ADVERTISEMENT

വടകര ∙ ഒന്നര മാസമായി നടന്നു വന്ന പരസ്യ പ്രചാരണത്തിനു സമാപനം കുറിച്ചു മുന്നണികളുടെ ആവേശകരമായ കലാശക്കൊട്ട്. വലിയ പതാകകൾ പറത്തിയും ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയും പ്രവർത്തകർ അണിനിരന്നതോടെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ലിങ്ക് റോഡ് ജംക്‌ഷനിൽ എൽഡിഎഫിനും അഞ്ചുവിളക്ക് ജംക്‌ഷനിൽ യുഡിഎഫിനും പുതിയ ബസ് സ്റ്റാൻഡ് എൻഡിഎക്കും കോർണർ മീറ്റിങ് നടത്താനുള്ള സൗകര്യമായിരുന്നു പൊലീസ് ഒരുക്കിയത്. വളരെ നേരത്തെ തന്നെ പ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നു.

വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് എൻഡിഎ നടത്തിയ കലാശക്കൊട്ട്.
വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് എൻഡിഎ നടത്തിയ കലാശക്കൊട്ട്.

പഴയ ബസ് സ്റ്റാൻഡ് റോ‍ഡിൽ വടക്കു ഭാഗം യുഡിഎഫും തെക്ക് ഭാഗം എൽഡിഎഫും കയ്യടക്കിയതോടെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വലിയ കൊടികളുമായി പ്രവർത്തകരും അനൗൺസ്മെന്റും വാഹനവും ഇരുപുറവും നിരന്നു. പ്രവർത്തകർ മുന്നോട്ട് നീങ്ങി പഴയ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശ കവാടത്തിൽ മുഖാമുഖം നിലയുറപ്പിച്ചു. അതോടെ, കേന്ദ്രസേനയും പൊലീസും റോഡിൽ ബാരിക്കേഡ് തീർത്തു. പ്രവർത്തകരോട് പിന്നാക്കം പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്ന് വടം എത്തിച്ച് പൊലീസ് റോഡിന് കുറുകെ കെട്ടി.

വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് യുഡിഎഫ് നടത്തിയ കലാശക്കൊട്ട്.
വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് യുഡിഎഫ് നടത്തിയ കലാശക്കൊട്ട്.

വടത്തിന് ഇരുഭാഗത്തു നിന്നും മുദ്രാവാക്യം വിളി തുടങ്ങി. കലാശക്കൊട്ട് നേരത്തെ അവസാനിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. 5.15ന് പ്രചാരണം അവസാനിപ്പിക്കണമെന്ന നിർദേശം പ്രവർത്തകർ ആദ്യം ചെവി കൊണ്ടില്ല. പിന്നീട് നേതാക്കൾ ഇടപെട്ട് തീരുമാനം പ്രഖ്യാപിച്ചു. പിരിഞ്ഞു പോകാൻ ആദ്യം എൽഡിഎഫ് മൈക്കിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് യുഡിഎഫും തയാറായി. വാഹനങ്ങൾ റോഡിലൂടെ കടത്തി വിട്ടതോടെ പ്രവർത്തകർ ഓരോരുത്തരായി പിരിഞ്ഞു പോകുകയായിരുന്നു.

ഡിവൈഎസ്പി കെ.വിനോദ്കുമാർ, ഇൻസ്പെക്ടർ ടി.പി.സുമേഷ്, എസ്ഐമാരായ കെ.മുരളീധരൻ, ധന്യ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സിആർപിഎഫ് ഭടന്മാരും സ്ഥിതിഗതികൾ നിയന്ത്രിച്ചു. കെ.കെ.രമ എംഎൽഎയും എൽഡിഎഫ്– യുഡിഎഫ് നേതാക്കളും നേതൃത്വം നൽകി. എൽഡിഎഫ് കോർണർ മീറ്റിങ്ങിൽ ബിജു കൃഷ്ണൻ പ്രസംഗിച്ചു.

എൻഡിഎ പ്രചാരണത്തിന്റെ സമാപനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നു. ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു. മുന്നണികളുടെ കലാശക്കൊട്ട് കാണാൻ റോഡിന് ഇരുവശത്തും ആളുകൾ തിങ്ങി നിറഞ്ഞിരുന്നു.

