ADVERTISEMENT

കോഴിക്കോട് ∙ അറ്റകുറ്റപ്പണിയും അടിസ്ഥാന സൗകര്യങ്ങളുമില്ല; സരോവരം ബയോ പാർക്കിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനം എങ്ങുമെത്തിയില്ല. അവധിക്കാലത്തു കുട്ടികൾക്കും മുതിർന്നവർക്കും പ്രകൃതി സൗന്ദര്യം ആസ്വദിച്ചു സമയം ചെലവഴിക്കാനുള്ള നഗരത്തിലെ തണൽ ഇടമാണു പരിപാലനമില്ലാതെ നശിക്കുന്നത്. 55 ഏക്കർ ഇക്കോ ടൂറിസം ഡെസ്റ്റിനേഷൻ നഗരത്തിന്റെ ജൈവവൈവിധ്യത്തിന്റെയും തണ്ണീർത്തട ആവാസ വ്യവസ്ഥയുടെയും നേർക്കാഴ്ചയാണ്. കുട്ടികളെയും മുതിർന്നവരെയും ഏറെ ആകർഷിച്ചിരുന്ന തടാകത്തിലെ ബോട്ടിങ് നിലച്ചിട്ട് ഏറെ നാളായി. തടാകത്തിൽ കനോലി കനാലിൽ നിന്നുള്ള മലിനജലം കലർന്നതോടെ ബോട്ട് സർവീസ് നിർത്തിവയ്ക്കുകയായിരുന്നു. 

റോഡിൽനിന്നുള്ള കോൺക്രീറ്റ് പാലം തകർന്നു. കവാടത്തിൽ സുരക്ഷാ ജീവനക്കാർ ഉണ്ടെങ്കിലും സാമൂഹിക വിരുദ്ധർ പാർക്കിൽ കടക്കുന്നുണ്ട്. പാർക്കിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും മതിയായ സുരക്ഷ ഇല്ലെന്നു പരിസരവാസികൾ പറഞ്ഞു. മുൻപു സാമൂഹിക വിരുദ്ധരെ നേരിടാൻ പൊലീസ് പട്രോളിങ് ഉണ്ടായിരുന്നു. ഇപ്പോൾ അതു നിലച്ചതോടെ കുടുംബങ്ങളും പ്രകൃതി സ്നേഹികളും പാർക്കിൽ വരാതായി. ദേശീയ ശ്രദ്ധ നേടുന്ന ഇക്കോ ടൂറിസം ഹബ് ആയി മാറാൻ കണ്ടൽക്കാടുകളുടെ സങ്കേതമായ സരോവരത്തിന് ഏറെ സാധ്യതയുണ്ട്. ഇതു തിരിച്ചറിഞ്ഞു ബയോ പാർക്കിന്റെ രണ്ടാംഘട്ട നവീകരണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് അധികൃതർ ഇടപെടണമെന്നാണു നഗരവാസികളുടെ ആവശ്യം. 

രണ്ടാംഘട്ട നവീകരണം: തുകയും പ്രവൃത്തിയും 
∙ രണ്ടാംഘട്ട നവീകരണത്തിനു 2.19 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല. 1.74 കോടി രൂപയുടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും സൗകര്യങ്ങൾ പരിമിതമാണ്. കനോലി കനാലിനോടും പാർക്കിനോടും ചേർന്നുള്ള ഭിത്തി,  പാർക്കിലേക്കു കനോലി കനാലിന് കുറുകെ നിർമിച്ച മരപ്പാലം, ഓപ്പൺ തിയറ്റർ, കോംപൗണ്ട് ഭിത്തി, സെക്യൂരിറ്റി റൂം എന്നിവയുടെ നവീകരണം രണ്ടാംഘട്ടത്തിലുണ്ട്. കുട്ടികളുടെ കളിസ്ഥലത്ത് കൂടുതൽ ഉപകരണങ്ങൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. വിളക്കുകളും ഇരിപ്പിടങ്ങളും മാറ്റി സ്ഥാപിക്കുകയോ നന്നാക്കുകയോ ചെയ്യാനും പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com