ADVERTISEMENT

വടകര∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപനത്തിൽ ഇത്തവണ വടകരയിൽ കേന്ദ്രീകൃത കലാശക്കൊട്ടില്ല. വില്യാപ്പള്ളി ടൗണിൽ സംഘർഷ സാധ്യത കണക്കിലെടുത്താണിത്. മണിയൂർ പഞ്ചായത്തിലെ കുറുന്തോടിയിൽ ഒരു പ്രചാരണ പരിപാടിയും അനുവദിക്കില്ല. മുനിസിപ്പാലിറ്റിയിലും തിരുവള്ളൂർ, ആയഞ്ചേരി പഞ്ചായത്തിലും 3 മുന്നണികൾക്ക് പ്രത്യേകം സ്ഥലം അനുവദിക്കും. പ്രകടനം, തുറന്ന വാഹനത്തിലെ പ്രചാരണം, ഡിജെ വാദ്യം എന്നിവ പൂ‍ർണമായും ഒഴിവാക്കും. ‌

കൊയിലാണ്ടിയിൽ എൽ‍ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണ 
സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടിയിൽ എൽ‍ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

24നു വൈകിട്ട് 4നു ശേഷം സ്ഥാനാർഥിയുടെ വാഹനം ഒഴികെയുള്ള വാഹനങ്ങൾ പ്രചാരണം അവസാനിപ്പിച്ച് അനുവദിച്ച സ്ഥലത്ത് യോഗം നടത്താം. ഈ തീരുമാനങ്ങൾ മുന്നണി ഭാരവാഹികളെ അറിയിക്കും പൊലീസും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ യോഗത്തിലാണ് ഈ തീരുമാനങ്ങൾ. ഡിവൈഎസ്പി കെ.വിനോദ് കുമാർ, പൊലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷ്, എസ്ഐമാരായ കെ.മുരളീധരൻ, ധന്യ കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.പി.ഗോപാലൻ, സതീശൻ കുരിയാടി, കെ.സി.മുജീബ് റഹ്മാൻ, പി.പി.വ്യാസൻ, ടി.പി.ബീനീഷ്, സി.പി.വിശ്വനാഥൻ, എം.ഫൈസൽ, ടി.വി.ഭരതൻ എന്നിവർ പ്രസംഗിച്ചു.
കുറ്റ്യാടി∙ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കലാശക്കൊട്ട് നടത്തേണ്ടതില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ പി.വിപിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ  മുന്നണി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.


 വാണിമേൽ ഭൂമിവാതുക്കലിൽ എൽ‍‍ഡിഎഫ് മേഖലാ റാലി കെ.കെ.
ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു. ജലീൽ ചാലിക്കണ്ടി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ.കെ.ശൈലജ, ടി.പ്രദീപ്കുമാർ, സമദ് നരിപ്പറ്റ, കെ.കെ.മോഹൻദാസ്, പി.എം.നാണു, പി.എം.മാത്യു, കെ.എൻ.നാണു തുടങ്ങിയവർ പ്രസംഗിച്ചു.
വാണിമേൽ ഭൂമിവാതുക്കലിൽ എൽ‍‍ഡിഎഫ് മേഖലാ റാലി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു. ജലീൽ ചാലിക്കണ്ടി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി കെ.കെ.ശൈലജ, ടി.പ്രദീപ്കുമാർ, സമദ് നരിപ്പറ്റ, കെ.കെ.മോഹൻദാസ്, പി.എം.നാണു, പി.എം.മാത്യു, കെ.എൻ.നാണു തുടങ്ങിയവർ പ്രസംഗിച്ചു.

പാനൂർ ബോംബുമായി സിപിഎമ്മിന് ബന്ധമില്ല: കെ.കെ.ശൈലജ
വടകര∙ പാനൂർ ബോംബ് കേസുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ. വടകര ജേണലിസ്റ്റ് യൂണിയന്റെ മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു. സ്ഫോടനത്തിന് ഇരയായ ആളുടെ പിതാവ് നാണു സിപിഎം അനുഭാവിയാണ്. മകൻ സിപിഎമ്മുകാരനല്ല. 

