ADVERTISEMENT

കോഴിക്കോട് ∙ ചേവരമ്പലം മിനി ബൈപാസ് ജംക്‌ഷനിൽ ദേശീയപാതയിൽ ഓട നിർമിക്കുന്നതിന്റെ ഭാഗമായി നിലവിലെ കലുങ്ക് അടച്ചു. ഇതോടെ ചേവരമ്പലം സിആർഎ ജംക്‌ഷനിലും ഹരിത നഗർ കോളനിയുടെ കിഴക്കു ഭാഗത്തും കുടിൽതോട് – ചേവരമ്പലം മിനി റോഡ് പരിസരത്തും മലിനജലം. സമീപത്തെ പൈപ്പ് പൊട്ടി വെള്ളം ഓടയിൽ നിറഞ്ഞു. ഇതിനിടയിൽ ശുചിമുറി മാലിന്യവും കെട്ടിക്കിടന്ന വെള്ളത്തിൽ ഒഴുക്കിയതോടെ നൂറിലേറെ താമസക്കാർ ദുരിതത്തിലായി. ചില വീടുകളിൽ കിണർവെള്ളം ഉപയോഗ ശൂന്യമായി.

തൊണ്ടയാട് ബൈപാസിൽ നേതാജി റോഡ് ജംക്‌ഷനിലാണു ദേശീയപാതയിൽ കലുങ്ക് നിർമിക്കുന്നത്. ഇതിന്റെ ഭാഗമായി ഹരിത നഗർ കോളനിക്കു കിഴക്കു വശത്തു നിന്നും സിആർഎ ജംക്‌ഷൻ, ഗ്രീൻവാലി പ്രദേശം എന്നിവിടങ്ങളിൽ നിന്നും വെള്ളം ഒഴുകുന്ന ഓട ആഴ്ചകൾക്കു മുൻപ് അടച്ചു. ഇതോടെ മലിന ജലം പറമ്പിലും റോഡരികിലെ ഓടയിലും സമീപത്തെ തോട്ടിലും കെട്ടിക്കിടന്നു. ഗ്രീൻവാലി പ്രദേശത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെളളം ഈ ഭാഗത്തേക്കു കൂടുതൽ ഒഴുകിയെത്തിയതോടെ ജനം ആകെ ദുരിതത്തിലായി. 

കുടിൽതോട് ഭാഗത്തു ചെറിയ ഓടയിൽ കഴിഞ്ഞ ദിവസമാണ് ശുചിമുറി മാലിന്യം ഒഴുക്കിയത്. എല്ലാ മലിന ജലവും ഒഴുകിയെത്തിയത് സിആർഎ ജംക്‌ഷൻ, ഹരിത നഗർ കോളനി കിഴക്കു ഭാഗത്തെ വീടുകളുടെ പരിസരത്താണ്.ഒരാഴ്ചയായി വെള്ളം കെട്ടിക്കിടന്നു ദുർഗന്ധം ഉണ്ടായത് സ്ഥലം കൗൺസിലറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കോർപറേഷൻ ആരോഗ്യ പ്രവർത്തകരോ ദേശീയപാത കരാർ കമ്പനി പ്രതിനിധികളോ സ്ഥലത്തെത്തിയില്ല. 

വീടുകൾക്കു സമീപത്തെ തോട്ടിലും ഓടയിലും മലിനജലം കെട്ടി നിന്നതോടെ കിണർ വെള്ളം ഉപയോഗിക്കാൻ കഴിയാതായെന്നു കോളനി വാസികൾ പറഞ്ഞു. ദേശീയപാതയിൽ പുതിയ കലുങ്ക് നിർമാണം പൂർത്തിയായാൽ നിലവിലെ ഓട അടയും. ഈ സാഹചര്യത്തിൽ മഴ പെയ്താൽ പ്രദേശത്തു വെള്ളക്കെട്ടാകും.  പഴയ ഓടയിൽ നിന്നു പുതുതായി നിർമിക്കുന്ന കലുങ്കിലേക്കു വെള്ളം ഒഴുകാനുള്ള സംവിധാനം വേണമെന്നാണ് പ്രദേശത്തുള്ളവർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com