ADVERTISEMENT

മഞ്ചേരി ∙ നഗരത്തിൽ ‍കലാശക്കൊട്ട് നിലവിട്ടതോടെ പൊലീസിന്റെ നിയന്ത്രണം കാറ്റിൽ പറന്നു. സെൻട്രൽ ജംക്‌ഷനിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ നേർക്കുനേർ ഒരു മണിക്കൂർ മുദ്രാവാക്യം മുഴക്കി നഗരത്തെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി. 

പ്രവർത്തകർ തമ്മിലുണ്ടായ ഉന്തും തള്ളും പൊലീസ് ശാന്തമാക്കി.സെൻട്രൽ ജംക്‌ഷനിൽ നിന്നു 100 മീറ്റർ മാറി കോഴിക്കോട് റോഡ് യുഡിഎഫിനും പാണ്ടിക്കാട് റോഡ് എൽഡിഎഫിനും നിലമ്പൂർ റോഡ് ബിജെപിക്കും കലാശക്കൊട്ട് നടത്താനായിരുന്നു അനുമതി.

പ്രവർത്തകരുടെ ആവേശക്കുതിപ്പിൽ ഇത് നടപ്പാക്കാനായില്ല. പാണ്ടിക്കാട് റോഡിൽ നിന്ന് എൽഡിഎഫ് പ്രവർത്തകർ പൊലീസിനെ മറികടന്ന് സെൻട്രൽ ജംക്‌ഷനിലേക്ക് വന്നതോടെ കോഴിക്കോട് റോഡിൽ നിന്ന് യുഡിഎഫ് പ്രവർത്തകരും പൊലീസിനെ മറികടന്ന് നേർക്കുനേർ വന്നു. നൂറുകണക്കിനു പ്രവർത്തകർ ഇരുഭാഗത്തു നിന്നുമായി നഗരമധ്യത്തിലേക്ക് ഇരച്ചെത്തി. 

മധ്യത്തിൽ പൊലീസ് നിരയായി നിലയുറപ്പിച്ചതോടെ ഇരുഭാഗത്തു നിന്നുമായി കലാശക്കൊട്ട്.കാതടപ്പിക്കുന്ന ബാൻഡ് വാദ്യങ്ങളും അനൗൺസ്മെന്റ് വാഹനങ്ങളും ഹരം പകർന്നു. കൊടി വീശിയും നൃത്തച്ചുവടു വച്ചും പ്രവർത്തകർ ആവേശം കൊണ്ടു. ഗതാഗതം പൂർണമായി സ്തംഭിച്ചു.

 ആംബുലൻസ് സർവീസുകൾ മാത്രമാണ് കടത്തി വിട്ടത്. വ്യാപാര സ്ഥാപനങ്ങൾക്കു മുൻപിലും ബഹുനില കെട്ടിടങ്ങൾക്കും മുകളിലും കാണികൾ നിലയുറപ്പിച്ചു. ഇതിനിടെ പലതവണ പൊലീസുമായും ഇരുവിഭാഗം പ്രവർത്തകർ തമ്മിലും ഉന്തും തളളുമുണ്ടായി. കൊടികൾ പിടിച്ചു വാങ്ങിയതും പോർവിളിയും സംഘർഷാവസ്ഥയിലേക്ക് നയിച്ചു. സന്ദർഭോചിതമായി ഇടപെട്ട് രംഗം ശാന്തമാക്കാൻ പൊലീസ് വിയർത്തു.

നിയന്ത്രണം തെറ്റിച്ചത് എംഎൽഎ എന്ന് എൽഡിഎഫ്
കലാശക്കൊട്ടിനിടെ യു.എ.ലത്തീഫ് എംഎൽഎ അനൗൺസ്മെന്റ് വാഹനവുമായി പൊലീസിന്റെ പരിധി ലംഘിച്ച് സെൻട്രൽ ജംക്‌ഷനിലേക്ക് എത്തിയതാണ് നിയന്ത്രണം പാളാൻ കാരണമെന്ന് എൽഡിഎഫ് ആരോപിച്ചു. ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാനം എംഎൽഎ തന്നെ, ലംഘിച്ചെന്നും ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com