ഗുണ്ടകളെ തേടി പൊലീസ്
Mail This Article
കോഴിക്കോട്∙ സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം വ്യാപകമായതോടെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളും ഗുണ്ടാ ലിസ്റ്റും പൊലീസ് പരിശോധിക്കുന്നു. കോഴിക്കോട് സിറ്റി പൊലീസ് പരിധിയിലെ കുറ്റവാളികളുടെ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കാൻ തുടങ്ങി. 30 വർഷത്തെ ലിസ്റ്റ് പരിശോധിച്ച് അതിൽ ഉൾപ്പെട്ട ഗുണ്ടകളുടെ വീടുകളിലും താമസ കേന്ദ്രങ്ങളിലും പരിശോധന നടത്തി. പഴയകാല ഗുണ്ടകളെ അന്വേഷിച്ച് ചെന്നപ്പോൾ പലരും പ്രായാധിക്യവും അസുഖവുമെല്ലാമായി വിശ്രമത്തിലാണെന്നു കണ്ടെത്തി. മറ്റു ചിലരെ പഴയ വിലാസത്തിൽ കണ്ടെത്താനുമായില്ല.
സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിൽ 3 സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർമാരുടെ കീഴിൽ ക്രമസമാധാന ചുമതലയുള്ള 19 പൊലീസ് സ്റ്റേഷനുകളുണ്ട്. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി 202 പേർ ഗുണ്ടാ ലിസ്റ്റിൽ ഉണ്ടെന്നാണ് വിവരം. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ അധികവും നടക്കാവ്, കസബ, വെള്ളയിൽ എലത്തൂർ, നല്ലളം, ഫറോക്ക്, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. നേരത്തെയുള്ള ഉത്തരവ് പ്രകാരം കൊലപാതക കേസിൽ ഉൾപ്പെട്ടവർ, 3 വർഷം ശിക്ഷ അനുഭവിച്ച കേസിൽ ഉൾപ്പെട്ടവർ, 3 കേസിലെങ്കിലും ഉൾപ്പെട്ടവർ എന്നിവരെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തും.
എന്നാൽ നല്ല നടപ്പു പരിഗണിച്ച് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് സ്റ്റേഷനിൽ നിന്നു ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയാലും പിന്നീട് ഒഴിവാക്കപ്പെടുന്നില്ലെന്നു രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.ചെറിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടാലും രാഷ്ട്രീയ കേസ് ഉണ്ടായാലും നിലവിലെ നിയമം അനുസരിച്ച് ഇത്തരം പ്രതികൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പ്, പൊതു അക്രമം, എന്നീ സന്ദർഭങ്ങളിൽ ലിസ്റ്റിൽ ഉൾപ്പെട്ടവരെ തേടി പൊലീസ് വീടുകളിൽ എത്താറുമുണ്ട്.
രഹസ്യാന്വേഷണ വിഭാഗം യോഗം ചേർന്നു
സ്ഥിരം കുറ്റവാളികൾ വീണ്ടും സജീവമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ നേതൃത്വത്തിൽ ഓൺലൈനിൽ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. സിറ്റി പരിധിയിൽ നിന്നു 19 ഉദ്യോഗസ്ഥരും 3 ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒരാഴ്ചയ്ക്കകം സിറ്റി പൊലീസ് കമ്മിഷണറുടെ പരിധിയിലുള്ള എല്ലാ സ്റ്റേഷനുകളിലും അക്രമ കേസുകളിൽ ഉൾപ്പെട്ടവരുടെ പട്ടിക തയാറാക്കാനാണ് നിർദേശം. കൂടാതെ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണവും ചർച്ച ചെയ്തു.