ADVERTISEMENT

ബേപ്പൂർ ∙ തുറമുഖത്തെ കപ്പൽച്ചാലിന് വേണ്ടത്ര ആഴമില്ലാത്തതാണു ബേപ്പൂർ–ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിനു തടസ്സമെന്നു ദ്വീപ് തുറമുഖ വകുപ്പ്. ബേപ്പൂരിൽ നിന്നുള്ള കപ്പൽ സർവീസ് പുനരാരംഭിക്കാൻ നടപടി ആവശ്യപ്പെട്ടു കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് സമർപ്പിച്ച നിവേദനത്തിനു നൽകിയ മറുപടിയിലാണ് ദ്വീപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കിയത്. ഏതു കാലാവസ്ഥയിലും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ യാത്രാക്കപ്പലുകൾ സർവീസ് നടത്തുന്നതിന് കപ്പൽച്ചാലിനു കുറഞ്ഞത് 3.5 മീറ്റർ ആഴം ആവശ്യമാണ്. ബേപ്പൂരിൽ നിലവിൽ 3.4 മീറ്ററാണ് ലഭ്യമായ ആഴം.

ഇതു കപ്പലുകളുടെ സുരക്ഷിതമായ പ്രവർത്തനത്തിന് പര്യാപ്തമല്ലെന്നും ദ്വീപ് അധികൃതർ വ്യക്തമാക്കി. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പരമാവധി യാത്രാ സൗകര്യങ്ങൾ ഒരുക്കാൻ പരിശ്രമിക്കുമെന്നു തുറമുഖ ഡയറക്ടർ ചേംബർ ഓഫ് കൊമേഴ്സിന് നൽകിയ കത്തിലുണ്ട്. പതിറ്റാണ്ടുകളായി ബേപ്പൂരിൽ നിന്നു ദ്വീപിലേക്ക് നടത്തിയിരുന്ന യാത്രാക്കപ്പൽ സർവീസ് 3 വർഷമായി മുടങ്ങിക്കിടക്കുകയാണ്. 2021ന് ശേഷം സർവീസ് ഇല്ലെന്നു മാത്രമല്ല നേരത്തേയുണ്ടായിരുന്ന സ്പീഡ് വെസലുകൾക്കും ഇപ്പോൾ അധികൃതർ അനുമതി നൽകുന്നില്ല.  ഇതോടെ ലക്ഷദ്വീപ് നിവാസികൾ കടുത്ത യാത്രാ ക്ലേശം നേരിടുന്നു.

യഥാസമയം നാട്ടിൽ പോകാൻ കഴിയാതെ വലയുകയാണ്. യാത്രക്കാർ പലവട്ടം പ്രതിഷേധങ്ങൾ ഉയർത്തിയിട്ടും ഭരണകൂടം അനുകൂല തീരുമാനം കൈക്കൊണ്ടില്ല. മലബാറിലെ ദ്വീപ് യാത്രക്കാർക്ക് കൊച്ചി വഴി മാത്രമേ ഇപ്പോൾ യാത്ര ചെയ്യാനാകൂ.. എംവി അമിൻദ്വിവി, എംവി മിനിക്കോയ് എന്നീ കപ്പലുകൾക്കു പുറമേ വലിയപാനി, ചെറിയപാനി, പറളി എന്നീ ഹൈസ്പീഡ് വെസലുകളും നേരത്തേ ബേപ്പൂരിൽ നിന്നു സർവീസ് നടത്തിയിരുന്നു. ഇതിൽ അമിൻദ്വിവി, മിനിക്കോയ് കപ്പലുകൾ കാലപരിധി കഴിഞ്ഞതിനാൽ നിർത്തലാക്കി.

ഇതിനു പകരം കപ്പൽ ഏർപ്പെടുത്തിയില്ല. സീസണിൽ അതിവേഗ വെസലുകളുടെ യാത്രാ ഷെഡ്യൂളിൽ ബേപ്പൂർ ഉൾപ്പെടുത്തിയതുമില്ല. ഇതാണ് യാത്രാ പ്രതിസന്ധി ഗുരുതരമാക്കിയത്. അതേസമയം കടുത്ത യാത്രാ പ്രതിസന്ധി പരിഗണിച്ച് വലിയപാനി, ചെറിയപാനി, പറളി എന്നീ ഹൈസ്പീഡ് വെസലുകൾക്ക് ഈ സീസണിൽ സർവീസ് നടത്താൻ അനുമതി ആവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ദ്വീപ് തുറമുഖ ഡയറക്ടർക്ക് വീണ്ടും കത്തയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com