ആനക്കുഴിക്കര തീപിടിത്തം: കാരണം ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം; 40 ലക്ഷത്തിന്റെ നഷ്ടം
Mail This Article
പെരുവയൽ∙ കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപിടിത്തം നിയന്ത്രണ വിധേയമായെങ്കിലും പൂർണമായി തീ അണയ്ക്കാൻ കഴിഞ്ഞില്ല. വൈകിട്ടും 4 യൂണിറ്റ് അഗ്നിരക്ഷാ സേന യൂണിറ്റ് അംഗങ്ങൾ പ്രദേശത്ത് ക്യാംപ് ചെയ്തു തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു കരുതുന്നു. കല്ലായി സ്വദേശി മുഹമ്മദ് ആദിലിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് കുപ്പികളും മറ്റും ഇവിടെ എത്തിച്ച് വേർതിരിച്ചു പുനഃചംക്രമണ യൂണിറ്റുകളിലേക്ക് അയയ്ക്കുന്നതിനുള്ള യന്ത്ര സംവിധാനങ്ങളും ഇവിടെയുണ്ട്.
ഏകദേശം 40 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി ഉടമ മുഹമ്മദ് ആദിൽ പറഞ്ഞു. 30 സെന്റ് സ്ഥലത്തായി ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുമാണ് കൂട്ടിയിട്ടിരുന്നത്. തിങ്കളാഴ്ച രാത്രി 11 ന് ആണ് ഗോഡൗണിൽ തീപിടിത്തമുണ്ടായത്. മുക്കം, വെള്ളിമാടുകുന്ന്, ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാ സേന എത്തിയാണ് ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാസ്റ്റിക് കത്തിയ വിഷപ്പുക പ്രദേശമാകെ പരന്നു. ഇതു പരിസരവാസികൾക്കും ശാരീരിക അസ്വസ്ഥതയും ശ്വാസംമുട്ടലും ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.
ലൈസൻസ് ഇല്ലെന്ന് പ്രസിഡന്റ്
കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ കത്തിനശിച്ച പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിനു ലൈസൻസ് ഇല്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി പറഞ്ഞു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിനു സ്ഥാപന ഉടമയ്ക്കെതിരെ നിയമ നടപടിയുണ്ടാകും. 15ന് അകം സ്ഥാപനം പൂർണമായി പൊളിച്ചു നീക്കുന്നതിനു നിർദേശം നൽകി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി അനധികൃതമായി പ്രവർത്തിക്കുന്ന 8 പ്ലാസ്റ്റിക് മാലിന്യ സംഭരണ യൂണിറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ഉടനെ പൊളിച്ചു നീക്കുന്നതിനു നോട്ടിസ് നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.