തിരഞ്ഞെടുപ്പിൽ ആശയ ദാരിദ്ര്യം നേരിട്ടതുകൊണ്ട് യുഡിഎഫ് ഇത്തരം കാര്യങ്ങൾ ആരോപിച്ച് എൽഡിഎഫിനെതിരെ തിരിയുകയാണ്. മോശമായ സൈബർ ആക്രമണം വരെ അഴിച്ചു വിടുന്നു. സംസ്ഥാനത്ത് തുടർഭരണം നടത്തുന്ന എൽഡിഎഫിനെ അംഗീകരിക്കുന്ന ജനം അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് വിശ്വാസം. ഇവിടെ ചർച്ച ചെയ്യേണ്ട മതനിരപേക്ഷതാ സംരക്ഷണം പോലുള്ള കാര്യങ്ങളിൽ എൽഡിഎഫ് കാട്ടുന്ന താൽപര്യം യുഡിഎഫിന് ഇല്ല.

ഭരണഘടന സംരക്ഷണത്തിന് എൽഡിഎഫ് തന്നെ മുന്നിട്ടിറങ്ങണം.  കേരളത്തിന്റെ പ്രശ്നങ്ങൾ കേന്ദ്രത്തിൽ അവതരിപ്പിക്കാനും എയിംസ് പോലുള്ള പദ്ധതികൾ ഇവിടേക്കു കൊണ്ടുവരാനും ശ്രമിക്കും. കർഷകരുടെ പ്രശ്നങ്ങൾ, വന സംരക്ഷണ നിയമത്തിലെ അപാകതകൾ തുടങ്ങി ഏറെ കാര്യങ്ങൾക്ക് പരിഹാരം കാണാൻ ബാക്കി നിൽക്കുകയാണ്. പ്രദീപ് ചോമ്പാല ആധ്യക്ഷ്യം വഹിച്ചു. പി.രാജീവൻ പ്രസംഗിച്ചു.
പിണറായിയുടെ ശ്രമം മോദിയെ പ്രീണിപ്പിക്കാൻ: മുല്ലപ്പള്ളി
വടകര ∙ പിണറായിയുടെ രാഹുൽ ഗാന്ധി വിരുദ്ധ പ്രസ്താവനകൾ മോദിയെ പ്രീണിപ്പിച്ച് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ നിന്നു രക്ഷപ്പെടാൻ വേണ്ടിയാണെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ. തോടന്നൂരിൽ യുഡിഎഫ് നടത്തിയ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പി.കെ.മൊയ്തു ആധ്യക്ഷ്യം വഹിച്ചു. പി.കെ.യൂസഫ്, അഷ്കർ ഫാറൂഖ്, മൂഴിക്കൽ ചന്ദ്രൻ, സി.വി.ഹമീദ്, വി.കെ.ഇസ്ഹാക്ക്, പാലോറ മൊയ്തു, കെ.കെ.അബ്ദുറഹിമാൻ ഹാജി, സി.ആർ.സജിത്ത് എന്നിവർ പ്രസംഗിച്ചു.
നാദാപുരം∙ നരിക്കാട്ടേരി മേഖല യുഡിഎഫ് കുടുംബസംഗമം നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എഐസിസി മെംബർ ഹരിപ്രിയ, കുണ്ടിൽ സൈനബ, വി.കെ.ബാലമണി, എ.കെ.സുബൈർ, എം.വി.കുഞ്ഞമ്മത്, ഇ.മുരളീധരൻ, ഇ.പത്മനാഭൻ, റിജേഷ് നരിക്കാട്ടേരി, പി.ഇബ്രാഹിം, കെ.പി.ഇബ്രാഹീം തുടങ്ങിയവർ പ്രസംഗിച്ചു.
തൊട്ടിൽപാലം∙ ഇന്ത്യയിൽ ജനാധിപത്യവും മതനിരപേക്ഷതയും നിലനിർത്താൻ ഇന്ത്യാസഖ്യം അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് മുൻ എംഎൽഎ കെ.എൻ.എ.ഖാദർ പറഞ്ഞു. കാവിലുംപാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി.രാജൻ, കെ.പി.ശംസീർ, കെ.പി.അമ്മദ്, പി.ജി.സത്യനാഥ്, സി.എച്ച്.സൈതലവി, ഒ.ടി.ഷാജി, സി.പി.കുഞ്ഞമ്മദ്, കെ.പി.സി.മൊയ്തു, വി.പി.സുരേഷ്, വി.എം.അസീസ് എന്നിവർ പ്രസംഗിച്ചു.

എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ആയ‍ഞ്ചേരിയിൽ നടന്ന പൊതുയോഗം യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചാഹൽ ഉദ്ഘാടനം ചെയ്യുന്നു.
എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ആയ‍ഞ്ചേരിയിൽ നടന്ന പൊതുയോഗം യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചാഹൽ ഉദ്ഘാടനം ചെയ്യുന്നു.

യുവ പിന്തുണയിൽ മോദി സർക്കാർ വീണ്ടും വരും: രോഹിത് ചാഹൽ
വടകര∙ യുവജനതയുടെ പിന്തുണയിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചാഹൽ പറഞ്ഞു. എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ആയ‍ഞ്ചേരിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ വന്ന ശേഷം സ്വയംതൊഴിൽ സംരംഭം, വായ്പകൾ എന്നിവയിലും രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രങ്ങളിലും യുവാക്കൾക്ക് മുന്തിയ പരിഗണന നൽകിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് രജീഷ് മാങ്ങിൽക്കൈ ആധ്യക്ഷ്യം വഹിച്ചു. ദേശീയ സമിതി അംഗം അക്ഷയ ബെൻസൻ, രാമദാസ് മണലേരി, ടി.വി.ഭരതൻ, യു.വി.ചാത്തു, കെ.ഗണേശൻ, ജുബിൻ ബാലകൃഷ്ണൻ, ഇ.പി.ബിജു, റെജിലേഷ്, സിനൂപ് രാജ് എന്നിവർ പ്രസംഗിച്ചു.

രാഹുൽ പ്രധാനമന്ത്രിയാകുന്നത്  മോദിയും പിണറായിയും ഭയക്കുന്നു: കുഞ്ഞാലിക്കുട്ടി
നാദാപുരം∙ തിരഞ്ഞെടുപ്പിനു ശേഷം രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാന മന്ത്രിയാകുന്നതിനെ നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ പോലെ ഭയപ്പെടുകയാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. സിപിഎം ഇന്ത്യാ സഖ്യത്തിന് ഒപ്പമാണോ അതോ മോദി തന്നെ വീണ്ടും അധികാരത്തിലെത്തട്ടെ എന്ന ഉള്ളിലിരിപ്പാണോ കൊണ്ടുനടക്കുന്നതെന്ന് നേതാക്കൾ തുറന്നു പറയണം. പാറക്കടവിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. 

വടകരയിൽ യുഡിഎഫ് തകർപ്പൻ വിജയം നേടും. ഇല്ലാക്കഥകളും അപവാദ പ്രചാരണങ്ങളും നടത്തുന്നതുകൊണ്ടൊന്നും കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.എച്ച്.ഹമീദ് അധ്യക്ഷത വഹിച്ചു.  സംസ്ഥാന ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുല്ല, ജില്ലാ ലീഗ് പ്രസിഡന്റ് എം.എ.റസാഖ്, ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, യുഡ‍ിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കൺവീനർ അഹമദ് പുന്നക്കൽ, സി.വി.എം.വാണിമേൽ, പി.ദാമു തുടങ്ങിയവർ പ്രസംഗിച്ചു.

