ADVERTISEMENT

പേരാമ്പ്ര ∙ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 30 കേസുകളുള്ള മോഷ്ടാവ് കൂമൻ ഇസ്മായിൽ പിടിയിൽ. പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ കെ.പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ തൃശൂർ ഡാൻസാഫ് സ്ക്വാഡിന്റെ സഹായത്തോടെ തൃശൂരിൽ നിന്നാണു പ്രതിയെ പിടികൂടിയത്. കണ്ണൂർ ഇരിക്കൂർ ദാറുൽ ഫലാഹ് വീട്ടിൽ ഇസ്മായിൽ (കൂമൻ ഇസ്മായിൽ – 26) കഴിഞ്ഞ ഒന്നിനു പേരാമ്പ്ര പൊലീസ് പരിധിയിലെ വെള്ളിയൂർ ടൗണിലെ 3 വീടുകളിൽ കവർച്ച നടത്തുകയും ഏഴോളം വീടുകളിൽ മോഷണത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു. വെള്ളിയൂർ ടൗണിനു സമീപത്ത് ഷാജിയുടെ വീട്ടിൽ നിന്ന് അര പവന്റെ കമ്മൽ മോഷ്ടിക്കുകയും അധ്യാപകന്റെ വീട്ടിൽ കയറി അമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട ശേഷം അലമാരയിൽ നിന്ന് 25,000 രൂപയും മൂന്നര പവനും അപഹരിക്കുകയും ചെയ്തു. സമീപത്തെ വീട്ടിൽ നിന്ന് ഒരു പവനും കവർന്നു.

പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇസ്മായിൽ ആണെന്ന് തിരിച്ചറിഞ്ഞത്. മുൻപു കാപ്പ നിയമപ്രകാരം അറസ്റ്റിലായ ഇസ്മായിൽ കഴിഞ്ഞ മാർച്ചിൽ തൃശൂർ ഹൈടെക് ജയിലിൽ നിന്നു പുറത്തിറങ്ങി വിവിധ സ്ഥലങ്ങളിൽ കവർച്ച നടത്തുകയായിരുന്നു. ഇസ്മായിലിനെതിരെ കോഴിക്കോട് തൃശൂർ, കൊല്ലം, പത്തനാപുരം, കായംകുളം, കുന്നംകുളം ഉൾപ്പെടെ ഒട്ടേറെ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈയിടെ പേരാമ്പ്ര അനു കൊലക്കേസ് അന്വേഷിച്ച അതേ സംഘമാണ് ഈ കേസിലും പ്രതിയെ കണ്ടെത്തി പിടികൂടിയത്. 

പ്രിൻസിപ്പൽ എസ്ഐ പി.വിനോദ്, എസ്ഐമാരായ പി.ഫിറോസ്, എം.വിനീത് കുമാർ, കെ.പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വിനീഷ്, എൻ.എം.ഷാഫി, ഇ.കെ.മുനീർ, കെ.സിഞ്ചു ദാസ്, പി.ജയേഷ്, കെ.രാജേഷ്, കെ.റിയാസ്, പി.സുജില തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com