ചെമ്മീൻ ചാകര വരേണ്ട കാലം, മത്തി പോലും കിട്ടുന്നില്ല; അശാസ്ത്രീയമായ മത്സ്യബന്ധനവും പ്രശ്നം
Mail This Article
വടകര ∙ മത്സ്യം കിട്ടാനില്ല. കടലിൽ പോകാനുളള ചെലവു താങ്ങാവുന്നതിലും അപ്പുറം. ചോമ്പാൽ ഹാർബർ കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധനം മുടങ്ങുന്നു. ചെറുതും വലുതുമായി 500ൽപരം വള്ളങ്ങളുള്ള ഹാർബറിൽ പതിവായി പോവുന്നതു നൂറിൽത്താഴെ വള്ളങ്ങൾ മാത്രം. ഇതോടെ മത്സ്യത്തൊഴിലാളികളും വള്ളം ഉടമകളും സാമ്പത്തിക ബുദ്ധിമുട്ടിലായി.
ഹാർബർ കേന്ദ്രീകരിച്ച് അനുബന്ധ ജോലി ചെയ്യുന്നവർക്കും പണിയില്ലാതായി. ഇതുവരെ നേരിടാത്ത മത്സ്യ ക്ഷാമമാണ് ഇത്തവണയുണ്ടായതെന്നു മത്സ്യ തൊഴിലാളികൾ പറയുന്നു. കടൽ ചൂടും അശാസ്ത്രീയമായ മത്സ്യബന്ധനവുമാണു പ്രധാന പ്രശ്നം.
നിരോധിച്ച മാർഗങ്ങളിലൂടെയാണു പുറമേ നിന്നുള്ള ബോട്ടുകളും വള്ളങ്ങളും മീൻ പിടിക്കുന്നത്. ഇതു മത്സ്യസമ്പത്ത് ഇല്ലാതാക്കുന്നു. സാധാരണ മീൻ ഏറെ കിട്ടേണ്ട കാലമാണിത്. എന്നാൽ, ഏറെ സുലഭമായ മത്തി പോലും കിട്ടുന്നില്ല.
പല വള്ളങ്ങളും കടലിൽ പോയി മീൻ കിട്ടാതെ മടങ്ങുകയാണ്. 3 പേർ പോവുന്ന വള്ളത്തിനു പോലും ഇന്ധനം ഉൾപ്പെടെ ദിവസം രണ്ടായിരം രൂപയിലധികം ചെലവു വരും. 40 പേർ പോകുന്ന വലിയ വള്ളങ്ങളും മീൻ കിട്ടാതെ വരുമ്പോൾ ആയിരങ്ങളാണു നഷ്ടം. ഇന്ധന സബ്സിഡി ഇല്ല. മണ്ണെണ്ണ മോട്ടർ ഘടിപ്പിച്ച വള്ളങ്ങൾ കരിഞ്ചന്തയിൽ വൻ വില കൊടുത്തു വാങ്ങിയാണു കടലിൽ പോവുന്നത്.
ഹാർബർ കേന്ദ്രീകരിച്ച് 6 ഐസ് പ്ലാന്റുകളുണ്ട്. ഇവർക്കും പണി കുറവാണ്. മത്സ്യം കൊണ്ടു പോകുന്ന ഓട്ടോറിക്ഷകൾ, കോരൽ തൊഴിലാളികൾ, ചുമട്ടുകാർ, ലോഡിങ് തൊഴിലാളികൾ, മത്സ്യ ചില്ലറ വിൽപനക്കാർ എന്നിവരും ജോലിയില്ലാത്ത അവസ്ഥയിലായി.
വേനൽ മഴ ശക്തമായി തൊട്ടു പിറകേ ചെമ്മീൻ ചാകര വരേണ്ട കാലമാണ്. എന്നാൽ പേരിനു മാത്രം കിട്ടുന്ന മീൻ കൊണ്ടു പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നു മത്സ്യ തൊഴിലാളി കോൺഗ്രസ് അഴിയൂർ ബ്ലോക്ക് പ്രസിഡന്റ് കെ.കെ.ഷെറിൻ കുമാർ പറഞ്ഞു. ബോട്ടുകാർക്ക് ഞണ്ട് പോലുള്ള മീൻ കിട്ടുന്നുണ്ട്. ബാക്കിയുള്ളവരുടെ കാര്യം പരുങ്ങലിലാണ്.
ഡീസൽ വില വർധനയും സബ്സിഡി മണ്ണെണ്ണ കിട്ടാത്ത പ്രശ്നവും മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധിയുണ്ടാക്കുകയാണെന്നു മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.അശോകൻ പറഞ്ഞു. നിലവിൽ മത്സ്യ ലഭ്യത കുറയുന്ന സാഹചര്യത്തിൽ മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണം.