ADVERTISEMENT

മുംബൈ∙ തീരദേശ റോഡിനെയും വർളി–ബാന്ദ്ര കടൽപാലത്തെയും ബന്ധിപ്പിക്കുന്ന ഉരുക്ക് പാലം ഇന്നലെ ഘടിപ്പിച്ചു. ഇതോടെ തീരദേശ റോഡിന്റെ വലതുഭാഗം കടൽപാലവുമായി കൂട്ടിമുട്ടി. വർളി–ബാന്ദ്ര കടൽപാലവുമായി ബന്ധിപ്പിച്ചെങ്കിലും ഇരുമ്പ് പാലം ഗതാഗതയോഗ്യമാകാൻ ഇനിയും കാത്തിരിക്കണം. മസ്ഗാവ് ഡോക്‌യാർഡിൽ നിർമിച്ച 25000 ടൺ ഭാരമുള്ള പാലം 136 മീറ്റർ നീളമുള്ളതാണ്. 21 മീറ്ററാണ് വീതി. 

രാജ്യത്ത് ആദ്യമെന്ന്  ബിഎംസി
ആർച്ച് ടൈപ്പിലുള്ളതാണ് ഇരുമ്പുപാലം. രാജ്യത്താദ്യമായാണ് കടലിൽ ഇത്തരത്തിൽ ഒരു ഗർഡർ സ്ഥാപിക്കുന്നതെന്നാണ് ബിഎംസിയുടെ അവകാശവാദം. ഉപ്പുവെള്ളവും ഈർപ്പവും മൂലമുള്ള പ്രശ്നങ്ങൾ പ്രതിരോധിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ഇരുമ്പ് പാലത്തിന്റെ നിർമാണം. ഹിന്ദുസ്ഥാൻ കൺസ്ട്രക്​ഷൻ കമ്പനിയും ഹ്യുണ്ടായ് ഡവലപ്മെന്റ് കോർപറേഷനും സംയുക്തമായി നിർമിച്ച ഇരുമ്പുപാലം കടൽ മാർഗമാണ് വർളിയിലെത്തിച്ചത്. 

അതിവേഗം, തീരദേശ പാത 
വിവിധ ഘട്ടങ്ങളായി നിർമിക്കുന്ന തീരദേശ പാതയുടെ ഒരു ഭാഗം നേരത്തെ തുറന്നിരുന്നു. മറൈൻലൈൻസ് മുതൽ വർളി സീലിങ്ക് വരെയുള്ള 10.58 കിലോമീറ്റർ ഭാഗമാണ് തുറന്നത്. ഇവിടെ നിന്ന് വർളി–ബാന്ദ്ര സീലിങ്കിലേക്ക് പ്രവേശിക്കാനാണ് ഇപ്പോൾ ഇരുമ്പ് പാലം സ്ഥാപിക്കുന്നത്. ഇതോടെ ബാന്ദ്രയിൽ നിന്ന് മറൈൻ ഡ്രൈവ് വരെയുള്ള 16 കിലോമീറ്റർ ഭാഗത്ത് അതിവേഗം സഞ്ചരിക്കാൻ കഴിയും. 

മറൈൻ ലൈൻസിലെ പ്രിൻസസ് സ്ട്രീറ്റ് ഫ്ലൈ ഓവറിനു സമീപത്തു നിന്ന് ആരംഭിക്കുന്ന തീരദേശ പാത വർളിയിൽ അബ്ദുൽ ഗഫൂർ ഖാൻ റോഡിലെ ബിന്ദു മാധവ് ചൗക്കിലാണ് നിലവിൽ അവസാനിക്കുന്നത്. 

  വർളിയിൽ നിന്ന് മറൈൻ ലൈൻസിലേക്കുള്ള ദിശയിലെ പാത മാത്രമാണ് തുറന്നുകൊടുത്തിരിക്കുന്നത്. മറൈൻ ലൈൻസിൽ നിന്ന് വർളിയിലേക്കുള്ള ദിശയിലെ പാത പിന്നീടായിരിക്കും തുറക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com