ADVERTISEMENT

തേഞ്ഞിപ്പലം ∙ കർണാടക നഞ്ചൻഗുഡ് ടോൾ പ്ലാസയ്ക്കു സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച കെ.പി.ഷബീബിനും ഇ.കെ.ഫാഹിദിനും സ്വദേശമായ പെരുവള്ളൂർ കാടപ്പടിയിൽ ജനാവലിയുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൈസൂരുവിൽനിന്ന് രാത്രി 8ന് എത്തിച്ച മൃതദേഹങ്ങൾ കാടപ്പടിയിലെ ഓഡിറ്റോറിയത്തിൽ മുക്കാൽ മണിക്കൂറോളം പൊതുദർശനത്തിനു വച്ചപ്പോൾ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. അവിടെനിന്ന് വീടുകളിലേക്കു കൊണ്ടുപോയി. തുടർന്ന് രാത്രി രണ്ടുപേരുടെയും കബറടക്കം കാടപ്പടി മുടക്കയിൽ  മസ്‌ജിദിൽ നടത്തി.

പെരുവള്ളൂർ കാടപ്പടിയിൽ നിന്ന് മൈസുരുവിലേക്ക് കാറിൽ വിനോദ യാത്ര പോയ സംഘം അപകടത്തിന് ഏതാനും മണിക്കൂർ മുൻപ് പകർത്തിയ ചിത്രം.
പെരുവള്ളൂർ കാടപ്പടിയിൽ നിന്ന് മൈസുരുവിലേക്ക് കാറിൽ വിനോദ യാത്ര പോയ സംഘം അപകടത്തിന് ഏതാനും മണിക്കൂർ മുൻപ് പകർത്തിയ ചിത്രം.

ഫാഹിദിന്റെ മരണത്തിന്റെ നടുക്കം മാറും മുൻപ്  രണ്ടാമത്തെ മരണവും
തേഞ്ഞിപ്പലം ∙ മൈസൂരു കാറപകടത്തിൽ 2 യുവാക്കൾ മരിച്ചതിന്റെ നടുക്കം മാറാതെ പെരുവള്ളൂർ കാടപ്പടി നിവാസികൾ. 2 ചെറുപ്പക്കാരുടെ അകാലവിയോഗം വിശ്വസിക്കാനാകാതെ നിൽക്കുകയാണ് ഉറ്റവരും സുഹൃത്തുക്കളും. കാടപ്പടി സ്വദേശികളും ഉറ്റ സുഹൃത്തുക്കളുമായ ഇ.കെ.ഫാഹിദ് (20) ഞായറാഴ്ച വൈകിട്ട് 5.30ന് അപകട സ്ഥലത്തും കെ.പി.ഷബീബ് (20) ഇന്നലെ പുലർച്ചെ 3ന് മൈസൂരുവിൽ ആശുപത്രിയിലുമാണ് മരിച്ചത്.  ഫാഹിദ് മരിച്ചതറിഞ്ഞപ്പോൾ‍ തന്നെ സങ്കടത്തിലായിരുന്നു നാട്ടുകാർ.

മൈസുരുവിൽ കാടപ്പടി സ്വദേശി ഇ.കെ. ഫാഹിദിന്റെ മരണത്തിനിടയാക്കിയ കാറപകടം
മൈസുരുവിൽ കാടപ്പടി സ്വദേശി ഇ.കെ. ഫാഹിദിന്റെ മരണത്തിനിടയാക്കിയ കാറപകടം

പരുക്കേറ്റ് ആശുപത്രിയിലുള്ള ഷബീബ് അപകടനില തരണം ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പുലർച്ചയോടെ ഷബീബിന്റെ മരണവാർത്തയുമെത്തി. ശനിയാഴ്ച പുലർച്ചെയാണ് 11 പേരടങ്ങുന്ന സംഘം മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. ഫാഹിദിനും ഷബീബിനും പുറമേ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന മറ്റൊരു യുവാവിനെ ഇന്നലെ ഡിസ്‌ചാർജ് ചെയ്തു. തുടർന്ന് 9 പേരെയും ഉച്ചയ്ക്ക് കാറിൽ നാട്ടിലേക്ക് അയച്ചു. ഇവർ പുറപ്പെട്ട് 2 മണിക്കൂർ കഴിഞ്ഞാണ് ഷബീബിന്റെയും ഫാഹിദിന്റെയും മൃതദേഹം വഹിച്ചുള്ള വാഹനം നാട്ടിലേക്ക് പുറപ്പെട്ടത്. 

