ADVERTISEMENT

മുക്കം∙ എൽഡിഎഫും ബിജെപിയും തമ്മിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്നും ഇതുകൊണ്ടാണ് ഒട്ടേറെ തെളിവുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ ഒരു കേസ് പോലും എടുക്കാത്തതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം മുക്കത്ത് സംഘടിപ്പിച്ച റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു ശിവകുമാർ.

രാജ്യത്ത് മോദി ഭരണത്തിന് അറുതി വരുത്തി ഇന്ത്യാ സഖ്യം അധികാരത്തിൽ വരും. എൽഡിഎഫിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതു പോലെയാണ്. പിണറായി സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു. 

യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ, വർക്കിങ് ചെയർമാൻ സി.പി.ചെറിയ മുഹമ്മദ്, കർണാടക കെപിസിസി സെക്രട്ടറി ഷാഹിദ്, നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.കെ.കാസിം, കെ.ടി.മൻസൂർ, സി.ജെ.ആന്റണി, പി.ജി.മുഹമ്മദ്, ബാബു പൈക്കാട്ടിൽ,എം.സിറാജുദ്ദീൻ, എം.ടി.അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

ആവേശമായി റോഡ് ഷോ
മുക്കം∙ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡി.കെ.ശിവകുമാർ നയിച്ച റോഡ് ഷോയിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കാളികളായി. മുക്കം സേക്രഡ് ഹാർ‍ട്ട് ചർച്ച് പരിസരത്തു നിന്ന് സംസ്ഥാന പാതയിൽ അരീക്കോട് പാലം വരെയായിരുന്നു റോഡ് ഷോ. ഹെലികോപ്റ്ററിൽ നോർത്ത് കാരശ്ശേരിക്ക് സമീപം മോയില്ലത്ത് ഭാഗത്തായിരുന്നു ശിവകുമാർ ഇറങ്ങിയത്.

ആർപ്പു വിളികളും മുദ്രാവാക്യങ്ങളുമായി യുഡിഎഫ് പ്രവർത്തകർ നേതാവിനെ മുക്കത്തേക്കു വരവേറ്റു. സ്ത്രീകൾ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളും പ്രവർത്തകരും  കാണാനെത്തി. മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരെത്തി. മുക്കത്തെ പരിപാടിക്ക് ശേഷം മലപ്പുറം ജില്ലയിലേക്കു പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com