വോട്ട് അഭ്യർഥിക്കാൻ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മംഗലാട്ട് എത്തിയ വടകര 
ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സ്വീകരണ കേന്ദ്രത്തിലെ 
പ്രവർത്തകർക്കൊപ്പം സെൽഫി എടുക്കുന്നു.
വോട്ട് അഭ്യർഥിക്കാൻ കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മംഗലാട്ട് എത്തിയ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സ്വീകരണ കേന്ദ്രത്തിലെ പ്രവർത്തകർക്കൊപ്പം സെൽഫി എടുക്കുന്നു.

പ്രചാരണത്തിന് ആവേശമേറ്റി ആൾക്കൂട്ടങ്ങൾ പഴയ കാലം പോലൊരു പുതിയ കാലത്തിൽ ഷാഫി 
∙ വടകരയിലെ പഴമക്കാരുടെ മനസ്സിലൊരു തിരഞ്ഞെടുപ്പു കാലമുണ്ട്. സ്ഥാനാർഥിയെ കാത്ത് പുലർച്ചെ മൂന്നിനും നാലിനും കടവരാന്തകളിൽ കാത്തുകിടന്ന കാലം. കെ.പി.ഉണ്ണിക്കൃഷ്ണനെയും കെ.ജി.അടിയോടിയെയും അങ്ങനെ കാത്തുനിന്നു അഭിവാദ്യമർപ്പിച്ചത് അവരുടെ ഓർമകളിൽ ഇന്നും മായാതെ കിടക്കുന്നുണ്ട്. വടകരയിലിതാ ആ കാലം തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ ഷാഫി പറമ്പിൽ എന്ന യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടിയാണ് നാട്ടുകാർ തെരുവോരങ്ങളിൽ ഉറക്കം ഉപേക്ഷിച്ചു കാത്തുനിൽക്കുന്നത്. വടകര മണ്ഡലം പ്രോഗ്രാം കമ്മിറ്റി ചെയർമാനായ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.പി.എ.അസീസ് പറയുന്നു– ‘ഷാഫിയെ കാണാനെത്തിയ മുതിർന്ന വോട്ടർമാരിലൊരാളാണ് എന്നോടും ആ പഴയ കഥ പറഞ്ഞത്.


തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ തണ്ണീർപന്തലിൽ തന്നെ 
കാണാൻ കാത്തുനിന്നയാളെ  ഷാഫി പറമ്പിൽ 
ചേർത്തു പിടിച്ചപ്പോൾ.
തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ തണ്ണീർപന്തലിൽ തന്നെ കാണാൻ കാത്തുനിന്നയാളെ ഷാഫി പറമ്പിൽ ചേർത്തു പിടിച്ചപ്പോൾ.

അദ്ദേഹം അങ്ങനെ കാത്തുനിന്നു കണ്ടത് കെ.ജി.അടിയോടിയെ ആണ്. പിന്നീടൊരു സ്ഥാനാർഥിയെ അദ്ദേഹം അങ്ങനെ കണ്ടിട്ടില്ല. കഴിഞ്ഞ 3 പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ വടകരയിലെ കാര്യങ്ങൾ നോക്കാൻ ഞാനുമുണ്ട്. എന്നാൽ 3 തവണയും ഈ രീതിയിലൊരു പ്രചാരണം ഞാനും കണ്ടിട്ടില്ല’. കഴിഞ്ഞ 2 ദിവസങ്ങളിലും ഷാഫിയുടെ പ്രചാരണം അവസാനിക്കുന്നത് പുലർച്ചെ 4ന് ആണ്. ഓരോ ദിവസവും സ്വീകരണം നിശ്ചയിക്കുന്നത് 20 മുതൽ 25 വരെ കേന്ദ്രങ്ങളിലായിരിക്കും. എന്നാൽ പ്രചാരണ കമ്മിറ്റിക്കാർ അറിയാതെ ഷാഫിയെ കാത്ത് അതിന്റെ നാലും അഞ്ചും ഇരട്ടി കേന്ദ്രങ്ങളിൽ നാട്ടുകാർ സ്വീകരണം ഒരുക്കിയിട്ടുണ്ടാകും.

ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യാൻ മടിയേരിയിൽ എത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനൊപ്പം ഷാഫി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യാൻ മടിയേരിയിൽ എത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനൊപ്പം ഷാഫി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനമായിരുന്നു ഇന്നലെ. രാവിലെ 8.30ന് മടിയേരിയിലാണ് ഉദ്ഘാടനം നിശ്ചയിച്ചത്. ഉദ്ഘാടനം കഴിഞ്ഞു ചില കേന്ദ്രങ്ങളിൽ സ്ഥാനാർഥി വാഹനത്തിൽനിന്ന് ഇറങ്ങാതെ സംസാരിക്കാം. അപ്പോൾ സമയം ലാഭിക്കാം– ഇതായിരുന്നു കണക്കുകൂട്ടൽ. 2 സ്വീകരണം കഴിഞ്ഞപ്പോഴേക്കും അതെല്ലാം കാറ്റിൽ പറത്തി വോട്ടർമാർ ഷാഫിയെ ഏറ്റെടുത്തു. 

തോടന്നൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
തോടന്നൂരിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗം മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

പാനൂരിൽനിന്ന് ഷാഫി എത്താൻ അൽപം വൈകിയതിനാൽ ആദ്യ സ്വീകരണ പരിപാടി ആരംഭിക്കുന്നത് അര മണിക്കൂർ വൈകി. പുലർച്ചെ 5ന് ആണ് ഉറങ്ങാൻ കിടന്നത്. ഏഴരയോടെ ഉണർന്നിട്ടാണ് അപ്പോഴെങ്കിലും എത്തുന്നത്.  യുവജനതയുടെ സാന്നിധ്യവും സ്ത്രീകളുടെ സാന്നിധ്യവും വ്യക്തമാക്കുന്നത് ഷാഫിയെന്ന സ്ഥാനാർഥിയോട് മണ്ഡലം കാണിക്കുന്ന സവിശേഷമായ അടുപ്പമാണ്. അതു വോട്ടായി മാറുമെന്ന് ഉറപ്പാണെങ്കിൽ ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം മറികടക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്.

സലാമിന്റെ താരതമ്യം
രാവിലെ 9. മടിയേരി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ ആൾക്കൂട്ടം. പ്രചാരണം ഉദ്ഘാടനം ചെയ്ത പി.എം.എ.സലാം പ്രസംഗിച്ചു കൊണ്ടിരിക്കെ ഷാഫി വന്നു. തമിഴ്നാട്ടിലും മറ്റും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുത്തു നേരിട്ടു കണ്ടൊരു കാര്യം പറഞ്ഞ് പി.എം.എ.സലാം ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചു; ‘ഖാഇദെ മില്ലത്തിന്റെ ചിത്രം വച്ച് കേരളത്തിനു പുറത്ത് വോട്ടു പിടിക്കുന്ന സിപിഎം കേരളത്തിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് പയറ്റുന്നത്.

കേരളത്തിൽ മാത്രം അതു ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ജയിൽശിക്ഷയെന്ന ഭയമാണ്’. തുടർന്ന് മൈക്ക് ഷാഫിക്കു കൈമാറി. ‘‘ഇനി രാഷ്ട്രീയം പറയുന്നില്ല, പകരം ചെയ്യേണ്ടതു മാത്രം പറയാം–ഫോണിലൂടെയും മറ്റും എല്ലാവരും ബന്ധുക്കളുടെയും മറ്റും വോട്ടുകൾ ഉറപ്പാക്കണം. 26ന് രാവിലെ തന്നെ അതു രേഖപ്പെടുത്തുകയും വേണം. ബോംബിനും വാളിനും ഉള്ളതിനെക്കാൾ ശക്തി വോട്ടിനുണ്ടെന്നു നമുക്ക് തെളിയിക്കണം’’– ഷാഫി പറഞ്ഞു. 

