നാടിനെ നടുക്കി. കിണർ ശുചീകരണത്തിനിറങ്ങിയ തൊഴിലാളിക്കും കൈതട്ടി വീണ വള്ളിപ്പയർ കെട്ടുകൾ എടുക്കാൻ കിണറ്റിൽ ഇറങ്ങിയ കർഷകനുമാണ് ജീവൻ നഷ്ടമായത്. കിണറ്റിൽ ഇറങ്ങുന്നതിനു മുൻപ് വായുസഞ്ചാരം ഉറപ്പാക്കണമെന്നും മെഴുകുതിരി കത്തിച്ച് കിണറ്റിലേക്ക് ഇറക്കി നോക്കണമെന്നും അണയുന്ന ഭാഗം വരെ മാത്രമാണ് ഓക്സിജൻ ഉണ്ടാവുകയെന്നും അഗ്നിരക്ഷാസേന പറഞ്ഞു. ചില തൊഴിലാളികളും വൃക്ഷങ്ങളുടെ ഇലകൾ കെട്ടി വേഗത്തിൽ ഇറക്കിയും കയറ്റിയും വായുസഞ്ചാരം ഉറപ്പാക്കും. സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കാതെ കിണറ്റിൽ ഇറങ്ങുന്നത് അപകടമാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.