ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി റോഡുകൾ വെട്ടിപ്പൊളിച്ചു; ഓമശ്ശേരിയിൽ യാത്രാ ദുരിതം
Mail This Article
ഓമശ്ശേരി∙ ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാത്തതിനാൽ ഓമശ്ശേരിയിൽ യാത്രാ ദുരിതം. ഗ്രാമീണ പാതകളിലെഋല്ലാം കുഴിയെടുത്തതോടെ കാൽനടയാത്ര പോലും ദുഷ്കരമാണ്. വേനൽ മഴ കൂടി എത്തിയതോടെ ഈ റോഡുകളെല്ലം ചെളിക്കുളങ്ങളായി. അൻപത് കിലോ മീറ്ററോളം ദൂരം റോഡുകൾ കീറിയിട്ടിട്ടുണ്ടെങ്കിലും 17 കിലോമീറ്റർ ദൂരം മാത്രമാണ് നിലവിൽ പൂർവസ്ഥിതിയിലാക്കിയത്. 13.5 കിലോമീറ്റർ കോൺക്രീറ്റ് റോഡിൽ 10 കിലോമീറ്ററുമാണ് പൂർവസ്ഥിതിയിലാക്കിയത്. സർക്കാരിൽ നിന്നു സമയ ബന്ധിതമായി പണം ലഭിക്കാത്തതിനാലാണ് പ്രവൃത്തി പൂർത്തീകരിക്കാൻ വൈകുന്നതെന്നു കരാർ കമ്പനി ജീവനക്കാർ പറഞ്ഞു.
പദ്ധതിയുടെ നോഡൽ ഏജൻസി ജല അതോറിറ്റിയാണ്. ചാലിയാറിൽ നിന്നെടുക്കുന്ന ജലം കൂളിമാട് സ്ഥാപിക്കുന്ന പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ചാണ് ഓമശ്ശേരിയിലെത്തുക. ഓമശ്ശേരി പഞ്ചായത്തിൽ 10,000 കണക്ഷനുകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ പതിനെട്ടാം വാർഡിലുള്ള വെളിമണ്ണ ഏലിയാമ്പറ മലയിലാണ് പദ്ധതിയുടെ സംഭരണി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ലാ കലക്ടറെ കണ്ട് കഴിഞ്ഞ ദിവസം നിവേദനം സമർപ്പിച്ചിരുന്നു. ഇന്ന് രാവിലെ 10ന് ഓമശ്ശേരിയിൽ ഭരണ സമിതി അംഗങ്ങൾ പ്രതിഷേധ സത്യഗ്രഹ സമരം നടത്തും.