പ്രചാരണവഴി
മുതുവടത്തൂരിൽ സ്ഥാനാർഥി പ്രസംഗിക്കുന്നതിനിടെ ഒരു കിലോമീറ്റർ അകലെ സി.കെ.മുക്കിൽ ചെറിയൊരാൾക്കൂട്ടം. മുതിർന്നവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഷാഫിയെ കാണാൻ നിൽക്കുന്നു. മുതുവടത്തൂർ കഴിഞ്ഞാൽ മംഗലാട് ആണ് നിശ്ചയിച്ച സ്വീകരണം. മംഗലാട് പോകും മുൻപേ സ്ഥാനാർഥിയെ സി.കെ.മുക്കിൽ എത്തിച്ചേ നാട്ടുകാർ അടങ്ങിയുള്ളൂ. ഒടുവിൽ മംഗലാട് എത്തുമ്പോൾ സമയം 12. രണ്ടു മണിക്കൂർ വൈകിയ സ്വീകരണം 4 കേന്ദ്രങ്ങളേ അപ്പോൾ പിന്നിട്ടിരുന്നുള്ളൂ.

വീണ്ടും നാളെ
നരിക്കൂട്ടുംചാലിൽ 12.30ന് നിശ്ചയിച്ചിരുന്ന ഉച്ചഭക്ഷണം കഴിക്കുമ്പോൾ സമയം മൂന്നര. വട്ടക്കണ്ടിപ്പാറയിലെ സ്വീകരണം കഴിയുമ്പോൾ പതുക്കെ മഴ തുടങ്ങി. അപ്പോൾ സമയം 6.40. ഈ രീതിയിൽ പോയാൽ കാര്യങ്ങൾക്ക് കഴിഞ്ഞ ദിവസത്തേതിൽനിന്നു കാര്യമായ വ്യത്യാസമുണ്ടാകില്ലെന്ന് പ്രോഗ്രം കോ–ഓർഡിനേഷനു നേതൃത്വം നൽകുന്ന പി.കെ.ഹബീബ്. ഇന്നത്തെ പര്യടനം നാളെ എത്ര മണിക്ക് അവസാനിക്കുമെന്ന് പറയാൻ ആർക്കുമാവില്ല. അതങ്ങനെ നീണ്ടു നീണ്ടു പോകുകയാണ്. 

ജോറാണ്, അതായത് ഭേഷാണ്
‘‘ഒരുത്തനെത്തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും’’ എന്നൊക്കെ ആരൊക്ക്യോ പണ്ട് പറഞ്ഞിക്കി. ചോദ്യം ചെയ്യലിനെക്കുറിച്ചും അറസ്റ്റിനെ കുറിച്ചുമൊക്കെ ചെലോല് വാതോരാതെ വർത്താനം പറേന്നത് കേട്ടാല് ഞമ്മക്കങ്ങനെ തോന്നുന്നത് ഒര് തെറ്റാണോ, കോമ്രേഡ്സ്? ഫോർ എക്സാംപിള്, മൈക്കൊടിക്കണ ചെങ്ങായീന്റെ കാര്യം തന്നെ നോക്കിക്കാളി. കഴിഞ്ഞ ദിവസം കോയിക്കോട്ടെ പാടത്തും പറമ്പത്തുമൊക്ക്യായി മൂന്നാല് സ്ഥലത്ത് മൂപ്പരാള് ഓടിനടന്ന് പ്രസംഗിച്ചിക്കി! ‘‘ ഞമ്മടെ ഇക്കാക്കായ്ക്ക് വോട്ട് ചെയ്യണം, മൂപ്പരാള് വീരശൂര പരാക്രമ്യാണ്’’ എന്നൊക്കെ ഗ്യാസടിച്ച് കേറ്റാനാണല്ലോ തെരഞ്ഞെടുപ്പ് റാലിക്ക് മൂപ്പരാളെ നെറ്റിപ്പട്ടംകെട്ടി എഴുന്നള്ളിച്ച് കൊണ്ടോന്നത്. 

