ADVERTISEMENT

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതി അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ തെരുവോരത്തു നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. കടുത്ത വെയിലും ചൂടും പൊടിയും സഹിച്ചാണു സമരം. റിപ്പോർട്ട് കിട്ടുന്നതു വരെ സമരം തുടരുമെന്നു യുവതി പറഞ്ഞു. താൻ നീതി തേടി കമ്മിഷണർ ഓഫിസിനു മുൻപിൽ ഇരിക്കുകയാണെന്നു യുവതി രാവിലെ എഡിജിപി ഹർഷിത അട്ടല്ലൂരിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. 

എഡിജിപിയുമായി സംസാരിച്ചതു പ്രകാരം വൈകിട്ടു സിറ്റി പൊലീസ് കമ്മിഷണറെ കാണാൻ ചെന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ഒപ്പമുള്ള സമര സമിതി ഭാരവാഹികളെ കാണാൻ പറ്റില്ലെന്നും അതിജീവിതയ്ക്കു മാത്രം വരാമെന്നും കമ്മിഷണർ നിലപാടെടുത്തതോടെ ഒരു മണിക്കൂർ കാത്തുനിന്ന ശേഷം മടങ്ങുകയായിരുന്നു.

സമരത്തിന്റെ ഭാഗമായി വച്ച ബോർഡ് മാറ്റാൻ കമ്മിഷണറുടെ നിർദേശമുണ്ടെന്നു രാവിലെ പൊലീസുകാരൻ അറിയിച്ചെങ്കിലും യുവതി വഴങ്ങിയില്ല. നിങ്ങൾ നിയമപ്രകാരമല്ലല്ലോ എല്ലാം ചെയ്യുന്നത് എന്നായിരുന്നു യുവതിയുടെ മറുപടി. സമര സമിതി ഭാരവാഹികളായ നൗഷാദ് തെക്കയിൽ, ഷാരൂൺ കുന്നമംഗലം എന്നിവരും അതിജീവിതയ്ക്കൊപ്പം ഉണ്ടായിരുന്നു. യുവ എഴുത്തുകാരി എം.എ.ഷഹനാസ്, പൗരാവകാശ പ്രവർത്തകരായ വിൻസന്റ് (അന്വേഷണബന്ധു), മുസ്തഫ പാലാഴി, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്നലെ സമരത്തിനു പിന്തുണയുമായി എത്തി.

2023 മാർച്ച് 18നാണു മെഡിക്കൽ കോളജ് സർജറി ഐസിയുവിൽ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരിക്കെ യുവതി പീഡനത്തിനിരയായത്. പൊലീസ് നിർദേശപ്രകാരം തന്റെ മൊഴിയെടുത്ത ഡോ.കെ.വി.പ്രീതി ശരിയായി മൊഴി രേഖപ്പെടുത്തിയില്ലെന്നാണ് അതിജീവിതയുടെ പരാതി. 

തന്റെ പരാതി അന്വേഷിച്ച മെഡിക്കൽ കോളജ് എസിപിയുടെ റിപ്പോർട്ടും സാക്ഷികളുടെ മൊഴിയും ആവശ്യപ്പെട്ട് അതിജീവിത സിറ്റി പൊലീസ് കമ്മിഷണർക്ക് അപേക്ഷ നൽകിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാലും സാക്ഷികളുടെ ജീവന് ആപത്തുള്ളതിനാലും റിപ്പോർട്ട് തരാൻ പറ്റില്ലെന്ന  മറുപടിയാണു കമ്മിഷണറിൽ നിന്നു ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com