ആകെ നീളം 500 മീറ്റർ; അതിൽ കാർ പോർച്ച്, ബസ് സ്റ്റാൻഡ്, ആംബുലൻസ് സ്റ്റാൻഡ്, പൂന്തോട്ടം..
Mail This Article
വടകര∙ ലിങ്ക് റോഡിന്റെ ആകെ ദൂരം 500 മീറ്റർ. കിഴക്ക് ഭാഗത്ത് റോഡിന്റെ തുടക്കം ആംബുലൻസ് സ്റ്റാൻഡ്. പടിഞ്ഞാറ് റോഡിന്റെ ഒടുക്കം ബസ് സ്റ്റാൻഡ്. ഇടയിൽ വരുന്ന ഭാഗത്ത് ഒരു വരിയിൽ മറ്റു വാഹനങ്ങളുടെ നിരയും. നഗരഗതാഗതം സുഗമമാക്കാൻ 30 വർഷം മുൻപ് രൂപകൽപന ചെയ്ത റോഡിന്റെ അവസ്ഥ ഇതാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പണിത റോഡ് ഇപ്പോൾ രൂക്ഷമായ കുരുക്കിലാണ്.വളഞ്ഞു പുളഞ്ഞു നിർമിച്ച റോഡിൽ ഇരുഭാഗത്തേക്കും ഗതാഗതം പറ്റില്ലെന്ന് മോട്ടർ വാഹന വകുപ്പും പൊലീസും നിർദേശിച്ചിരുന്നു. ഒരു ദിശയിൽ മാത്രം വാഹനം പോകുന്ന റോഡിൽ പിന്നീട് ഏർപ്പെടുത്തിയ പരിഷ്കാരമാണ് ഗതാഗതക്കുരുക്കിലേക്ക് എത്തിച്ചത്.
മെയിൻ റോഡുമായി ചേരുന്ന ഭാഗത്ത് പയ്യോളി, കൊയിലാണ്ടി, പേരാമ്പ്ര, കൊളാവിപ്പാലം എന്നിവിടങ്ങളിലേക്കുള്ള ബസുകൾക്ക് ‘സ്റ്റാൻഡ്’ ഒരുക്കിയ നഗരസഭയുടെ പരിഷ്കാരത്തിനെതിരെ ജനരോഷം ഉയർന്നിട്ടും 5 വർഷമായി ബസുകൾ ഇവിടെത്തന്നെയാണ്. ഇത് മെയിൻ റോഡിലും ലിങ്ക് റോഡിലും പതിവായി ഗതാഗതക്കുരുക്കുണ്ടാക്കുന്നു. ഈ ബസുകൾ ഇവിടേക്ക് മാറ്റിയതോടെ പഴയ ബസ് സ്റ്റാൻഡിലെ തിരക്കൊഴിഞ്ഞ അവസ്ഥയാണ്.ഇതിനു ശേഷമാണ് ആംബുലൻസുകളെ ലിങ്ക് റോഡിന്റെ കിഴക്കേ അറ്റത്തേക്കു മാറ്റിയ പരിഷ്കാരം. നഗരത്തിൽ മൊത്തം 23 ആംബുലൻസുകളുണ്ട്. ഇതിൽ 5 എണ്ണം ഒഴികെ ബാക്കിയെല്ലാം നിർത്തുന്നത് ലിങ്ക് റോഡ് ദേശീയപാതയുമായി ചേരുന്ന ഭാഗത്താണ്.
നേരത്തേ കൃഷ്ണകൃപ പരിസരത്തായിരുന്നപ്പോൾ ശുചിമുറി സൗകര്യം ഉൾപ്പെടെയുണ്ടായിരുന്നു ആംബുലൻസ് സ്റ്റാൻഡിൽ. ദേശീയപാതയുടെ പണി തുടങ്ങിയതോടെ ജെടി റോഡിലേക്കു മാറ്റി. എന്നാൽ പാർക്കിങ് പ്രശ്നം മൂലം ഗതാഗത തടസ്സം പറഞ്ഞ് ലിങ്ക് റോഡിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവർമാർ വിശ്രമിക്കുന്നത് നടപ്പാതയിലാണ്.