ADVERTISEMENT

മുംബൈ ∙ വിരാർ– അലിബാഗ് മൾട്ടിമോഡൽ ഇടനാഴിയുടെ ആദ്യഘട്ടത്തിന്റെ നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കും. പാൽഘർ–താനെ–റായ്ഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന അതിവേഗപാതയുടെ നിർമാണത്തിനായി 55,564 കോടി രൂപയാണ് ചെലവിനത്തിൽ കണക്കാക്കിയിട്ടുള്ളത്. നിർമാണത്തിനുള്ള ടെൻഡറിൽ 14 പ്രമുഖ കമ്പനികൾ അപേക്ഷകളുമായി രംഗത്തുണ്ടെന്ന് പദ്ധതിച്ചുമതലയുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷൻ (എംഎസ്ആർഡിസി) അധികൃതർ പറഞ്ഞു.

126 കിലോമീറ്റർ പാത രണ്ടുഘട്ടമായാണ് നിർമിക്കുന്നത്. മുംബൈയിലെ ജനത്തിരക്കും റിയൽ എസ്റ്റേറ്റ് നിരക്കും ദിനംപ്രതി വർധിക്കുന്നതിനാൽ ഭാവി ആവശ്യങ്ങൾ മുന്നിൽക്കണ്ട് പുതിയ മേഖലകൾ വികസിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് നിലവിൽ ആവിഷ്കരിക്കുന്നത്. അവയിൽ ഏറെ പ്രാധാന്യമുള്ള പദ്ധതിയാണ് വിരാർ–അലിബാഗ് മൾട്ടിമോഡൽ ഇടനാഴി. 

  പാൽഘർ ജില്ലയിലെ നവഘറിനും റായ്ഗഡ് ജില്ലയിലെ ബാലാവലിക്കും ഇടയിലുള്ള 96 കിലോമീറ്റർ ഭാഗത്തെ പതിനാലുവരി പാത നിർമാണത്തിനാണ് ഇപ്പോൾ ടെൻഡർ വിളിച്ചിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വിരാർ– അലിബാഗ് യാത്രാസമയം പകുതിയായി കുറയും.

കല്യാൺ വസായ്, ഭിവണ്ടി, അംബർനാഥ്, പൻവേൽ, തലോജ, ഉറൺ തുടങ്ങി പ്രദേശങ്ങളിലൂടെയാണ് അതിവേഗപാത കടന്നുപോകുന്നത്. ഈ പ്രദേശങ്ങളുടെയെല്ലാം അടിസ്ഥാനസൗകര്യ വികസനത്തിൽ നിർണായകമാകുന്ന പാതയാണിത്. അതിനൊപ്പം മുംബൈ നഗരത്തിന്റെ ഉപഗ്രഹനഗരങ്ങളായി അവ മാറുകയും ചെയ്യും. പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചയിലുൾപ്പെടെ വിരാർ–അലിബാഗ് മൾട്ടിമോഡൽ ഇടനാഴി സ്വാധീനം ചെലുത്തുമെന്നും അധികൃതർ  പറയുന്നു. 

നവിമുംബൈ വിമാനത്താവളത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും പാതയിൽ നിന്ന് പ്രവേശനമുണ്ടാകും. ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയിടങ്ങളിലേക്കുള്ള പ്രധാന ദേശീയപാതകളിലേക്കും ഇടനാഴിയിൽ നിന്ന് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. ഇടനാഴി പൂർത്തിയാകുന്നതോടെ പ്രധാന ഹൈവേകളിലെ ഗതാഗതക്കുരുക്കും കുറയും.

പാതയൊരുക്കും 2030നകം
അതിവേഗപ്പാത പൂർത്തിയാകുന്നതോടെ വിരാർ, വസായ്, കല്യാൺ, ഷീൽ, പൻവേൽ എന്നിവിടങ്ങളിലെല്ലാം പുതിയ ടൗൺഷിപ്പുകൾ ഉയരും. 2030ന് മുൻപായി പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് എംഎസ്ആർഡിസി ലക്ഷ്യമിടുന്നത്.   ഭൂമിയേറ്റെടക്കാൻ മാത്രമായി 22,500 കോടി രൂപയാണ് എംഎസ്ആർഡിസിക്ക് അനുവദിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com