ADVERTISEMENT

കൊടുവള്ളി∙ വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കുന്നതിനാൽ ജുമുഅ നമസ്കാരത്തിന്റെ സമയം ക്രമീകരിച്ച് മഹല്ലുകൾ. കോഴിക്കോട് ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ വിവിധ മഹല്ലുകൾക്ക് കീഴിലുള്ള പള്ളികളുടെ പ്രതിനിധികളുടെ യോഗം ചേർന്നു. ഒരു പള്ളിയിൽ ബാങ്ക് കൊടുത്ത ഉടനെയും അടുത്ത പള്ളിയിൽ ഒരു മണിക്കൂർ കഴിഞ്ഞും ജുമുഅ നമസ്കാരം ക്രമപ്പെടുത്തുന്ന നിലയിലാണ് സമയം ക്രമീകരിക്കുന്നത്.

കൊടുവള്ളി ടൗണിലെയും പരിസരത്തെയും ജുമാ മസ്‌ജിദ് ഭാരവാഹികൾ വ്യാഴാഴ്‌ച രാവിലെ കൊടുവള്ളി മഹല്ല് ജുമാ മസ്‌ജിദിൽ ചേർന്ന യോഗത്തിൽ സമയം ക്രമീകരിക്കാൻ തീരുമാനിച്ചു. ഖുതുബ നമസ്കാരം, പ്രാർഥന എന്നിവ അര മണിക്കൂറിനകം പൂർത്തിയാക്കാനാണ് നിർദേശിക്കപ്പെട്ടത്. വോട്ട് രേഖപ്പെടുത്തുന്നതിൻ്റെ പ്രാധാന്യം ഖുതുബയിൽ എടുത്തുപറയണമെന്നും ഖതീബുമാർക്ക് നിർദേശമുണ്ട്. കൊടുവള്ളി പരമ്പത്ത്കാവ് പള്ളിയിൽ 12.30, മഹല്ല് ജുമാ മസ്‌ജിദ് 12:45, കൊടുവള്ളി ടൗൺ മദീന പള്ളി 1.15 എന്നിങ്ങനെ വ്യത്യസ്‌ത സമയങ്ങളിൽ ജുമുഅ ആരംഭിക്കുന്ന നിലയിലാണ് 20 പള്ളികളിൽ സമയം ക്രമീകരിച്ചത്. വ്യത്യസ്‌ത സമയങ്ങളിൽ ജുമുഅ ക്രമീകരിച്ചതിനാൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് നമസ്‌കാരം നഷ്‌ടമാകാതെ സമയം ക്രമീകരിക്കാനാകും. ഇരു സുന്നി വിഭാഗങ്ങളുടെയും, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങളുടെയും കീഴിലുള്ള പള്ളികൾ സംയുക്‌ത യോഗം ചേർന്നാണ് വിവിധ മഹല്ലുകളിലെ പള്ളികളിൽ ജുമുഅ സമയം ക്രമീകരിക്കാൻ തീരുമാനമെടുക്കുന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ എല്ലാ മഹല്ലുകളിലും ഈ യോജിച്ച നീക്കം ഉണ്ടാകാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com