കെ സ്മാർട്ട് പോർട്ടൽ പ്രവർത്തനം മുടങ്ങുന്നു; സേവനം സ്മാർട്ടായില്ല
Mail This Article
കോഴിക്കോട്∙ കോഴിക്കോട് കോർപറേഷനിൽ കെ സ്മാർട്ട് അത്ര സ്മാർട്ട് ആയില്ല. കഴിഞ്ഞ ദിവസവും കെ സ്മാർട്ട് പ്രവർത്തനം പണിമുടക്കിയതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിലായി.ജനന–മരണ–വിവാഹ റജിസ്ട്രേഷൻ, വ്യാപാരികൾക്കും വ്യവസായങ്ങൾക്കും ലൈസൻസ്, വസ്തു നികുതി അടയ്ക്കൽ, ഫിനാൻസ് മൊഡ്യൂൾ, കെട്ടിട പെർമിറ്റ്, പരാതി പരിഹാരം എന്നീ സേവനങ്ങളാണ് കെ–സ്മാർട്ട് വഴി നൽകി വരുന്നത്. ജില്ലയിലെ ചിലയിടങ്ങളിൽ കെ സ്മാർട്ട് പോർട്ടൽ കഴിഞ്ഞ ദിവസവും സേവനം മുടക്കി. അക്ഷയ കേന്ദ്രങ്ങളിൽ ഒട്ടേറെ പേരാണ് സേവനത്തിനായി എത്തി മടങ്ങിയത്.
ചില ദിവസങ്ങളിൽ സൈറ്റിന്റെ പ്രവർത്തനം മന്ദഗതിയിലാണ്. അപേക്ഷകൾ പൂർത്തിയാക്കാൻ സാധിക്കാതെ വീണ്ടും ചെയ്യേണ്ട അവസ്ഥയാണെന്ന് അക്ഷയ ജീവനക്കാർ പറയുന്നു. 2024 ജനുവരിയിൽ ആരംഭിച്ച കെ സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടൽ വഴിയുമായിരുന്നു സേവനം. ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ സോഫ്റ്റ്‌വെയറാണ് കെ സ്മാർട്ടിനായി ഉപയോഗിക്കുന്നത്.
പരിശീലനം ഇല്ല
തദ്ദേശ സ്ഥാപനങ്ങൾ കെ സ്മാർട്ടിലേക്ക് മാറിയിട്ടും ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകാത്തതും പ്രവർത്തനത്തെ ബാധിച്ചു എന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. പരിശീലനങ്ങൾ ലഭിക്കാത്ത ഉദ്യോഗസ്ഥർ ഇത് കൈകാര്യം ചെയ്യുന്നതിനാൽ സേവനങ്ങൾക്കും കാലതാമസം വരുന്നുണ്ട്.
സാങ്കേതിക പ്രശ്നങ്ങൾ ഇങ്ങനെ
കെ സ്മാർട്ടിന്റെ മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും വഴി 3 മാസത്തിനകം പൂർണമായി സേവനം നൽകാനാകുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ പല സേവനങ്ങൾക്കും കാലതാമസം നേരിടുന്നു.
ഒട്ടേറെ അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്.
കെട്ടിട പെർമിറ്റ് അപേക്ഷകളും കാലതാമസം നേരിടുന്നതായി അപേക്ഷകർ പറയുന്നു. അപേക്ഷയ്ക്കൊപ്പം നൽകുന്ന വിവരങ്ങളോ അളവോ അല്ല പെർമിറ്റിൽ ലഭിക്കുന്നത്. ഇത് പല അപേക്ഷകർക്കും പെർമിറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുണ്ടാക്കി. കെ സ്മാർട്ട് വരുന്നതിനു മുൻപ് ഇതിലും വേഗം പെർമിറ്റ് ലഭിക്കുമായിരുന്നു. പഴയ അപേക്ഷകൾ പരിഗണിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് പരിമിതിയുണ്ട്.
പഴയ റെക്കോർഡുകൾ സൈറ്റിൽ ലഭ്യമല്ലാത്തതിനാൽ ഇത് സാധിക്കുന്നില്ല. നികുതി അടയ്ക്കുന്നതിലും ഇത് തിരിച്ചടിയായിട്ടുണ്ട്. കെ സ്മാർട്ടിലേക്ക് മാറുന്നതിനാൽ നികുതി അടക്കാൻ ഓഫിസിൽ എത്തിയവരോട് ഈ സേവനം ഉപയോഗപ്പെടുത്താനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. മുൻപ് അടച്ച നികുതിയുടെ വിവരങ്ങൾ ലഭിക്കാത്തതിനാൽ പലർക്കും കെ സ്മാർട്ടിലൂടെ നികുതി അടയ്ക്കാൻ സാധിച്ചിട്ടില്ല.
സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് അധികൃതർ
കെ സ്മാർട്ട് പൂർണമായിട്ടില്ലെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഉദ്യോഗസ്ഥ വിശദീകരണം. ദിവസവും സൈറ്റിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സാങ്കേതിക പ്രശ്നങ്ങളില്ല. കൂടുതൽ പുതിയ റജിസ്ട്രേഷൻ വരുന്നതിനാലാണ് സൈറ്റ് മന്ദഗതിയിലാകുന്നത്. 300 ചതുരശ്ര മീറ്ററിനുള്ളിലുള്ള നിർമാണങ്ങൾക്ക് പെർമിറ്റ് ഓട്ടമാറ്റിക്കായി സൈറ്റിൽ ലഭിക്കും. അതിനു മുകളിലുള്ളതിനു മാത്രമാണ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മ പരിശോധന വേണ്ടി വരുന്നത്. കെ സ്മാർട്ട് സർട്ടിഫിക്കറ്റുകളും സേവനങ്ങളും വേഗത്തിലാക്കി എന്നാണ് ഏകോപനച്ചുമതലയുള്ള ഉദ്യോഗസ്ഥന്റെ വിശദീകരണം.