മൂപ്പരാള് ഈ മൂന്നെടത്തും ഒരു മണിക്കൂറും പത്തുമിനിറ്റുമാണ്  പ്രസംഗിച്ചത്. പക്ഷേ, ഈട്യൊന്നും ഞമ്മടെ ‘ഇക്കാക്കാ’നെക്കുറിച്ച് ആകെപ്പാടെ അഞ്ചുവാചകം മൂപ്പരാള് തെകച്ച് പറഞ്ഞീക്കില്ല്യ.  ബാക്കി ഒരു മണിക്കൂറ് മൂപ്പരാള് എന്താണോലും പ്രസംഗിച്ചത്? ഈ ഒരുമണിക്കൂറ് നേരോം പ്രസംഗത്തില് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നെഞ്ചത്ത് കേറിയിരുന്ന് പൊങ്കാലയിടലാണ്!

‘‘ഈഡിയെക്കാട്ടി എന്നെ പേടിപ്പിക്കണ്ട’’, ‘‘ സിബിഐ എന്നാല് സെന്ട്രൽ ബാങ്കോഫ് ഇന്ത്യാന്നല്ല’’, ‘‘ കണ്ണൂര് സെൻട്രല് ജെയില് ഞമ്മക്ക് പുത്തര്യല്ല’’, ‘‘ അന്റെ മുത്താച്ചി പണ്ട് എന്നെപ്പിടിച്ച് ഒന്നരക്കൊല്ലം അകത്തിട്ടിട്ട് എന്താക്കി’’  എന്നൊക്കെ വെച്ചങ്ങട്ട് കീച്ചുകയാണ്. ഈ ബഡായി പറച്ചിലും വെല്ലുവിളീം കഴിഞ്ഞിട്ട് വേണല്ലോ സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ പറയേണ്ടത്. അതും തഥൈവ !

ഈ വെപ്രാളോം പരവേശോം കാണുമ്പം, പണ്ടൊരു ചെങ്ങായി എറണാകൊളത്തേക്ക് പോയ കഥ്യാണ് ഓർമ വരുന്നത്. തീവണ്ടി തൃശൂര് കഴിഞ്ഞപ്പം മൂപ്പര് എഴുന്നേറ്റ് നിന്ന് പറഞ്ഞുപോലും: ‘‘ സ്ഥലം എത്താറായി, ഇനി വെപ്രാളപ്പെടാൻ തൊടങ്ങാം’’ തന്റെ സ്റ്റേഷനിലെത്താൻ  ഇനീം പത്തമ്പതു കിലോമീറ്ററുള്ളപ്പൊത്തന്നെ വെപ്രാളപ്പെട്ടു തുടങ്ങിയ ഞമ്മടെ മഹാനോട് ‘മഴവിൽ കാവടീ’ലെ ‘ഇന്നച്ചന്റെ’ ഡയലോഗാണ് പറേണ്ടത്: ‘‘ ഇങ്ങനെ കരയല്ലടോ...ആ നനവ് പറ്റി മീശ തഴച്ച് വളരും’’.

പരിശീലനം: ഒരവസരം കൂടി
കോഴിക്കോട്∙ ജില്ലയിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്കുള്ള രണ്ടാം ഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നാളെ രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പോളിങ് സ്റ്റേഷനുകളിൽ നിയമിക്കപ്പെട്ട മൈക്രോ ഒബ്സർവർമാർക്കുള്ള ഒന്നാംഘട്ട പരിശീലനം നൽകി. പോളിങ് സ്റ്റേഷനിലെ എല്ലാ പ്രവർത്തനങ്ങളും മൈക്രോ ഒബ്സർവർമാരാണ് നിരീക്ഷിക്കുക.

