ADVERTISEMENT

കോട്ടയം ∙ വേദി 4 ൽ ഇന്നലെ നടന്ന കാവ്യകേളി മത്സരത്തിൽ ആകെ പങ്കെടുത്ത 15ൽ 14ഉം പെൺകുട്ടികൾ. ഇതൊരു സാംപിളാണ്. വേദികളിൽ പെൺകുട്ടികൾ നിറയുന്നു. മത്സരാർഥികളായും വൊളന്റിയർമാരായും കാഴ്ചക്കാരായും.  ‘അടിച്ചമർത്തപ്പെട്ട സമൂഹത്തിൽ നിന്നുള്ള സ്ത്രീകളുടെ വളർച്ചയാണു കലോത്സവങ്ങളിലെ സ്ത്രീപ്രാതിനിധ്യം കൂടാൻ കാരണം’– എറണാകുളം മഹാരാജാസ് കോളജിലെ കെ.സൂര്യ പെൺകുട്ടികളുടെ പ്രാതിനിധ്യത്തെക്കുറിച്ചു താത്വികമായി അവലോകനം ചെയ്തു. ‘എല്ലാവർക്കും തുല്യതയെന്നതാണ് ഇന്നത്തെ മൂല്യം. ഒരുമിച്ച് പ്രവർത്തിക്കാൻതന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.’’– മഹാരാജാസിലെ തന്നെ സിദ്ധാർഥ് സുനിലിന്റെ അഭിപ്രായം. 

നാട്ടകം ഗവ.കോളജിലെ അനഘ, അതുല്യ, ആദിത്യ എന്നീ കൂട്ടുകാർ പറയുന്നത് ഇങ്ങനെ: ‘കോളജുകളിൽ ഇപ്പോൾ പെൺമേധാവിത്വമാണ്. അതുകൊണ്ടാണു കലോത്സവത്തിലും പെൺപട’. ‘ആൺകുട്ടികൾക്കാണ് ഇപ്പോൾ കൂടുതൽ നാണം. ശ്രദ്ധിച്ചാൽ മതി, ഞങ്ങൾ പെൺകുട്ടികളല്ലേ കൂടുതൽ റീൽസ് ചെയ്യുന്നത്. പിന്നെ ഗ്രൂപ്പ് ഇനങ്ങൾ കൂടുതൽ ഉള്ളതും പെൺ കുട്ടികൾക്കാണ്.’– കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ ആരുന്ധതിയും മീരയും നയം വ്യക്തമാക്കി. 

പെൺകുട്ടികളാണു കൂടുതലെന്നു തൃപ്പൂണിത്തുറ ഗവ.ആർട്സ് കോളജിലെ അനന്ദുവും അർജുനും സമ്മതിക്കുന്നു. പെൺകുട്ടികൾക്കു പറ്റുന്ന മത്സരങ്ങളാണു കൂടുതൽ. അതാണു കാരണം. ‘നൃത്ത ഇനങ്ങളാണു കൂടുതൽ. അതുകൊണ്ടു പെൺകുട്ടികൾ കൂടുന്നു.’– പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വർഗീസ് സാമുവൽ ലളിതമായി ഉത്തരം കണ്ടുപിടിച്ചു.

‘ആകർഷകം എന്നു പറയുന്ന മത്സരങ്ങളിൽ മാത്രമാണു പെൺകുട്ടികളുടെ എണ്ണക്കൂടുതൽ. രചനാ മത്സരങ്ങളിലേക്കു വന്നാൽ ആൺകുട്ടികളുടെ എണ്ണം കാണിച്ചു തരാം.’– കീഴൂർ ഡിബി കോളജിലെ ഹരികൃഷ്ണൻ വിട്ടുകൊടുക്കുന്നില്ല.  ഇക്കുറി ട്രാൻസ്ജെൻഡേഴ്സിന്റെ പങ്കാളിത്തം വർധിപ്പിക്കാൻ കഴിഞ്ഞെന്നു മഹാരാജാസ് കോളജിലെ ആകൃതി ഉണ്ണിക്കൃഷ്ണനും പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com