ശിക്ഷ കിട്ടിയ ശേഷം 17 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി
Mail This Article
നാദാപുരം∙ മോഷണക്കേസിൽ കോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ഒളിവിൽ പോയ പ്രതി 17 വർഷത്തിനു ശേഷം അറസ്റ്റിൽ. ചെക്യാട് സ്വദേശി പാറച്ചാലിൽ കബീറിനെ(43) ആണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. 2002ൽ പുളിയാവിൽ വീട്ടമ്മയെ ആക്രമിച്ച് പരുക്കേൽപിച്ച് സ്വർണക്കമ്മൽ കവർന്ന കേസിൽ കബീറിനു രണ്ടര വർഷം തടവും പിഴയും നാദാപുരം മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ കബീർ ഒളിവിൽ പോയി.
ബുധനാഴ്ച രാത്രി പ്രതി നിട്ടൂരിലെ മാതൃ വീട്ടിൽ എത്തുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം പ്രതിയെ കാത്തിരുന്നു പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ടു ഓടിയ പ്രതിയെ ഒരു കിലോ മീറ്ററോളം പിന്തുടർന്ന് പിടികൂടി. വളയം എസ്എച്ച്ഒ കെ.എസ്.അജേഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ടി.കെ.പ്രദീപ് കുമാർ, എസ്‍സിപിഒമാരായ എം.പി.പ്രകാശൻ, രജീഷ് കുമാർ, സിപിഒ സുബിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.