ADVERTISEMENT

കടലുണ്ടി ∙ പട്ടാപ്പകൽ വീട് കുത്തിത്തുറന്നു കവർച്ച നടത്തുന്ന സംഘത്തിലെ 2 പേർ ഫറോക്ക് പൊലീസിന്റെ പിടിയിൽ. ചെറുവണ്ണൂർ കൊളത്തറ മണക്കോട്ട് ജിത്തു(29), ചേളന്നൂർ കുമാരസ്വാമി കിഴക്കേ ഞാറക്കാട്ട് പുറായിൽ രാജീവൻ(39) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച 3 പവൻ കണ്ടെടുത്തു. ഈയിടെയായി കടലുണ്ടിയിൽ തുടർച്ചയായി നടന്ന മോഷണങ്ങൾക്കു തടയിടാൻ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ സാജു കെ.ഏബ്രഹാമിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക ആക്‌ഷൻ സ്ക്വാഡ് നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.  കഴിഞ്ഞ 11ന് രാവിലെ ചാലിയം കുന്നത്ത് കാവിനു സമീപം കുന്നുമ്മൽ നമ്പാല ശിവദാസന്റെ അടച്ചിട്ട വീട്ടിൽ നിന്ന് ഒന്നര പവനും 15,500 രൂപയും മോഷ്ടിച്ച കേസിൽ ജിത്തുവിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. 

ചോദ്യം ചെയ്യലിൽ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് വടക്കോടിത്തറ കോമ്പാളി വാസുവിന്റെ വീട്ടിൽ നിന്നു അഞ്ചേമുക്കാൽ പവനും 15,000 രൂപയും മോഷ്ടിച്ചെന്നു പ്രതി സമ്മതിച്ചു. ഇൻസ്പെക്ടർ ആർ.സജീവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എസ്.അനൂപ്, ആർ.എസ്.വിനയൻ എന്നിവർ നടത്തിയ അന്വേഷണത്തിൽ ജിത്തു മോഷ്ടിക്കുന്ന ആഭരണങ്ങൾ രാജീവനാണ് വിൽപന നടത്തുന്നതെന്നു തിരിച്ചറിഞ്ഞു. തുടർന്നു രാജീവനെ കക്കോടിയിൽ നിന്നാണു പിടികൂടിയത്.  നേരത്തേ വിവിധ കേസുകളിൽ അറസ്റ്റിലായ ഇരുവരും ജയിലിൽ വച്ചാണ് പരിചയപ്പെട്ടത്.

ഇവർ നൽകിയ മൊഴിപ്രകാരം നഗരത്തിലെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിൽ വടക്കോടിത്തറ കോമ്പാളി വാസുവിന്റെ വീട്ടിൽ നിന്നു കവർന്ന 3 പവൻ കണ്ടെടുത്തു. ബാക്കി സ്വർണം കണ്ടെത്തുന്നതിനു പൊലീസിന്റെ നടപടികൾ പുരോഗമിക്കുകയാണ്. ജിത്തുവിനെതിരെ തേഞ്ഞിപ്പലം, പരപ്പനങ്ങാടി, നല്ലളം, കുന്നമംഗലം സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു. സ്പെഷൽ ബ്രാഞ്ച് എസ്ഐ പി.സി.സുജിത്ത്, എഎസ്ഐ മൂസക്കോയ കിളിയനാട്, സീനിയർ സിപിഒമാരായ കെ.സുധീഷ്, പി.ദിപിൻ, സിപിഒമാരായ കെ.പി.അഷറഫ്, വി.സനൂപ്, പി.എം.സനീഷ്, എം.ശന്തനു, എസ്.ദിവ്യേഷ്, കെ.സുഗേഷ്, എം.യശ്വന്ത് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com