ADVERTISEMENT

കൊല്ലം ∙ അധ്യയന വർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, പാഠപുസ്തക വിതരണത്തിൽ പലയിടത്തും അനിശ്ചിതത്വം. മാറിയ പാഠപുസ്തകം മാത്രം പിന്നീട് വിതരണം ചെയ്താൽ മതിയെന്ന നിർദേശത്തിന്റെ മറവിൽ പല സ്കൂളുകളിലും മറ്റു പുസ്തകങ്ങളും വിതരണം ചെയ്യുന്നില്ല. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലാണ് പാഠപുസ്തകങ്ങൾ മാറിയത്. ഇവ സ്കൂൾ സൊസൈറ്റികളിൽ എത്തിയിട്ടുണ്ടെങ്കിലും അധ്യയന വർഷം തുടങ്ങിയതിനു ശേഷം വിതരണം ചെയ്താൽ മതിയെന്നാണ് നിർദേശം. ഇതിന്റെ പേരിൽ പല സ്കൂളുകളിലും മറ്റു പാഠപുസ്തകങ്ങളുടെ വിതരണവും തുടങ്ങിയിട്ടില്ല. 

കുട്ടികൾക്കുള്ള സൗജന്യ യൂണിഫോം വിതരണവും പലയിടത്തും നടക്കുന്നില്ല. ചില മേഖലകളിൽ പ്രൈമറി ക്ലാസുകളിൽ ഷർട്ടിന്റെ തുണി മാത്രമാണ് എത്തിയിട്ടുള്ളത്. യൂണിഫോം തുണി വിതരണം ചെയ്യണമെന്ന് സ്കൂളുകൾക്ക് ഇന്നലെ നിർദേശം ലഭിച്ചു. അതേ സമയം എയ്ഡഡ് സ്കൂളുകളിൽ 6 മുതൽ 8 വരെ ക്ലാസുകളിൽ  യൂണിഫോം വിതരണം ചെയ്ത ഇനത്തിൽ രണ്ടുവർഷത്തെ തുക ലഭിക്കാനുണ്ട്. ഒരു കുട്ടിക്ക് 600 രൂപ വീതമാണ് യൂണിഫോം വാങ്ങുന്നതിന് നൽകുന്നത്. മിക്കയിടത്തും പ്രധാന അധ്യാപകർ കുട്ടികൾക്ക് പണം നൽകിയെങ്കിലും സർക്കാരിൽ നിന്നു തുക ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരിൽ നിന്നു 2 ഗഡു തുക ലഭിക്കാനുള്ളതു കൊണ്ടാണ് ഫണ്ട് വിതരണം തടസ്സപ്പെട്ടതെന്ന് അധികൃതർ പറ‍ഞ്ഞു. 

 അധ്യാപകർക്ക് രണ്ടു ഘട്ടമായാണ് പരിശീലനം നൽകുന്നത്. ആദ്യഘട്ട പരിശീലനം 18ന് സമാപിക്കും. രണ്ടാംഘട്ട പരിശീലനം 18 മുതൽ 24 വരെയാണ്. ഹയർ സെക്കൻഡറി അധ്യാപകർക്ക് നിർമിത ബുദ്ധി (എഐ) പരിശീലനം ഇന്നലെ തുടങ്ങി. 19 വരെയാണ് പരിശീലനം. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, പരിസര ശുചീകരണം എന്നിവ പുരോഗമിക്കുന്നു. കിണർ, ജലസംഭരണി എന്നിവയുടെ ശുചീകരണവും തുടങ്ങി. അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് കെട്ടിടങ്ങൾക്ക് ഫിറ്റ്നസ്  നേടണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com