ചാൽ നികത്തിയതോടെ വെള്ളം കയറി കൃഷി നശിക്കുന്നതായി പരാതി
Mail This Article
ഇളമ്പള്ളൂർ ∙ വയലിലെ ചാൽ നികത്തിയതോടെ മഴവെള്ളം കെട്ടിനിന്നു കൃഷി നശിക്കുന്നതായി പരാതി. കളരി ക്ഷേത്രത്തിനു സമീപം കച്ചോണം ഏലായിലെ കൃഷിയിടങ്ങളിലാണു കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. താഴത്തെ വയലിലെ ചാൽ മണ്ണിട്ട് നികത്തിയതോടെ സമീപ വയലുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. വെള്ളം കയറിയത് തെങ്ങ്, വെണ്ട ഉൾപ്പെടെയുള്ള കൃഷിയെ ബാധിച്ചു എന്നുകാട്ടി ആർഡിഒ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകി.
ഇളമ്പള്ളൂർ പനംകുറ്റി ഏലായിൽ വയൽ നികത്തിയ സംഭവത്തിലും ഇതുവരെയും ഒരു തുടർനടപടിയും എടുത്തിട്ടില്ല. വയൽ പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അംഗങ്ങൾ എത്തിയിരുന്നെങ്കിലും നടപടിയാകാതെ പിന്മാറിയത് രാഷ്ട്രീയവിവാദമായിരുന്നു. മണ്ണ് മാറ്റുന്നതിനു പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം എത്തിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു.