ADVERTISEMENT

കൊല്ലം∙ വേനൽമഴ കടുത്തതോടെ ജില്ലയിലെ റോഡുകൾ വെള്ളക്കെട്ടിൽ. ചെറിയ മഴയിലും റോഡുകൾ മുങ്ങുന്ന അവസ്ഥയാണ്. മഴക്കാലപൂർവ ശുചീകരണം തുടങ്ങാൻ വൈകിയതാണ് കാരണമെന്നാണു വിലയിരുത്തൽ. അതേസമയം വേനൽമഴ വൈകിയെത്തിയതാണ് വെള്ളക്കെട്ടിനു കാരണമായി അധികൃതർ നിരത്തുന്ന ന്യായം. 

ദേശീയപാതയിൽ  വെള്ളക്കെട്ട്
നിർമാണം നടക്കുന്ന ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള ദേശീയപാത 66ലാണ് ഏറ്റവും ദുരിതം. മഴയിൽ ദേശീയപാതയും സർവീസ് റോഡുകളും മുങ്ങി. ഗതാഗതക്കുരുക്കും രൂക്ഷമായി. തറ നിരപ്പിനെക്കാൾ ഉയരത്തിൽ ഓടകൾ നിർമിച്ചിരിക്കുന്നതിനാൽ ദേശീയപാതയോരത്തെ വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. നിലവിലുണ്ടായിരുന്ന കലുങ്കുകൾ ഒഴിവാക്കിയതും കാരണമാണ്. ‍ കലുങ്കുകളിലൂടെ ഒഴുകിയിരുന്ന ജലം ഇപ്പോൾ ഇടറോഡുകളിലൂടെയാണ് പോകുന്നത്. 

നിർമാണം പൂർത്തിയായ ഓടകളിലേക്ക് വെള്ളമെത്തിക്കാൻ ചെറിയ പൈപ്പ് മാത്രമാണുള്ളത്. ഇതും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായി. കരുനാഗപ്പള്ളി ടൗണിൽ ജലമൊഴുക്ക് തടസ്സപ്പെട്ടു. ഓച്ചിറ മേഖലയിലെ 13 കലുങ്കുകൾ അടച്ചതിനാൽ കിഴക്ക് ഭാഗം വെള്ളക്കെട്ടിലാകുമന്ന ആശങ്കയിലാണ്. ദേശീയപാതയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാൻ അതത് സ്ഥലങ്ങളിലെ തദ്ദേശസ്ഥാപന അധികൃതർ, ദേശീയപാത അതോറിറ്റി, നിർമാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സംയുക്ത പരിശോധന നടത്തുമെന്നാണു പറയുന്നത്. 

 പുഴക്കരകളിൽ ദുരിതം
കാലവർഷം ശക്തിപ്പെടുന്നതോടെ കല്ലടയാറിന്റെയും പള്ളിക്കലാറിന്റെയും തീരങ്ങളിൽ വെള്ളം കയറുന്നത് പ്രദേശവാസികൾക്ക് ദുരിതമാണ്. പടിഞ്ഞാറേകല്ലട ഐത്തോട്ടുവ, കുന്നത്തൂർ ഐവർകാല ഞാങ്കടവ്, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് വല്യച്ഛൻ നട, മൈനാഗപ്പള്ളി വെട്ടിക്കാട്ട്, കുട്ടിത്തറ, ശാസ്താംകോട്ട പെരുവിലേക്കര, പള്ളിശേരിക്കൽ തെറ്റിക്കുഴി ഉൾപ്പെടെ ജനവാസ മേഖലകൾ വെള്ളത്തിലാകും. ഏലായിൽ അടക്കം തോടുകൾ കരകവിയും. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൈത്തോടുകൾ തെളിച്ച് വെള്ളം ഒഴുകി പോകാനുള്ള വഴികൾ ഉറപ്പാക്കിത്തുടങ്ങി. എന്നാൽ വെള്ളപ്പൊക്കം തടയുന്നതിനു ശാശ്വതമായ പദ്ധതികളില്ല. കല്ലടയാറിൽ നിന്നു വെള്ളം കയറുന്നത് തടയാൻ ഷട്ടറുകൾ നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പള്ളിക്കലാറിന്റെ വശങ്ങളിൽ പാർശ്വഭിത്തി നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യവും നടപ്പായില്ല. ആറ്റുവാശേരി, ഞാങ്കടവ്, കരിമ്പിൻപുഴ, കാരിക്കൽ, ചെറുപൊയ്ക തുടങ്ങിയ പ്രദേശങ്ങളിൽ മുൻകാലങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 

വെല്ലുവിളിയായി  മഴക്കാലം
കൊട്ടാരക്കര മേഖലയിൽ മണ്ണും മാലിന്യങ്ങളും അടിഞ്ഞ് ജലാശയങ്ങൾ നികന്നതോടെ മഴ പെയ്താൽ തോടുകൾ കര കവിഞ്ഞ് വീടുകളിലേക്ക് കയറുകയാണു പതിവ്. പുലമൺ തോടിന് അടുത്തുള്ളവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തോട്ടിലെ മാലിന്യം നീക്കം ചെയ്ത് ആഴം കൂട്ടാൻ നാല് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. വയൽ നികത്തിയതും ജലമൊഴുക്കു തടസ്സപ്പെടാൻ കാരണമായി. 

