ADVERTISEMENT

മുംബൈ ∙ താൽക്കാലികമായി ചൂടിന് കുറവുണ്ടായെങ്കിലും വരുംദിവസങ്ങളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. 27, 29 തീയതികളിൽ മുംബൈയിലും താനെ, റായ്ഗഡ്, പാൽഘർ ജില്ലകളിലുമാണ് ഉഷ്ണതരംഗത്തിനു സാധ്യത പ്രവചിച്ചിരിക്കുന്നത്. 37 ഡിഗ്രിക്ക് മുകളിൽ താപനില ഉയരുമെന്നും കൂടുതൽ ജാഗ്രത വേണമെന്നും അധികൃതർ നിർദേശിച്ചു. കൂടുതൽ നേരം ചൂടേൽക്കുന്നത് ഒഴിവാക്കണമെന്നും ഭക്ഷണശീലങ്ങളിൽ ഉൾപ്പെടെ മാറ്റം വരുത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 

ഈ മാസം 15, 16 തീയതികളിൽ താപനില വലിയ തോതിൽ ഉയർന്നിരുന്നു. മുംബൈയുടെയും താനെയുടെയും ചില ഭാഗങ്ങളിൽ 41 ഡിഗ്രി വരെയായിരുന്നു താപനില. ചൂടു കൂടിയതോടെ ചില സ്കൂളുകൾ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. നവിമുംൈബയിലെ പ്രധാന സ്വകാര്യ സ്കൂളുകളിലൊന്ന് പ്രൈമറി വിഭാഗത്തിന്റെ സമയം രാവിലെ 9 മുതൽ 2 വരെയായിരുന്നത് രാവിലെ 7.30ന് ആരംഭിച്ച് 11ന് അവസാനിക്കുന്ന വിധത്തിലേക്കു മാറ്റി. സെക്കൻഡറി വിഭാഗത്തിന് രാവിലെ 7.30 മുതൽ 2 വരെയായിരുന്ന ക്ലാസ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലേക്കു പുനഃക്രമീകരിച്ചു. 

മുന്നൊരുക്കം
താപനില ക്രമാതീതമായി ഉയർന്നതോടെ പ്രധാന സർക്കാർ ആശുപത്രികളിൽ കോൾഡ് റൂമുകൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന്, ബിഎംസിയുടെ  ആശുപത്രികളിലും പൻവേൽ മുനിസിപ്പൽ കോർപറേഷന്റെ ആരോഗ്യകേന്ദ്രങ്ങളിലും കോൾഡ് റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.  സൂര്യാഘാതമേറ്റ് ആളുകളെത്തിയാൽ മികച്ച പരിചരണം ഉറപ്പാക്കാൻ വേണ്ടിയാണ് അവ ക്രമീകരിച്ചിരിക്കുന്നത്.

ശ്രദ്ധിക്കാം
∙ ഏറെ സമയം നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.
∙ സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ ഡോക്ടറെ സന്ദർശിക്കുക.

പ്രതിരോധമാർഗങ്ങൾ 
∙ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക.
∙ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
∙ തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക.
∙ കൂടുതൽ വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കുടിക്കുക.
∙ വെള്ളം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങൾ, പച്ചക്കറി, സാലഡ് എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.

ജലക്ഷാമ ഭീഷണി
താപനില ഉയരുന്നതിനൊപ്പം കടുത്ത ശുദ്ധജലക്ഷാമത്തിനും സാധ്യതയുണ്ട്. മുംബൈയിലേക്ക് ജലമെത്തിക്കുന്ന അണക്കെട്ടുകളിൽ ശേഷിക്കുന്നത് 21% വെള്ളം മാത്രമാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 28% വെള്ളമുണ്ടായിരുന്നു. ഇക്കുറി സംസ്ഥാനത്തെ പല ജില്ലകളും വരൾച്ചാബാധിത പ്രദേശങ്ങളായി മാറിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com