നാടിനു നഷ്ടമായത് അധ്വാനശീലരായ രണ്ടു ചെറുപ്പക്കാരെ
തേഞ്ഞിപ്പലം ∙ പെരുവള്ളൂർ കാടപ്പടിയിൽ നിന്നുള്ള വിനോദയാത്രാ സംഘം ആദ്യം വയനാട് സന്ദർശിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് യാത്ര മൈസൂരുവിലേക്ക് മാറ്റുകയായിരുന്നു. ഈ യാത്ര അവർക്ക് തീരാവേദനയുടേതായി. മൈസൂരു സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ നഞ്ചൻഗുഡ് ടോൾ പ്ലാസയ്ക്കു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് 2 പേർ മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് ഇരുവരുടെയും മരണത്തിനു കാരണമായത്. ഷബീബിന് മൈസൂരു ആശുപത്രിയിൽ മേജർ ശസ്ത്രക്രിയ നടത്താൻ ആലോചന ഉണ്ടായിരുന്നു. ഉറ്റവരിൽനിന്ന് ഇതിനുള്ള സമ്മതപത്രവും വാങ്ങിച്ചിരുന്നു.

എന്നാൽ മണിക്കൂറുകൾക്കകം ഷബീബ് മരിച്ചു. സംഘത്തിലുണ്ടായിരുന്ന 11 പേരും ഏതാണ്ട് സമപ്രായക്കാരാണ്. ചിലർ വിദ്യാർഥികൾ. മറ്റു ചിലർ  പഠനം പൂർത്തിയാക്കിയവർ. എല്ലാവരും അധ്വാന ശീലരായിരുന്നു. മീൻ വിറ്റും ഹോട്ടൽ ജോലി ചെയ്തും മിഠായി ലോഡുകൾ കയറ്റിയും വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ട് വരുമാനം കണ്ടെത്തിയവർ. പലരും കുടുംബത്തിന്റെ താങ്ങായവർ. മരിച്ച ഷബീബ് മാസങ്ങളായി പുകയൂർ കുന്നത്ത് അങ്ങാടിയിൽ മത്സ്യവിൽപന തൊഴിലാളി ആയിരുന്നു. അതിനുമുൻപ് കാടപ്പടി അങ്ങാടിയി‍ൽ പിതാവ് കെ.പി.കോയയെ മത്സ്യവിൽപനയ്ക്ക് സഹായിക്കുകയായിരുന്നു.

പെരുവള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് 3 വർഷം മുൻപ് എസ്എസ്എൽസി കഴിഞ്ഞിറങ്ങിയ ഷബീബ് പിന്നീട് ജോലിക്കിറങ്ങി കുടുംബത്തിന് താങ്ങാകുകയായിരുന്നു. ഷബീബിന് മാതാപിതാക്കളും 2 സഹോദരിമാരുമാണുള്ളത്.  മരിച്ച ഫാഹിദ് വേങ്ങര മലബാർ കോളജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. കോളജ് അടച്ചതോടെ കാടപ്പിടിയിൽ ഹോട്ടലിൽ ജോലിക്ക് നിൽക്കുകയായിരുന്നു. പെരുന്നാൾ സമയത്ത് ആസൂത്രണം ചെയ്ത വിനോദയാത്രയാണ് ഒടുവിൽ കണ്ണീരിൽ കലാശിച്ചത്.  2 പേരുടെ മൃതദേഹങ്ങളും എളുപ്പം പോസ്റ്റ്മോർട്ടം ചെയ്തുകിട്ടാനും പൊലീസ് നടപടികൾ വേഗത്തിലാക്കാനും മൈസൂരു കെഎംസിസി പ്രവർത്തകർ സജീവമായിരുന്നു. ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി. അബ്ദുൽ ഹമീദ് എംഎൽഎ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും വേണ്ട ഇടപെടലുകൾ നടത്തിയിരുന്നു.

നഞ്ചൻഗുഡ് അപകടം; മരണം രണ്ടായി
തേഞ്ഞിപ്പലം ∙ കർണാടകയിലെ നഞ്ചൻഗുഡ് ടോൺ പ്ലാസയ്ക്ക് സമീപമുണ്ടായ കാറപകടത്തിൽ മരണം രണ്ടായി.  പെരുവള്ളൂർ കാടപ്പടിയിലെ കെ.പി. കോയയുടെയും ആയിഷ ബീവിയുടെയും മകൻ ഷബീബ് (20) ആണ് ഇന്നലെ പുലർച്ചെ 3ന് മൈസൂരുവിലെ ആശുപത്രിയിൽ മരിച്ചത്. കാടപ്പടിയിലെ അബ്ദുൽ ഗഫൂറിന്റെയും ഹാരിഫയുടെയും മകൻ ഇ.കെ. ഫാഹിദ് (20) ഞായറാഴ്ച വൈകിട്ട് 5.30ന് അപകട സ്ഥലത്ത് മരിച്ചിരുന്നു.

മൈസൂരുവിലേക്ക് വിനോദ യാത്ര പോയ 12 അംഗ സംഘം നാട്ടിലേക്ക് മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. മൃതദേഹങ്ങൾ പോസ്റ്റുമോ‍ർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ച് കബറടക്കി. ഷബീബ് മത്സ്യ വി‍ൽപന തൊഴിലാളിയാണ്. സഹോദരിമാർ‌: ഹബീബ, മുബീന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com