സ്ഥാനാർഥികൾ ഓട്ട പ്രദക്ഷിണത്തിൽ
വടകര ∙ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം ഓട്ട പ്രദക്ഷിണത്തിലായിരുന്നു സ്ഥാനാർഥികൾ. രാവിലെ മുതൽ വാഹനത്തിൽ മണ്ഡലത്തിലെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കുകയായിരുന്നു. ആവേശത്തിലായിരുന്നു മൂന്നു മുന്നണികളും. അവസാന ദിവസം റോഡ് ഷോകളുമായി സ്ഥാനാർഥികൾ എത്തിയപ്പോൾ ആളുകൾ കാത്തു നിന്നു. സീറ്റ് നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു യുഡിഎഫ്. നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാനുള്ള തത്രപ്പാടിൽ എൽഡിഎഫും വിജയപ്രതീക്ഷയിൽ എൻഡിഎയും വോട്ട് അഭ്യർഥിച്ചു.

അഴിയൂരിൽ റോഡ് ഷോ നടത്തി ഷാഫി പറമ്പിൽ 
വടകര ∙ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ അഴിയൂരിൽ റോഡ് ഷോ നടത്തി. ആസ്യ റോഡിൽ നിന്നു തുടങ്ങി അഴിയൂർ സ്കൂൾ പരിസരത്ത് സമാപിച്ചു. കോട്ടയിൽ രാധാകൃഷ്ണൻ, കുളങ്ങര ചന്ദ്രൻ, ടി.സി.രാമചന്ദ്രൻ, കെ.അൻവർ ഹാജി, പി.ബാബുരാജ്, പ്രദീപ് ചോമ്പാല തുടങ്ങിയവർ പങ്കെടുത്തു.

എൽഡിഎഫ് വൈക്കിലശ്ശേരി മേഖല റാലി നടത്തി
വടകര ∙ ബിജെപി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമ്പോൾ കേരളത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എംപിമാർ മൗന വ്രതത്തിലായിരുന്നെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ. എൽഡിഎഫ് വൈക്കിലശ്ശേരി മേഖല റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എം.നാരായണൻ അധ്യക്ഷത വഹിച്ചു. എൻ.ബാലകൃഷ്ണൻ, ടി.എം.രാജൻ, ഇ.രാധാകൃഷ്ണൻ, പി.സത്യനാഥൻ, എൻ.നിധിൻ, പ്രസാദ് വിലങ്ങിൽ, കെ.പ്രകാശൻ, വി.പി.മനോജൻ എന്നിവർ പ്രസംഗിച്ചു. സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് സ്വീകരണം നൽകി.

വോട്ടർപട്ടികയിൽ വീട്ടുപേരും നമ്പറുമില്ലാതെ ഒട്ടേറെ വോട്ടർമാർവടകര ∙ കുറ്റ്യാടി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വീട്ടു പേരും നമ്പറും ഇല്ലാത്ത ഒട്ടേറെ വോട്ടർമാർ എന്നു പരാതി. 140, 141 ബൂത്തുകളിൽ 4 നു പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇങ്ങനെയുള്ളത്. വീട്ടുപേരും നമ്പറും ഇല്ലാതെ ഉൾപ്പെടുത്തിയ വോട്ടർമാരെ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകിയതായി എൽഡിഎഫ് പതിയാരക്കര മേഖല കമ്മിറ്റി കൺവീനർ ടി.സി.രമേശൻ അറിയിച്ചു.

എൽഡിഎഫ് വാഹനത്തിന് നേരെ ആക്രമണമെന്നു പരാതി
വടകര ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ എൽഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ തിരുവള്ളൂരിൽ ആക്രമണമെന്ന് പരാതി. വാഹനത്തിലെ ബോർഡുകൾ നശിപ്പിക്കുകയും മൈക്ക് സെറ്റിന് കേട് വരുത്തുകയും ചെയ്തതിൽ എൽഡിഎഫ് തിരുവള്ളൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. ആക്രമണത്തിനു പിന്നിൽ‌ യുഡിഎഫ് ആണെന്ന് എൽഡിഎഫ് ആരോപിച്ചു.എന്നാൽ, അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മുൻധാരണ പ്രകാരം നടത്തിയ യോഗം അലങ്കോലമാക്കാൻ പ്രചാരണ വാഹനം ഉപയോഗിച്ച് എൽഡിഎഫ് ശ്രമിക്കുകയായിരുന്നുവെന്നും യുഡിഎഫ് വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com