പോളിങ്ങിനു മുൻപുള്ള മോക് പോളിങ് നടപടി ക്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് കൃത്യമായി നിർവഹിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, ഇവിഎം, വിവി പാറ്റ് എന്നിവ ശരിയായ പോളിങ്ങിനു മുൻപും പോളിങ് കഴിഞ്ഞതിന് ശേഷവും സീൽ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, പോളിങ് നടക്കുന്ന സമയത്തെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുക തുടങ്ങിയവയാണ് മൈക്രോ ഒബ്സർവർമാരുടെ ചുമതല.  അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ ഉദ്ഘാടനം ചെയ്തു. എൽഎസ്ജെഡി ജൂനിയർ സൂപ്രണ്ട് പ്രകാശ് ക്ലാസെടുത്തു. അസി. നോഡൽ ഓഫിസർ കെ.ഷെറീന നേതൃത്വം നൽകി.

മാതൃകാ പെരുമാറ്റച്ചട്ടം: ഷാഫിക്ക് നോട്ടിസ്
കോഴിക്കോട് ∙ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ് നോട്ടിസ് നൽകി. വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ  ‘ഈദ് വിത്ത് ഷാഫി’ എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണു നോട്ടിസ്. 3 ദിവസത്തിനകം മറുപടി നൽകണം. 

ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു.

വടകര കേന്ദ്രസേനയെ ഏൽപിക്കണം: കോൺഗ്രസ്
കോഴിക്കോട് ∙ വടകര ലോക്സഭാ മണ്ഡലത്തിലെ ക്രമസമാധാനത്തിന്റെ ചുമതല പൂർണമായും കേന്ദ്രസേനയെ ഏൽപിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ഇലക്‌ഷൻ കമ്മിഷനു പരാതി നൽകിയതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി സമാധാനപ്രിയയാണെങ്കിൽ ബോംബ് രാഷ്ട്രീയത്തെ അവർ പൂർണമായും തള്ളിപ്പറയണം. 

പാനൂർ, കൂത്തുപറമ്പ്, തലശ്ശേരി, നാദാപുരം എന്നിവിടങ്ങളിലെ സിപിഎം ഓഫിസുകൾ റെയ്ഡ് ചെയ്താൽ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. പരാജയഭീതിയെ തുടർന്നു തിരഞ്ഞെടുപ്പു ദിവസം എൽഡിഎഫ് വ്യാപകമായി അക്രമം അഴിച്ചു വിടാൻ സാധ്യതയുണ്ടെന്നും പ്രവീൺ പറഞ്ഞു. വടകര മണ്ഡലത്തിൽ കള്ളവോട്ട് തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

വടകരയിലെ 284 പ്രശ്നബാധിത ബൂത്തുകളിൽ 7 ബറ്റാലിയൻ കേന്ദ്രസേനയെ അനുവദിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പ്രവീൺ കുമാർ പറഞ്ഞു. കുറ്റ്യാടി മണ്ഡലത്തിൽ 12 പേർക്കു 2 ബൂത്തുകളിൽ വോട്ടുണ്ട്. പല ഭാഗത്തും വ്യാപകമായി ഇരട്ടവോട്ടുകളുണ്ടെന്നും പ്രവീൺകുമാർ പറഞ്ഞു.

വ്യാജ വിഡിയോ പ്രചാരണം: കെ.കെ.രമ പരാതി നൽകി
വടകര ∙ കഴിഞ്ഞ 17 നു യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ താനും ഉമ തോമസ് എംഎൽഎയും നടത്തിയ പത്രസമ്മേളനത്തിന്റെ വിഡിയോ എഡിറ്റ് ചെയ്ത് ജനങ്ങളിൽ തെറ്റിധാരണ പരത്തുന്ന തരത്തിൽ പ്രചാരണം നടത്തിയതിനെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ.രമ എംഎൽഎ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും അപമാനിക്കാൻ വേണ്ടി തയാറാക്കിയ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയാണ്. അതു നിർമിച്ചവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ പൊലീസ് കേസ് എടുക്കണമെന്നും രമ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com