ADVERTISEMENT

കുമരകം ∙ പടിഞ്ഞാറൻ മേഖലയിലെ ജലവിതരണത്തിനു തടസ്സമായി വൈദ്യുതി പ്രശ്നവും പമ്പിങ് സ്റ്റേഷനിലെ മോട്ടർ തകരാറും. ഇതിനു ശാശ്വത പരിഹാരം കാണാൻ ജല അതോറിറ്റി ശ്രമിക്കാത്തതിനാൽ തിരുവാർപ്പ്, കുമരകം മേഖലയിലെ ജലവിതരണം അവതാളത്തിലാകുന്നു. പ്ലാന്റിന്റെ ശേഷിക്കനുസരിച്ചുള്ള വെള്ളം വിതരണം ചെയ്യാൻ കഴിയുന്നില്ല. വെള്ളൂപ്പറമ്പിലെ മോട്ടർ ഇടയ്ക്കിടെ കേടാകുന്നതു ജലവിതരണത്തെ കാര്യമായി ബാധിക്കുന്ന സ്ഥിതിയാണ്. പമ്പിങ് നടക്കുമ്പോൾ പൈപ്പ് പൊട്ടുന്നതും പ്രശ്നമാകുന്നു. ഇതു നന്നാക്കാൻ വരുന്ന കാലതാമസവും ജലവിതരണത്തിനു തടസ്സമാകുന്നു.

തിരുവാർപ്പിൽ ശുദ്ധജലക്ഷാമം രൂക്ഷം
പഞ്ചായത്തിന്റെ തെക്കൻ മേഖലയിലാണു ശുദ്ധജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. ചെങ്ങളം, കുമ്മനം പ്രദേശങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തെക്കൻ മേഖലയിൽ വെട്ടിക്കാട്, കാഞ്ഞിരം, കുരുത്തോലക്കാട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ശുദ്ധജലത്തെ മാത്രം ആശ്രയിക്കുന്നവരാണ്. ഈ പ്രദേശത്തെ തോടുകളിലെ വെള്ളം മലിനമാണ്. പോള ചീഞ്ഞു കലർന്നതോടെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. തോട്ടിലെ പോള സൃഷ്ടിക്കുന്ന തടസ്സം മൂലം വള്ളത്തിൽ ദൂരസ്ഥലങ്ങളിൽ പോയി വെള്ളം കൊണ്ടുവരാനും കഴിയുന്നില്ല. കുടിക്കാനും പാചകത്തിനും വെള്ളമില്ലാതെ വിഷമിക്കുന്ന സ്ഥിതിയിലാണ് ഇവിടത്തുകാർ.

ചെങ്ങളം മണലേൽ ഭാഗത്തും വെള്ളം എത്തുന്നത് വല്ലപ്പോഴും മാത്രം. ശുദ്ധജലം കിട്ടാതെ വരുമ്പോൾ ജനം പഞ്ചായത്ത് അധികൃതരോടാണു പരാതി പറയുന്നത്. ജല അതോറിറ്റി ജീവനക്കാരെ ഫോണിൽ വിളിച്ചാൽ എടുക്കാറില്ലെന്ന് വാർഡ് അംഗങ്ങൾ പറയുന്നു. ജലവിതരണത്തിലെ തടസ്സം എന്താണെന്ന്  അറിയാൻ പോലും കഴിയുന്നില്ലെന്നാണ് അവരുടെ പരാതി. പരാതി പറയുന്ന ജനങ്ങളോട് കൃത്യമായ മറുപടി പറയാൻ വാർഡ് അംഗങ്ങൾക്കു കഴിയുന്നില്ല. പമ്പിങ് നടക്കുന്ന ദിവസങ്ങളിൽ രാത്രി വൈകി വരെ കാത്തിരുന്നാലാണ് ഒന്നോ രണ്ടോ കുടം വെള്ളം ലഭിക്കുന്നത്. നൂൽവണ്ണത്തിൽ വരുന്ന വെള്ളം ശേഖരിക്കാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.

കുമരകത്ത് വെളളം കിട്ടുന്നത് നൂൽവണ്ണത്തിൽ
കുമരകത്ത് കഴിഞ്ഞ ദിവസങ്ങളിൽ ജലവിതരണം നടന്നെങ്കിലും ജനങ്ങൾക്ക് അതു തികയുന്നില്ല. പമ്പിങ് സമയത്ത് മർദം കുറവായതിനാൽ പല സ്ഥലത്തും നൂൽവണ്ണത്തിലാണ് വെള്ളം കിട്ടുന്നത്. ചെങ്ങളം ശുദ്ധീകരണ ശാലയിൽ നിന്നു കുമരകത്തെ 2 ഓവർ ഹെഡ് ടാങ്കുകളിലേക്കു വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും നിറയുന്നില്ല. 10 ലക്ഷം ലീറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കുകളാണിത്. വെള്ളം ടാങ്കുകളിൽ എത്തുന്നതനുസരിച്ച് ഇവിടെ നിന്നു ജീവനക്കാർ വിതരണ പൈപ്പിലേക്കു തുറന്നു വിടുന്നുണ്ടെങ്കിലും എല്ലാ സ്ഥലത്തും എത്തുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com