 ദുരിതമൊഴിയാതെ പൂതക്കുളം
പൂതക്കുളം പഞ്ചായത്തിൽ കഴിഞ്ഞ മഴക്കാലത്ത് വെള്ളം പൊങ്ങിയ തോട്ടിൻകര കോളനി പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഇത് വരെ നടപടി ഉണ്ടായിട്ടില്ലെന്നു പരാതിയുണ്ട്. പുത്തൻകുളം ഏലാത്തോട്ടിൽ ഒഴുക്ക് തടസ്സപ്പെടുന്നത് കാരണമാണ് തോട്ടിൻകര കോളനി പ്രദേശത്ത് വെള്ളം പൊങ്ങുന്നത്. ബ്ലോക്ക്മരം, ചിറക്കര റോഡ്, ഗുരുമന്ദിരം, ഐഒബി എന്നിവിടങ്ങളിലെ ഓടകളും മാലിന്യം നിറഞ്ഞു ജലം ഒഴുകി പോകാൻ കഴിയാത്ത അവസ്ഥയിലാണ്.പരവൂർ ജംക‍്ഷനിലെ മാർക്കറ്റ് റോഡിൽ ചെറിയ മഴയി

കരുനാഗപ്പള്ളിയിൽ മഴ ശക്തമാകുമ്പോൾ പടിഞ്ഞാറൻ മേഖലകളിലെ 3 തഴത്തോടുകൾ വഴിയും കിഴക്കൻ മേഖലയിൽ പാറ്റോലി തോടു വഴിയുമാണ് വെള്ളം ഒഴുകി കായലുകളിലും പള്ളിക്കലാറിലുമൊക്കെ എത്തി കൊണ്ടിരിക്കുന്നത്. തഴത്തോടുകളുടെയും പാറ്റോലി തോടിന്റെ പല ഭാഗങ്ങളും പൊളിഞ്ഞും വശങ്ങൾ കയ്യേറ്റഭീഷണിയിലുമാണ്. കിഴക്കു ഭാഗത്തുള്ള മുണ്ടകപ്പാടവും വെള്ളത്തിന്റെ ക്രമമായ ഒഴുക്ക് നിലച്ച് പായലും കുളവാഴയും മൂടി കിടക്കുന്നു. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വയലും തോടുകളും വ്യാപകമായി നികത്തുന്നതിനെതിരെ നടപടിയില്ലെന്ന പരാതിയുമുണ്ട്.

നഗരത്തിലെ വെള്ളക്കെട്ട്
കൊല്ലം കോർപറേഷന്റെ തൃക്കടവൂർ സോണൽ പരിധിയിൽ പ്രധാന റോ‍ഡുവശങ്ങളിൽ പോലും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.  കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നഗരത്തിൽ വ്യാപകമായി വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഓടകളിലേക്കു പ്രവേശിക്കേണ്ട ജലം റോഡിൽ കെട്ടിക്കിടക്കുകയാണ്. വെള്ളക്കെട്ട് തുടർന്നാൽ റോഡുകൾ തകരുമെന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നു. വെള്ളക്കെട്ട് നഗരത്തിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. നഗരപരിധിക്കു പുറത്തുള്ള പഞ്ചായത്തുകളിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചിട്ടുണ്ട്. ഓടകളുടെയും കൈത്തോടുകളുടെയും ശുചീകരണമാണ് ഇപ്പോൾ നടക്കുന്നത്. 

ശക്തമായ കാറ്റിനു സാധ്യത: ജാഗ്രതാ നിർദേശം

കൊല്ലം∙  സംസ്ഥാന തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ  ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ എൻ. ദേവിദാസ് അറിയിച്ചു. അപകടസാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രത പുലർത്തണമെന്നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിച്ചു.   വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകളും വെട്ടിയൊതുക്കണം. പൊതുയിടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ  ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യണം. കാറ്റ്‌ വീശി തുടങ്ങുമ്പോൾ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം.

അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരെ ബന്ധപ്പെടണം മുൻകൂട്ടി അറിയിക്കണം. മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറി താമസിക്കണം.  പത്രം-പാൽ വിതരണക്കാർ തുടങ്ങി അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടി വീണിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കണം. കൃഷിയിടങ്ങളിലെ വൈദ്യുത ലൈനുകളുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. വിളിക്കാം 1912, 1077  വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുള്ള അപകടം ശ്രദ്ധയിൽപെട്ടാൽ 1912, 1077 നമ്പറുകളിൽ വിളിക്കാവുന്നതാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലും വിവരം നൽകാം. അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ മുൻകൂർ ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com