ADVERTISEMENT

കോഴിക്കോട് ∙ ഹോം വോട്ടിങ് സംവിധാനത്തിൽ വീട്ടിലിരുന്നു രേഖപ്പെടുത്തിയ വോട്ടുകൾ അടങ്ങിയ ബാലറ്റുകൾ ശേഖരിക്കാൻ രണ്ടാം ദിവസം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സീൽ ചെയ്ത ഇരുമ്പു പെട്ടികൾ ഏർപ്പെടുത്തി. സീൽ ചെയ്ത പെട്ടികൾ വേണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം ജില്ലയിൽ ഹോം വോട്ടിങ് സംവിധാനം ആരംഭിച്ച ആദ്യ ദിവസം ഉദ്യോഗസ്ഥർ നടപ്പാക്കാത്തതു വിവാദമായിരുന്നു. ബാലറ്റുകൾ സീൽ ചെയ്യാത്ത ഇരുമ്പു പെട്ടികളിലാക്കിയതു ജില്ലയിൽ പലയിടത്തും പ്രതിഷേധത്തിനുമിടയാക്കി.

സംഘർഷസാധ്യത മനസ്സിലാക്കി നടുവണ്ണൂരിൽ പോളിങ് ഉദ്യോഗസ്ഥസംഘത്തെ എആർഒ തിരിച്ചുവിളിച്ചിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെത്തന്നെ ബാലറ്റ് പെട്ടികൾ സീൽ ചെയ്തു വിതരണം ചെയ്തത്. 4 ദിവസത്തെ ഹോം വോട്ടിങ് സംവിധാനം നാളെ അവസാനിക്കും. ഭിന്നശേഷിക്കാർക്കും 85നു മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിങ് സംവിധാനത്തിൽ 4873 ഭിന്നശേഷിക്കാരും 85ന് മുകളിൽ പ്രായമുള്ള 10531 പേരും ഉൾപ്പെടെ മൊത്തം 15,404 പേരാണ് ജില്ലയിൽ വോട്ട് ചെയ്യാനുള്ളത്.

എംജിഎസ് വീട്ടിലിരുന്നു വോട്ട് ചെയ്തു
കോഴിക്കോട്∙ 85 വയസ്സിനു മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഏർപ്പെടുത്തിയ ഹോം വോട്ട് സംവിധാനത്തിലൂടെ പ്രശസ്ത ചരിത്രകാരൻ  ഡോ.എം.ജി.എസ്.നാരായണൻ 91–ാം വയസ്സിൽ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ തന്റെ വീടായ ‘മൈത്രി’യിലിരുന്ന് വോട്ട് ചെയ്തു.

ബുധനാഴ്ച വൈകിട്ട് നാലിനാണ് പോളിങ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. തുടർന്ന് സംവിധാനം അദ്ദേഹത്തിനു പരിചയപ്പെടുത്തി. കിടക്കയിൽ ചാരിയിരുന്ന് മറ്റാരുടെയും സഹായം കൂടാതെ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ പട്ടികയിൽ പേരില്ലാതെ പോയതിനെത്തുടർന്ന് എംജിഎസിനു വോട്ട് ചെയ്യാനായിരുന്നില്ല. ഇതാദ്യമായാണ് ബൂത്തിൽ പോകാതെ അദ്ദേഹം വോട്ട് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com