ADVERTISEMENT

എരുമേലി∙ മേഖലയിൽ ഇക്കുറി കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടമാണ് 3 മുന്നണികളും തമ്മിൽ നടന്നത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ ഒരുപോലെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. മലയോര മേഖലയിൽ ഇളക്കി മറിച്ചായിരുന്നു പ്രചാരണം. സ്ഥാനാർഥി പര്യടനങ്ങളും കുടുംബയോഗങ്ങളും സജീവമായി നടന്നു. കലാശക്കൊട്ടും ശാന്തമായി പൂർത്തിയായി.

കാ​ഞ്ഞിരപ്പള്ളി ടൗണിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട്.
കാ​ഞ്ഞിരപ്പള്ളി ടൗണിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട്.

ബൂത്തുകൾ കേന്ദ്രീകരിച്ച്  പ്രവർത്തനം
3 മുന്നണികളും ബൂത്തുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രചാരണം. 3 തവണയിൽ കൂടുതൽ ഓരോ മുന്നണികളും ഭവന സന്ദർശനം നടത്തി. ഈസ്റ്റർ, പെരുന്നാൾ, വിഷു തുടങ്ങിയ ആഘോഷങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണ കാലത്താണ് നടന്നത്. വീടുകളിൽ കുടുംബാംഗങ്ങൾ ഒത്തുകൂടിയത് കാരണം വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ ഇതും സഹായകമായി.

എരുമേലി പേട്ടക്കവലയിൽ നടന്ന കലാശക്കൊട്ട്.
എരുമേലി പേട്ടക്കവലയിൽ നടന്ന കലാശക്കൊട്ട്.

ചർച്ചയായി വന്യമൃഗശല്യം 
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം തുലാപ്പള്ളിയിൽ കർഷകനെ കാട്ടാന ചവിട്ടി കൊന്നതോടെ വന്യമൃഗ ശല്യം തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമായി. ഇതോടെ 3 മുന്നണികളും മലയോര മേഖലയിൽ വന്യമൃഗ ശല്യത്തിനെതിരെ നടപടി എടുക്കുമെന്ന നിലപാടുമായി രംഗത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ മലയോര മേഖലയിൽ നിലനിന്നിരുന്ന പ്രതിഷേധങ്ങൾ ഇതോടെ വീണ്ടും തലപൊക്കി. പ്ലാച്ചേരി വനം വകുപ്പ് ഓഫിസിലെ കഞ്ചാവ് ചെടി വിവാദവുംകൂടി കത്തിപടർന്നതോടെ പ്ലാച്ചേരിയിലെയും എരുമേലിയിലേയും കണമലയിലേയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പുതല നടപടികൾ തുടങ്ങി. 

വേനൽ കാലത്ത് റബർ ടാപ്പിങ് നിർത്തിയതും റബർ വിലയിൽ നേരിയ വർധന ഉണ്ടാകുകയും ചെയ്തതിനാൽ മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റബർ വില കാര്യമായി കടന്നുവന്നില്ല. മലയോര മേഖലയിൽ കാർഷിക ഉൽപന്നങ്ങൾക്കും നാണ്യവിളകൾക്കും കൊക്കോ, കാപ്പി, കുരുമുളക് എന്നിവയ്ക്ക് വില വർധിച്ചതുംമൂലം വിലയിടിവും കാര്യമായി ചർച്ചയായില്ല. ആദിവാസി മേഖലയിലെ പട്ടയ പ്രതിസന്ധി ചർച്ച ആകാതിരിക്കാൻ വേണ്ടി പട്ടയം നൽകുന്നതിനായി ഉദ്യോഗസ്ഥരെ നിയമിച്ച് നടപടിക്രമങ്ങൾ       റവന്യു വകുപ്പ് തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com