ADVERTISEMENT

തിരൂർ/താനൂർ ∙ പെരുന്നാളിന്റെയും വിഷുവിന്റെയും ആഘോഷങ്ങൾ കഴിഞ്ഞു. ഇനി തിരഞ്ഞെടുപ്പിന്റെ ആവേശക്കാലമാണ്. വേനൽച്ചൂടു പോലെത്തന്നെ തിരഞ്ഞെടുപ്പ് ചൂടും കൂടി വരുന്നു. പൊന്നാനിയിലെ സ്ഥാനാർഥികളും പര്യടനത്തിന്റെ രീതി മാറ്റിയിട്ടുണ്ട്. ഇനി മണ്ഡലത്തിൽ ജനക്കൂട്ടത്തെ ഇളക്കിമറിക്കാൻ കഴിയുന്ന നേതാക്കളെത്തും. 

യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിക്കുവേണ്ടി ഇന്ന് താനൂരിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വോട്ടു തേടും.  രാത്രി 7ന് ബീച്ച് റോഡിലാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം. മുന്നണിയുടെ ജില്ലാ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.18ന് തൃത്താലയിലും ആലത്തിയൂരിലും താനൂരിലും എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയ്ക്കു വേണ്ടി വോട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെത്തും. ഇന്നലെ കുന്നംകുളത്ത് പ്രധാനമന്ത്രി പങ്കെടുത്ത റാലിയിൽ എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും പങ്കെടുത്തിരുന്നു.  

അടുത്ത ദിവസങ്ങളിലായി മുന്നണികളുടെ കൂടുതൽ ദേശീയ, സംസ്ഥാന നേതാക്കൾ പൊതുയോഗങ്ങളിൽ പങ്കെടുക്കും. ചൂടിനെ മറന്ന് തുറന്ന വാഹനങ്ങളിലാണ് ഇനിയുള്ള ദിവസങ്ങളിൽ സ്ഥാനാർഥികൾ വോട്ട് തേടിയെത്തുക.ഇന്നലെ താനൂർ നഗരസഭയിലായിരുന്നു സമദാനിയുടെ പര്യടനം. തുടർന്ന് കോഴിക്കോട്ട് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിൽ സമദാനിയും പങ്കെടുത്തു. തിരൂർ, കോട്ടയ്ക്കൽ മണ്ഡലങ്ങളിലായിരുന്നു കെ.എസ്.ഹംസയുടെ പര്യടനം. നിവേദിത ഇന്നലെ കുന്നംകുളത്ത് ആയിരുന്നതിനാൽ മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്തില്ല.

സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന മുനിസിപ്പൽതല വനിതാലീഗ് സംഗമം സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു.  നഗരസഭ വൈസ് ചെയർപഴ്സൻ സി.കെ.സുബൈദ ആധ്യക്ഷ്യം വഹിച്ചു.എസ്ടിയു സംസ്ഥാന പ്രസിഡന്റ് റഹ്‌മത്തുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സൽമത്ത്, ടി.വി.കുഞ്ഞൻബാവ ഹാജി, സി.മുഹമ്മദ് അഷ്റഫ്, വി.പി.ശശികുമാർ, കെ.സലാം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com