വ്യാപാരികളെ ബുദ്ധിമുട്ടിലാക്കി ‘ഹരിത’മാലിന്യക്കൂനകൾ
Mail This Article
കഴുതുരുട്ടി ∙ ആര്യങ്കാവ് പഞ്ചായത്ത് ഒാഫിസിനു സമീപത്തെ പൊതുചന്തയിൽ നിറയുന്ന മാലിന്യക്കൂനകൾ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. യഥാസമയം നീക്കം ചെയ്യാതെ ഉപേക്ഷിച്ച മാലിന്യക്കെട്ടുകളുടെ സമീപത്തു വ്യാപാരം നടത്തേണ്ട ഗതികേടിലാണിവർ. ഹരിതകർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണു കെട്ടുകളാക്കി ചന്തയിൽ കൂട്ടിയിട്ടിരിക്കുന്നത്. ഇവ നീക്കം ചെയ്യാതായതോടെ പിന്നീട് എത്തിക്കുന്ന മാലിന്യങ്ങൾ എവിടെ ശേഖരിക്കുമെന്നതിൽ ആശയക്കുഴപ്പം ഉണ്ട്. മാലിന്യം ശേഖരിക്കാൻ നെടുമ്പാറയിൽ പഞ്ചായത്ത് പ്രത്യേക കേന്ദ്രം സ്ഥാപിച്ചെങ്കിലും ഇവിടേക്കു മാലിന്യം എത്തിക്കുന്നില്ല.
ചാക്കിൽ കെട്ടിയ മാലിന്യം കുരങ്ങും നായ്ക്കളും തുറന്നു നശിപ്പിച്ചിക്കുകയും ചന്തയിൽ വിതറുകയും ചെയ്യാൻ തുടങ്ങിയതോടെ ദുരിതം വർധിച്ചു. നെടുമ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ കെട്ടിടത്തിലായിരുന്നു മാലിന്യക്കെട്ടുകൾ തള്ളിയിരുന്നത്. വിഷയം വിവാദമായതോടെ സ്കൂൾ കെട്ടിടത്തിലെ മാലിന്യക്കെട്ടുകൾ നീക്കം ചെയ്തു. തരം തിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഏജസികൾ പണം നൽകി ഏറ്റെടുക്കുമെന്നിരിക്കെയാണ് അവഗണന.