ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കലുങ്കുകൾ അടച്ചു; മഴയിൽ വീടുകളിൽ വെള്ളം കയറി
Mail This Article
കോഴിക്കോട്∙ ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കലുങ്കുകൾ അടച്ചതോടെ ആദ്യമഴയിൽ തന്നെ ചേവരമ്പലം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ദേശീയപാത 6 വരിയാക്കുന്നതിന്റെ ഭാഗമായി തൊണ്ടയാട്–മലാപ്പറമ്പ് ഭാഗത്തുള്ള റോഡിന്റെ ഇരുഭാഗത്തും നിർമിക്കുന്ന അഴുക്കുചാലിന്റെ വീതിയും ആഴവും താഴ്ചയുള്ള ഈ പ്രദേശത്തു വന്നുചേരുന്ന വെള്ളം ഉൾക്കൊള്ളുന്ന തരത്തിലായിരിക്കണമെന്ന് നേരത്തെ തന്നെ നാട്ടുകാർ കോർപറേഷൻ അധികൃതരോട് ആവശ്യപ്പെട്ടതാണ്.ചേവരമ്പലം, ഹരിതനഗർ, നേതാജി നഗർ പ്രദേശത്ത് മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് 2022ൽ തന്നെ ചേവരമ്പലം, ഹരിതനഗർ, നേതാജി നഗർ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോ–ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ദേശീയപാത 6 വരിയാക്കുന്നതിനോടൊപ്പം തൊണ്ടയാട്–മലാപ്പറമ്പ് ഭാഗത്തു റോഡിന്റെ ഇരുഭാഗത്തും നിർമാണം പൂർത്തിയായിവരുന്ന അഴുക്കുചാൽ മറ്റു പ്രദേശങ്ങളിൽനിന്നു വരുന്ന വെള്ളം ഒഴുക്കിവിടാവുന്ന തരത്തിലുമല്ല. ഇതോടൊപ്പം നേരത്തെ വെള്ളം ഒഴുകിയിരുന്ന കലുങ്കുകൾ അടച്ചതുമാണ് ഇന്നലെ പരിസരത്തെ വീടുകളിലേക്ക് വെള്ളം കയറാനിടയാക്കിയത്. ഇരിങ്ങാടൻപള്ളി, ചേവരമ്പലം, കുടിൽത്തോട്, വള്ളിശേരി ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകാതെ കെട്ടിക്കിടന്നതോടെയാണ് വീടുകളിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ പുലർച്ചെ നാലരയോടെ ഉയർന്ന വെള്ളം രാവിലെ 9ന് ആണ് താഴ്ന്നത്. കെട്ടിക്കിടക്കുന്ന വെള്ളം ദേശീയപാതയിലെ കലുങ്കുകൾ വഴി പടിഞ്ഞാറു ഭാഗത്ത് ചെമ്പ്ര പാലത്തിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനമുണ്ടായാൽ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരമാകൂ.